ഗോത്രഗാനത്തിന് ചുവടുവെച്ച് മമത ബാനര്‍ജി; ആഘോഷമായി ദുര്‍ഗാ പൂജാ കാര്‍ണിവല്‍, വീഡിയോ
കൊല്‍ക്കത്ത: ദുര്‍ഗ പൂജാ കാര്‍ണിവലിനിടെ നൃത്തം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ന് ഉച്ചതിരിഞ്ഞ് കൊല്‍ക്കത്തയിലെ ഏറ്റവും മികച്ച 95 ദുര്‍ഗാ പൂജകള്‍ അവതരിപ്പിച്ച കാര്‍ണിവലില്‍ ആയിരുന്നു മമത ബാനര്‍ജി ഗോത്രവര്‍ഗ നര്‍ത്തകരുടെ കൂടെ ചേര്‍ന്ന് ചുവട് വെച്ചത്.

ഗോത്രഗാനത്തിന് അനുസൃതമായി ഒരു കൂട്ടം നര്‍ത്തകര്‍ നൃത്തം ചെയ്യുന്നതിനിടെയാണ് മമത ബാനര്‍ജിയും അവര്‍ക്കൊപ്പം ചേര്‍ന്നത്. പ്രശസ്ത ബംഗാളി സീരിയലുകളിലെ താരങ്ങള്‍ക്കൊപ്പം നടനും തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എയുമായ ജൂണ്‍ മാലിയയും നൃത്തം ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
2016 മുതല്‍ എല്ലാ വര്‍ഷവും കൊല്‍ക്കത്ത റെഡ് റോഡില്‍ നടക്കുന്ന പരേഡ് കാണാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, യുനെസ്‌കോ പ്രതിനിധികള്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവര്‍ എത്താറുണ്ട്. ഇവര്‍ക്ക് മുന്നില്‍ മികച്ച കരകൗശല വിദ്യകളും കലാകാരന്‍മാര്‍ പ്രദര്‍ശിപ്പിക്കുന്നു. അതേസമയം കൊവിഡിന്റെ രണ്ട് വര്‍ഷം കാര്‍ണിവല്‍ മാറ്റിവെച്ചിരുന്നു.
കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങള്‍ക്ക് യുനെസ്‌കോ അദൃശ്യ പൈതൃക പദവി നല്‍കിയിട്ടുണ്ട്. അതിനോട് അനുബന്ധിച്ച് ഈ വര്‍ഷം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാര്‍ണിവലുകള്‍ സംഘടിപ്പിച്ചു. എന്നാല്‍ ദുര്‍ഗ്ഗാ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെ എട്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ജല്‍പായ്ഗുരി ജില്ലയില്‍ കാര്‍ണിവല്‍ ഇല്ലായിരുന്നു.
ശ്രീഭൂമി സ്പോര്‍ട്ടിംഗ് ക്ലബ്, ഹതിബാഗന്‍ സര്‍ബോജോണിന്‍, നബിന്‍ പള്ളി, കാശി ബോസ് ലെയ്ന്‍, താക്കൂര്‍പുക്കൂര്‍ എസ് ബി പാര്‍ക്ക്, ചെത്ല അഗ്രാനി, ഭവാനിപോര്‍ 75 പള്ളി എന്നിവ കാര്‍ണിവലിന്റെ ഭാഗമായ പൂജാ കമ്മിറ്റികളില്‍ ചിലതാണ്.


Click it and Unblock the Notifications