'ജമ്മു കാശ്മീരിൽ മോദിയെ കാത്തിരിക്കുന്നത് ലോക്സഭയിൽ നേരിട്ടതിനേക്കാൾ വലിയ തിരിച്ചടി'; കോൺഗ്രസ്
ഡൽഹി: മൂന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ജമ്മു കാശ്മീരിൽ ബിജെപിക്കെതിരെ പ്രചരണം കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങി പാർട്ടിയുടെ പ്രമുഖരെല്ലാം ജമ്മുവിൽ കോൺഗ്രസിന് വേണ്ടി പ്രചരണം ശക്തമാക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ സമാനതകൾ ഇല്ലാത്ത തിരിച്ചടിയായിരിക്കും ബി ജെ പി നേരിടുകയെന്നാണ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടിയെക്കാൾ വലുതായിരിക്കും ജാമ്മു കാശ്മീരിൽ ബിജെപി നേരിടാൻ പോകുന്നതെന്ന് മുതിർന്ന നേതാവ് ജയ്റാം രമേശും പ്രതികരിച്ചു.
'ജമ്മു കാശ്മീരിൽ പ്രചരണം അവസാന ഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. ജമ്മു കാശ്മീരിന് എന്തുകൊണ്ട് സംസ്ഥാന പദവി പുനഃസ്ഥാപിച്ചില്ലെന്ന ചോദ്യത്തിന് ഇതുവരേയും മറുപടി നൽകാൻ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ല. സംസ്ഥാന പദവി തങ്ങൾക്ക് മാത്രമേ പുനഃസ്ഥാപിക്കാൻ കഴിയൂവെന്ന അമ്പരപ്പിക്കുന്ന വാദമാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്.സംസ്ഥാന പദവി ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ല.

ഓഗസ്റ്റ് 5 ന് പാർലമെന്റിൽ വിഷയത്തിൽ പ്രതികരിക്കാൻ പോലും അദ്ദേഹത്തിന് സാധിച്ചില്ല. 2022 വരെ ജമ്മുവിൽ വരാൻ പോലും അദ്ദേഹം തയ്യാറായില്ല. കാശ്മീരിലേക്ക് ആകട്ടെ 2024 വരേയും കാല് കുത്തുകയും ചെയ്തിട്ടില്ല. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം അദ്ദേഹം 41 സ്ക്രിപ്റ്റഡ് അഭിമുഖങ്ങൾ നടത്തി. എന്നാൽ ജമ്മു കാശ്മീരിൽ ഒന്ന് പോലും നടത്തിയിട്ടില്ല. ജൂൺ നാലിന് ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിയേക്കാൾ വലിയ ആഘാതമായിരിക്കും ജമ്മുവിൽ പ്രധാനമന്ത്രി നേരിടാൻ പോകുന്നത്', ജയ്റാം രമേശ് പറഞ്ഞു.
മൂന്നാം ഘട്ടത്തിൽ 40 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുവിലെ ജമ്മു, ഉധംപൂർ, സാംബ, കത്വ വടക്കൻ കശ്മീരിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. അതുകൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് നിർണായകമാണ്.
2014 ലാണ് സംസ്ഥാനത്ത് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് ബി ജെ പിയും പി ഡി പിയും സഖ്യത്തിലാണ് ഭരണത്തിലേറിയത്. ഇന്ന് ഇരുപാർട്ടികളും തനിച്ചാണ് മത്സരിക്കുന്നത്. നാഷ്ണൽ കോൺഫറൻസും കോൺഗ്രസും സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.












Click it and Unblock the Notifications