സിപിഎം സഖ്യത്തിന് രാഹുലിന്റെ പച്ചക്കൊടി; ബംഗാളില്‍ മമതയേയും ബിജെപിയേയും വീഴ്ത്തുമെന്ന് കോണ്‍ഗ്രസ്
ബംഗാള്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ തന്നെ പുറത്തു വരുന്നത്. ഭരണം നിലനിര്‍ത്താന്‍ മമത ബാനര്‍ജിയും പിടിച്ചെടുക്കാന്‍ ബിജെപിയും തുനിഞ്ഞിറങ്ങുമ്പോള്‍ നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് കോണ്‍ഗ്രസിന്റെയും ഇടതുപാര്ട്ടികളുടേും ശ്രമം. സഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസും സിപിഎമ്മും ഇത്തവണ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിതന്നെയാണ് ബംഗാള്‍ തിരഞ്ഞെടുപ്പ് സഖ്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ്
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാള്‍ കോണ്‍ഗ്രസ് ഘടകവുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വെര്‍ച്വല്‍ യോഗം നടത്തിയിരുന്നു. . 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായുള്ള പാർട്ടിയുടെ സഖ്യത്തിന്റെ വിവിധ വശങ്ങൾ യോഗത്തില്‍ വിശദമായി തന്നെ രാഹുലും നേതാക്കളും ചര്‍ച്ച ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രാഹുല്‍ ഗാന്ധി
ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി. ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് പങ്കിടൽ കരാറിനെക്കുറിച്ച് രാഹുല്‍ ഗാന്ധി അന്വേഷിച്ചതായി സംസ്ഥാന കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി. ഇടത് പാര്‍ട്ടികളുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാവരും പിന്തുണയ്ക്കുകുയം ചെയ്തു. എന്നാല്‍ സീറ്റ് വിതരണത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ക്ക് ഇതുവരെ അഭിപ്രായ ഐക്യത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല.

ഇടതുപക്ഷവും
ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിക്കുന്നതിലൂടെ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയേയും തകര്‍ക്കാന്‍ കഴിയുമെന്ന അഭിപ്രായവും യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവെച്ചു. അതേസമയം, ബീഹാറിലെ തെരഞ്ഞെടുപ്പ് അനുഭവത്തില്‍ നിന്നും ബംഗാളിലും ചില കാര്യങ്ങള്‍ പഠിക്കണമെന്ന അഭിപ്രായവും ചില നേതാക്കള്‍ പങ്കുവെച്ചു.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. അതേസമയം 27 സീറ്റില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ക്ക് 16 സീറ്റില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. മത്സരിക്കാന്‍ തെറ്റായ സീറ്റുകള്‍ തിരഞ്ഞെടുത്തതാണ് പരാജയത്തിന്റെ കാരണമെന്നതായിരുന്നു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

2016ലെ തെരഞ്ഞെടുപ്പില്‍
2016ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിച്ചത്. ഈ സീറ്റുകള്‍ കുറയാന്‍ പാടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിക്ക് ഉറച്ച സ്വാധീനവും വിജയ സാധ്യതയും ഉള്ള മണ്ഡലങ്ങള്‍ നോക്കി വേണം മത്സരിക്കേണ്ടതെന്ന നിര്‍ദേശവും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ മുന്നോട്ട് വെച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മത്സരിച്ചത് 294 അംഗ നിയമസഭയില്‍ സഖ്യത്തിന് 76 സീറ്റുകള്‍ നേടാന്‍ സാധിച്ചു. കോണ്‍ഗ്രസിന് 46 സീറ്റുകളും സിപിഎമ്മിന് 26 സീറ്റുകളുമായിരുന്നു സഖ്യത്തില്‍ ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സീറ്റൊന്നും ലഭിക്കാതെയായപ്പോള്‍ കോണ്‍ഗ്രസിന് 2 സീറ്റുകള്‍ ലഭിച്ചിരുന്നു.

സീതാറാം യെച്ചൂരി
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റുകള്‍ വീതം വെക്കുമെന്നും തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിനൊപ്പം തുടരുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് സഖ്യത്തിന് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലും അംഗീകാരം ലഭിക്കുന്നത്.

സിപിഐ എംഎല്
ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സിപിഎം ധാരണയ്ക്കെതിരെ സിപിഐ എംഎല് രംഗത്ത് എത്തിയിട്ടുണ്ട്. ബംഗാളിലെ സിപിഎം കോണ്‍ഗ്രസ് ധാരണ ഇടത് പക്ഷത്തിന് ഗുണം ചെയ്യില്ലെന്നാണ് സി പി ഐ- എം എല്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞത്. ബംഗാളില്‍ ബിജെപിയെ മുഖ്യശത്രുവായി കാണണം, തൃണമൂലിനെ മുഖ്യശത്രുവായി കാണുന്നത് ആത്മഹത്യാപരമാണെന്നും ദിപാങ്കര്‍ വ്യക്തമാക്കി.

ബിജെപി നേതാക്കള്‍
അതേസമയം, ബംഗാളില്‍ ഇത്തവണ തങ്ങള്‍ അധികാരം പിടിക്കുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ മുന്നേറ്റമാണ് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റില്‍ 18 സീറ്റില്‍ വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 2014 കേവലം രണ്ട് സീറ്റില്‍ മാത്രമായിരുന്നു ബിജെപിയുടെ വിജയം.