മോദിയൊക്കെ എന്ത്! മമതയാണ് ആണ്‍കുട്ടി!! ബംഗാളിലേക്ക് 2.35 ലക്ഷം കോടിയുടെ നിക്ഷേപം
പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം ഇത്രയും നിക്ഷേപം ആകര്‍ഷിച്ചതെന്ന് മമത പറഞ്ഞു.
കൊല്‍ക്കത്ത: വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉലകം ചുറ്റുന്നതിനിടെ ഇരുന്ന ഇരുപ്പില്‍ കോടികളുടെ നിക്ഷേപം ആകര്‍ഷിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടന്ന മൂന്നാം ഗ്ലോബല്‍ ബംഗാള്‍ ബിസിനസ് ഉച്ചകോടിയില്‍ സംസ്ഥാനത്തേക്ക് 2.35 ലക്ഷം കോടിയുടെ നിക്ഷേപ നിര്‍ദേശങ്ങളാണ് ലഭിച്ചത്. സമ്മേളനത്തിന്റെ അവസാന ദിനമായ ശനിയാഴ്ച മമത തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നിര്‍മാണ മേഖലയില്‍ 61765 കോടിയുടെ നിക്ഷേപത്തിന് ചൈന തയ്യാറായിട്ടുണ്ട്. കൂടാതെ നഗര വികസനം, ഗതാഗതം തുടങ്ങിയ മേഖലകളിലും വന്‍ നിക്ഷേപ നിര്‍ദേശങ്ങളാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം ഇത്രയും നിക്ഷേപം ആകര്‍ഷിച്ചതെന്ന് മമത പറഞ്ഞു.
നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് തിരിച്ചടിയായെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരവെയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള വാര്‍ത്ത. രാജ്യത്തിന്റെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച കഴിഞ്ഞാഴ്ച ധനകാര്യ സ്ഥാപനങ്ങള്‍ താഴ്ത്തിരുന്നു.
ലഭിക്കുന്ന നിക്ഷേപ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ സധിച്ചുകൊള്ളണമെന്നില്ല. കഴിഞ്ഞ രണ്ട് ബിസിനസ് സമ്മേളനത്തില്‍ നിന്ന് 4.93 ലക്ഷം കോടിയുടെ നിക്ഷേപ നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും നടപ്പായത് 40 ശതമാനം മാത്രമാണ്. നടപ്പാക്കുന്ന നിക്ഷേപ നിര്‍ദേശങ്ങള്‍ക്കാണ് തങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് മമത പറഞ്ഞു.
34 വര്‍ഷത്തെ ഇടതുഭരണത്തിന്റെ കെടുതിയില്‍ നിന്നു പശ്ചിമ ബംഗാള്‍ മോക്ഷം നേടുകയാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ കേള്‍ക്കുന്ന പോലെ 50 ലക്ഷം കോടിയുടെ നിക്ഷേപം തങ്ങള്‍ക്ക് ആവശ്യമില്ല. ഇപ്പോള്‍ ലഭിച്ചത് തങ്ങള്‍ക്ക് മതിയെന്നും മമത ഗുജറാത്തിനെ പരോക്ഷമായി പരിഹസിച്ച് പറഞ്ഞു.












Click it and Unblock the Notifications