പ്രധാനമന്ത്രി മോദിയെ കണ്ട മമതാ ബാനര്‍ജി ചര്‍ച്ച ചെയ്ത കാര്യം ഇതാണ്; ബംഗാളിന്റെ പേര് മാറ്റണം
ദില്ലി: ബിജെപിയെ നിശിതമായി വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കളില്‍ ഒരാളാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രസര്‍ക്കാര്‍ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിനൊന്നും മമത എത്താറില്ല. പകരം പ്രതിനിധികളെ അയക്കും. എന്നാല്‍ ബുധനാഴ്ച മമതാ ബാനര്‍ജി നേരിട്ട് ദില്ലിയില്‍ വന്നു പ്രധാനമന്ത്രി മോദിയെ കണ്ടു.

ദില്ലിയിലേക്ക് പുറപ്പെടും മുമ്പ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് മോദിയുടെ ഭാര്യ യശോദബെന്നിനെ കണ്ട മമത അവര്‍ക്ക് സാരി സമ്മാനമായി നല്‍കിയ ശേഷമാണ് ദില്ലിയിലേക്ക് പുറപ്പെട്ടത്. മോദിയുമായുള്ള ചര്‍ച്ചയില്‍ പ്രധാനമായും ഉന്നയിച്ചത് പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്ന കാര്യമാണെന്ന് മമത പറയുന്നു.
ബാംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കണമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ബില്ല് പാസാക്കുകയും ചെയ്തു. പിന്നീടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നതും ചര്‍ച്ചകള്‍ വഴിമാറിയതും. ഇപ്പോള്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കമാണ് മമത നടത്തുന്നത്. ഇങ്ങനെ മാറ്റുന്നത് പ്രാദേശികമായി മമതയ്ക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കുമോ എന്ന കാര്യം അറിയാന്‍ കാത്തിരിക്കണം.
ഭരണപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മമത ദില്ലിയിലേക്ക് പോകുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. രാഷ്ട്രീയവും ഭരണകാര്യങ്ങളും രണ്ടാണെന്നും അവര്‍ പറഞ്ഞിരുന്നു. അസമിന് പിന്നാലെ ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മമത ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ഇക്കാര്യത്തിലുള്ള പ്രതിഷേധം മമത മോദിയുമായുള്ള ചര്‍ച്ചയില്‍ അറിയിക്കുമെന്നും തൃണമൂല്‍ നേതാക്കള്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications