മമത ബാനര്‍ജിക്ക് നേരെ ആക്രമണം; കൊള്ളക്കാരി എന്ന് വിളിച്ച് ജനക്കൂട്ടം, ചെളിയും ചെരിപ്പും എറിഞ്ഞു
പശ്ചിമ ബംഗാളില്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹാലിസഹാറില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മമത. പൊലീസ് കസ്റ്റഡിയില്‍ മരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. അതിനിടെയാണ് മമതയുടെ വാഹനത്തിന് നേരെ ചിലര്‍ ചെളിയും ചെരിപ്പും എറിഞ്ഞത്.
മമതയുടെ വാഹനം വളഞ്ഞ ജനക്കൂട്ടം കള്ളന്‍, കൊള്ളക്കാരി എന്നു വിളിച്ച് അധിക്ഷേപിച്ചു. ഇഷ്ടികയും ചെളിയും ചെരിപ്പും വാഹനത്തിന് നേരെ എറിഞ്ഞു. പൊലീസ് നോക്കിനില്‍ക്കെയാണ് ആക്രമണമുണ്ടായതെന്നു മമത പറഞ്ഞു. എന്നിട്ടും പൊലീസ് ഇടപെട്ടില്ലെന്നും അവര്‍ ആരോപിച്ചു. വാഹനത്തിന്റെ വിന്‍ഡോ ഗ്രാസ് അടച്ചതിനാല്‍ ഏറ് കൊണ്ടില്ല. ഇതിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും മമത ആരോപിച്ചു.

അതേസമയം, തൃണമൂല്‍ പ്രവര്‍ത്തകന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ബാരക്പൂര്‍ പൊലീസ് കമ്മിഷണര്‍ അമിത് കുമാര്‍ സിങ് അറിയിച്ചു. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോര്‍ട്ടം ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ നഗരസഭാ കൗണ്‍സിലര്‍ ജെന്നി ശര്‍മ കെയോട്ടിന്റെ ഭര്‍ത്താവ് ബ്രിജു കെയോട്ടിനെ വെള്ളിയാഴ്ചയാണ് ഹാലിസഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പണം തട്ടിയെടുത്തു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ശനിയാഴ്ച കസ്റ്റഡിയില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തു എന്ന് പോലീസ് പറയുന്നു.
കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റുവെന്നും ചെവില്‍ നിന്ന് രക്തം വന്നിരുന്നു എന്നും കുടുംബം ആരോപിച്ചു. ബാരക്പൂര്‍ കമ്മിഷണര്‍ അമിത് കുമാര്‍ സിങ്, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ രാജിവെക്കണമെന്ന് തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി ആവശ്യപ്പെട്ടു. എഫ്‌ഐആറില്‍ പേരില്ലാത്ത വ്യക്തിയെ എന്തിന് അറസ്റ്റ് ചെയ്തുവെന്ന് കല്യാണ്‍ ബാനര്‍ജി ചോദിക്കുന്നു.
മമതയ്‌ക്കെതിരായ ആക്രമണത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമിക് ഭട്ടാചാര്യ അപലപിച്ചു. ആക്രമണം ബിജെപിയുടെ സംസ്‌കാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പേരില്‍ ആക്രമണം നടത്തിയാല്‍ അത്തരക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും ഭട്ടാചാര്യ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരോ കൊടികളോ അവിടെ ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രതികരിച്ചു.





Click it and Unblock the Notifications