ബംഗാളില്‍ എല്ലാം മാറി; ഗവര്‍ണര്‍ക്കെതിരെ ബിജെപി... നിയമസഭയിലും പുറത്തും പ്രതിഷേധം
ബംഗാളില്‍ പതിവിന് വിരുദ്ധമായി ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയാണ് ബിജെപി

കൊല്‍ക്കത്ത: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഭരണത്തില്‍ ഇടപെടുന്നു എന്നാണ് അടുത്ത കാലത്തായി ഉയരുന്ന പരാതി. കേരളം, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെല്ലാം ഈ പരാതിയുണ്ട്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് കോടതി കയറിയ സാഹചര്യവുമുണ്ടായി. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമീപകാലം വരെ തര്‍ക്കം നിലനിന്നിരുന്നു.
ജഗദീപ് ധങ്കര്‍ ഗവര്‍ണറായിരുന്ന കാലത്തായിരുന്നു തര്‍ക്കം ഏറെയും. അദ്ദേഹം ഉപരാഷ്ട്രപതിയായ ശേഷം ബംഗാളിന്റെ പുതിയ ഗവര്‍ണര്‍ സിവി ആനന്ദബോസ് ആണ്. മലയാളിയായ ഇദ്ദേഹം ഗവര്‍ണറായി വന്നതോടെ ബംഗാളിലെ ചിത്രം മൊത്തം മാറി. ബിജെപി നേതൃത്വം ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം തുടങ്ങി. ഇന്ന് ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തുന്ന വേളയില്‍ ബിജെപി അംഗങ്ങള്‍ ബഹളം വച്ചു. മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. ഗവര്‍ണര്‍ പ്രസംഗം തുടര്‍ന്നു.
പ്രസംഗത്തില്‍ മമത സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഗവര്‍ണര്‍ എടുത്തു പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ സഹായങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു എന്നും പരാമര്‍ശമുണ്ട്. സര്‍ക്കാര്‍ എഴുതികൊടുത്ത നയപ്രഖ്യാപന പ്രസംഗത്തില്‍ ഒരു ഇടപെടലും ഗവര്‍ണര്‍ നടത്തിയില്ല എന്ന് ചുരുക്കം. ഇതാണ് ബിജെപിയുടെ പ്രതിഷേധത്തിന് കാരണം.
പ്രസംഗത്തിന് ശേഷം മടങ്ങവെ ഗവര്‍ണറുടെ കാറിന് അടുത്തും ബിജെപി അംഗങ്ങളുടെ പ്രതിഷേധം തുടര്‍ന്നു. അതേസമയം, പതിവിന് വിരുദ്ധമായി ഗവര്‍ണറെ പിന്തുണച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചത്. പ്രസംഗത്തിനിടെ അവര്‍ മേശപ്പുറത്ത് അടിച്ച് ഗവര്‍ണര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഗവര്‍ണര്‍ പരസ്യമായി പുകഴ്ത്തി പറഞ്ഞതും ബിജെപിക്ക് പിടിച്ചിട്ടില്ല. ബംഗാളില്‍ ഗവര്‍ണറും തൃണമൂലും കൈകോര്‍ക്കുന്ന കാഴ്ചയാണിപ്പോള്‍. എന്നാല്‍ ബിജെപി കടുത്ത പ്രതിഷേധത്തിന് തുടക്കമിടുകയും ചെയ്യുന്നു. ബിജെപി അംഗമായ ഗവര്‍ണര്‍ക്കെതിരെ ബിജെപി നേതാക്കള്‍ തന്നെ പ്രതിഷേധിക്കുന്നതാണ് ബംഗാളിലെ കാഴ്ച.












Click it and Unblock the Notifications