ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം; ബൂത്ത് തകര്‍ത്തു, ടിഎംസി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വ്യാപകമായ അക്രമം പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂച്ച് ബീഹാറില്‍ അക്രമികള്‍ പോളിംഗ് ബൂത്ത് തല്ലിത്തകര്‍ത്തു. കൂച്ച് ബീഹാറിലെ സീതായിലുള്ള പ്രൈമറി സ്‌കൂല്‍ പോളിംഗ് ബൂത്താണ് അക്രമികള്‍ തകര്‍ത്തത്. ബാലറ്റ് പേപ്പറുകള്‍ ഇവര്‍ കത്തിച്ചു. അതേസമയം വിവിധ ബൂത്തുകള്‍ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ് ബോസ് സന്ദര്‍ശിക്കും.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം എല്ലാ കക്ഷികളുമായി സംസാരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നോര്‍ത്ത് 24 പര്‍ഗാനാസിലെ സിപിഎം സ്ഥാനാര്‍ത്ഥികളുമായും ഗവര്‍ണര്‍ സംസാരിച്ചു. ഗവര്‍ണറുടെ വാഹനം തടഞ്ഞായിരുന്നു ഇവര്‍ എത്തിയത്. തുടര്‍ന്ന് സിപിഎം നേതാക്കളുടെ പ്രശ്‌നങ്ങള്‍ ഗവര്‍ണര്‍ ചോദിച്ചറിയുകയായിരുന്നു.മൂന്ന് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമസംഭവങ്ങളുടെ പ്രഭവ കേന്ദ്രമാണ് മുര്‍ഷിദാബാദ്.

ഇന്ന് വോട്ടിംഗ് തുടങ്ങി ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ വ്യാപക അക്രമങ്ങളാണ് ഇവിടെയുണ്ടായത്. റാണിനഗറില്‍ സിപിഎം-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ പ്രവര്‍ത്തകനായ യാസീന്‍ ഷെയ്ക്ക് എന്നയാളും കൊല്ലപ്പെട്ടു. ഇയാളെ വെടിവെച്ചാണ് കൊലപ്പെടുത്തിയത്. ഖാര്‍ഗ്രാമിലും തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഇതും മുര്‍ഷിദാബാദിലാണ്. സതേഷുദ്ദീന്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫൂല്‍ചന്ദ് കഴിഞ്ഞ ദിവസം ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ കുടുംബത്തെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു.അതേസമയം ബംഗാളിലെ അക്രമങ്ങളില്‍ വെള്ളിയാഴ്ച്ച നാല് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികള്‍ ആക്രമിക്കപ്പെട്ടുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് ആരംഭിക്കും മുമ്പാണ്.
മുര്‍ഷിദാബാദില്‍ തൃണമൂല്‍ പ്രവര്‍ത്തകനായ ബാബര്‍ അലിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറുയന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്ക് ഇയാള്‍ മരിച്ചിരുന്നു. പെട്രോള്‍ ബോംബ് ആക്രമണത്തിലാണ് മറ്റൊരു തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. സിപിഎം നേതാവ് ഹഫീസുര്‍ റഹ്‌മാന് വെടിയേറ്റിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചതായി നാദിയ ജില്ലയില്‍ നിന്നുള്ള ടിഎംസി പ്രവര്‍ത്തകനും ആരോപിച്ചു.
ബോളാണെന്ന് കരുതി ബോംബ് എടുത്ത രണ്ട് കുട്ടികള്‍ക്ക് സൗത്ത് 24 പര്‍ഗാനാസില്‍ പരിക്കേറ്റു. നാലും, ആറും വയസ്സുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ബോംബാണ് തിരിച്ചറിയാതെയാണ് ഇവ എടുത്തത്. അതേസമയം കൂച്ച് ബീഹാറിലെ ബിജെപി സ്ഥാനാര്‍ത്ഥി മായാ ബര്‍മന്‍ തൃണമൂലിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തി. പോളിംഗ് ഏജന്റായ മാധവ് വിശ്വാസിനെ ടിഎംസി അക്രമികള്‍ കൊലപ്പെടുത്തിയതായി ഇവര്‍ ആരോപിച്ചു.
ടിഎംസി ഗുണ്ടകള്‍ മാധവിന് നേരെ ബോംബെറിഞ്ഞുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ആശുപത്രിയിലെത്തിക്കും മുമ്പ് ഇയാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ബൂത്തിലെ വോട്ടിംഗ് റദ്ദാക്കിയിരിക്കുകയാണ്. നോര്‍ത്ത് 24 പര്‍ഗാനാസില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റും കൊല്ലപ്പെട്ടു. ഗ്രാമവാസികള്‍ ഒന്നാകെ പ്രതിഷേധവുമായി രംഗത്തിറങ്ങി. തൃണമൂല്‍ സ്ഥാനാര്‍ത്ഥി മുന്ന ബീബിക്കെതിരെയാണ് നാട്ടുകാര്‍ ആരോപണമുയര്‍ത്തിയിരിക്കുന്നത്.


Click it and Unblock the Notifications