സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെ; ചര്‍ച്ചയായി സോഷ്യോളജി പുസ്തകം, നാണക്കേടെന്ന് സോഷ്യല്‍ മീഡിയ
ദില്ലി: സ്ത്രീധന സമ്പ്രദായത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും പട്ടികപ്പെടുത്തുന്ന ഒരു പുസ്തക പേജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇത്തരം പുസ്തകങ്ങള്‍ സമൂഹത്തിനും യുവാക്കള്‍ക്കും നല്‍കുന്ന സന്ദേശം എന്താണെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നത്. ടി കെ ഇന്ദ്രാണിയുടെ നഴ്സുമാര്‍ക്കായുള്ള സോഷ്യോളജി പാഠപുസ്തകത്തില്‍ നിന്നുള്ള ഒരു പേജിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ലോകത്ത് പുതിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.
സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെ എന്നാണ് പുസ്തകത്തില്‍ പറയുന്നത്. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് ഈ പുസ്തകം, ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ സിലബസ് അനുസരിച്ചാണ് ഇത് എഴുതിയതെന്ന് അതിന്റെ പുറംചട്ട പറയുന്നുണ്ട്. പേജിന്റെ ചിത്രം പങ്കിട്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ശിവസേന നേതാവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുര്‍വേദി ഉള്‍പ്പെടുന്നുണ്ട്.

വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് ഇത്തരം പുസ്തകങ്ങള്‍ പ്രചാരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ഞങ്ങളുടെ പാഠ്യപദ്ധതിയില്‍ ഇത്തരം പുസ്തകങ്ങളുടെ സാന്നിധ്യം നാണക്കേടാണെന്നും അവര്‍ പറയുന്നു. ഫര്‍ണിച്ചറുകള്‍, റഫ്രിജറേറ്ററുകള്‍, വാഹനങ്ങള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ക്കൊപ്പം 'പുതിയ കുടുംബം സ്ഥാപിക്കുന്നതിന് സ്ത്രീധനം സഹായകമാണ്' എന്നാണ് പുസ്തകത്തില്‍ റയുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും ശാരീരികമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ഇന്നും വന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു പാഠ്യപദ്ധതിയില്‍ അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീധന സമ്പ്രദായത്തിന്റെ ഒരു 'പരോക്ഷ നേട്ടം', മാതാപിതാക്കള്‍ ഇപ്പോള്‍ അവരുടെ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങിയതിനാല്‍ അവര്‍ക്ക് സ്ത്രീധനം കുറച്ച് നല്‍കേണ്ടിവരുമെന്ന് പുസ്തകത്തില്‍ പറയുന്നു.
കൂടാതെ പേജിലെ അവസാന പോയിന്റ് പറയുന്നത് സ്ത്രീധന സമ്പ്രദായം 'വിരൂപയായ പെണ്‍കുട്ടികളെ' വിവാഹം കഴിക്കാന്‍ സഹായിക്കുമെന്നാണ്. പുസ്തകത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഈ പുസ്തകം പാഠ്യപദ്ധതിയില്‍ നിന്ന് പിന്‍വലിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications