10 ലക്ഷം രൂപ റെഡി!! മമതയുടെ വന്‍ പ്രഖ്യാപനം, എന്താണ് ബംഗാളിലെ സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ്?
കൊൽക്കത്ത: വിദ്യാഭ്യാസരംഗത്ത് നിർണ്ണായക മാറ്റത്തിന് ഉതകുന്ന പ്രഖ്യാപനവുമായി പശ്ചിമബംഗാൾ. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡുകളാണ് ബംഗാൾ സർക്കാർ പുറത്തിറക്കിയിട്ടുള്ളത്. ബുധനാഴ്ചയാണ് ബംഗാൾ സർക്കാർ സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിട്ടുള്ളത്.

പശ്ചിമബംഗാളിലെ യുവജനവിഭാഗങ്ങളെ സ്വയംപര്യാപ്തരാക്കുന്നതിനായി 10 ലക്ഷം വരെ നൽകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. വർഷം തോറും കുറഞ്ഞ പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ചയാണ് പശ്ചിമബംഗാൾ നിയമസഭ സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് സ്കീമിന് അനുമതി നൽകിയത്. തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത പദ്ധതിക്ക് പശ്ചിമ ബംഗാൾ മന്ത്രിസഭ കഴിഞ്ഞ ആഴ്ചയാണ് അംഗീകാരം നൽകിയത്.

മന്ത്രിസഭ അംഗീകാരം നൽകിയതായി മമതാ ബാനർജിയാണ് വ്യാഴാഴ്ച വ്യക്തമാക്കിയത്. പശ്ചിമബംഗാളിൽ പത്ത് വർഷം ചെലവഴിക്കുന്ന ആർക്കും സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡിന്റെ ആനുകൂല്യം ലഭ്യമാകും. ഇന്ത്യയിലോ വിദേശത്തോ ഉള്ള ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കും ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ കോഴ്സുകൾക്കും സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് ലഭിക്കും.
പത്താം ക്ലാസിലും അതിനുമുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കാർഡിന് അർഹതയുണ്ട്.

10 ലക്ഷം വരെയാണ് ക്രെഡിറ്റ് കാർഡ് സ്കീമിന് വായ്പാ പരിധി രൂപ ക്രെഡിറ്റ് പരിധി ഉണ്ടായിരിക്കും, അതിൽ 4 ശതമാനം മാത്രം പലിശനിരക്കാണുള്ളത്. കൂടാതെ എളുപ്പത്തിൽ തിരിച്ചടവ് ഓപ്ഷനുകളും ഉണ്ട്. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ ഉന്നത പഠനം നടത്താൻ മാതാപിതാക്കളെ ആശ്രയിക്കേണ്ടതില്ല. 40 വയസ്സ് വരെ ആർക്കും ഈ പദ്ധതിയ്ക്ക് അർഹതയുണ്ട്.

10 വർഷമോ അതിൽ കൂടുതലോ കാലയളവിലേക്ക് സംസ്ഥാനത്ത് താമസിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഈ കാർഡിന് അർഹതയുണ്ട്. ജോലി ലഭിച്ചതിന് ശേഷം വായ്പ തിരിച്ചടയ്ക്കാൻ ഒരു വിദ്യാർത്ഥിക്ക് പതിനഞ്ച് വർഷം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികളുടെ അപേക്ഷകൾ അവരുടെ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ വകുപ്പ് വഴി ബാങ്കുകളിലേക്ക് അയയ്ക്കും. സ്ഥാപന ചെലവുകൾക്കും ഹോസ്റ്റൽ ഫീസ് / വാടക, ലാപ്‌ടോപ്പ് വാങ്ങൽ അല്ലെങ്കിൽ പഠനാവശ്യത്തിനുള്ള യാത്രകൾ / പ്രോജക്ടുകൾ പോലുള്ള സ്ഥാപനേതര ചെലവുകൾക്കും വായ്പ ഉപയോഗിക്കാൻ കഴിയും.












Click it and Unblock the Notifications