സഹായം വേണം; മമതാ ബാനര്‍ജി സീതാറാം യെച്ചൂരിയെ ഫോണ്‍ ചെയ്തു
പ്രണബ് കുമാര്‍ മുഖര്‍ജി തന്റെ പരാതി ശ്രദ്ധിച്ചു കേട്ടെന്ന് മമത പിന്നീട് പറഞ്ഞു.
ദില്ലി: രാജ്യത്ത് 500, 1,000 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുമായി മമത സംസാരിച്ചു. കൂടാതെ യോജിച്ച് പ്രതിഷേധിക്കാനായി മമത സിപിഎമ്മിന്റെ പിന്തുണനേടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഫോണ്‍ ചെയ്യുകയും ചെയ്തു.
പ്രണബ് കുമാര്‍ മുഖര്‍ജി തന്റെ പരാതി ശ്രദ്ധിച്ചു കേട്ടെന്ന് മമത പിന്നീട് പറഞ്ഞു. ജനങ്ങള്‍ നേരിടുന്ന ദുരിതത്തെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചു. ഇതുസംബന്ധിച്ച് നവംബര്‍ 16നോ 17നോ രാഷ്ട്രീയ പാര്‍ട്ടികളെ കാണാമെന്ന് രാഷ്ട്രപതി സമ്മതിച്ചിട്ടുണ്ട്. അന്നേ ദിവസം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും മമത അറിയിച്ചു.

കറന്‍സി പിന്‍മാറ്റത്തില്‍ പ്രതിഷേധിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സഹായവും മമത തേടി. ബംഗാളിലെ കടുത്ത എതിരാളികളാണെങ്കിലും ബിജെപിക്കെതിരായ നീക്കത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണ തേടുമെന്ന് മമത കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
യെച്ചൂരിയെ മമത ഫോണ്‍ ചെയ്തിരുന്നതായി സിപിഎം പിബി അംഗം മുഹമ്മദ് സലിം സ്ഥിരീകരിച്ചു. താന്‍ യാത്രയിലാണെന്നും പാര്‍ട്ടിയുമായി സംസാരിച്ചശേഷം ഇതുസംബന്ധിച്ച വിവരം അറിയിക്കാമെന്നുമാണ് മമതയ്ക്ക് യെച്ചൂരി നല്‍കിയ മറുപടിയെന്നും സലിം പറഞ്ഞു. സര്‍ക്കാരിന്റെ കറന്‍സി പിന്മാറ്റത്തെ സിപിഎം പൂര്‍ണമായും എതിര്‍ത്തിട്ടില്ലെങ്കിലും ജനങ്ങള്‍ക്കുണ്ടായ ദുരിതം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications