അന്ന് ചൈനയ്ക്ക് കണക്കിന് കൊടുത്തു; വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വന്നിരിക്കുന്നു
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 44 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുന്നത്. ലഡാക്കില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പില്‍ രണ്ടു സൈനികരും ഒരു ഓഫീസറും കൊല്ലപ്പെട്ടു. 1975ലാണ് ഇതിന് മുമ്പ് ഇന്ത്യന്‍ സൈനികന്‍ ചൈനീസ് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഏറ്റുമുട്ടലിന്റെ വക്കില്‍ പലപ്പോഴുമെത്തിയെങ്കിലും ആള്‍നഷ്ടമുണ്ടായിരുന്നില്ല.
സിക്കിം സെക്ടറില്‍ ഏറ്റവും ഒടുവില്‍ ചൈനയുമായി ഏറ്റുമുട്ടിയത് 1967ലാണ്. നിലവില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക ശേഷി പരിശോധിച്ചാല്‍ ചൈനയാണ് മുമ്പില്‍. പക്ഷേ ഇന്ത്യയും മോശമല്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

മോഷണത്തില്‍ തുടങ്ങിയ യുദ്ധം!!
ഇന്ത്യയുടെ സംരക്ഷണത്തിലുള്ള പ്രാദേശിക രാജഭരണമായിരുന്നു സിക്കിമില്‍. അന്ന് യുദ്ധം നടക്കാന്‍ കാരണമായത് പല സംഭവങ്ങളാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ആട്ടിന്‍ പറ്റങ്ങളെ മോഷ്ടിച്ചുവെന്നാണ് ഉയര്‍ന്ന ഒരു ആരോപണം. പക്ഷേ, ചൈന അവരുടെ അതിര്‍ത്തി വ്യാപിപ്പിക്കാന്‍ ശ്രമിച്ചതാണ് യഥാര്‍ഥ കാരണമെന്ന് പിന്നീട് വ്യക്തമായി.

ചൈനയുടെ നോട്ടം
ടിബറ്റ് കൈവശപ്പെടുത്തിയ ചൈന സിക്കിമിലും നോട്ടമിട്ടിരുന്നു. 1962ലെ ധാരണ ലംഘിച്ചായിരുന്നു ചൈനയുടെ നീക്കം. സിക്കിമില്‍ ഇന്ത്യന്‍ സൈന്യം വേലി കെട്ടാന്‍ തുടങ്ങി. ഇത് ചൈനയെ കൂടുതല്‍ പ്രകോപിപ്പിച്ചു. ആ വര്‍ഷം സപ്തംബര്‍ 11ന് ചൈന ഇന്ത്യയുടെ നിര്‍മാണം തടയാന്‍ ശ്രമിച്ചു. നേഥുലാ മേഖലയില്‍ പിന്നീട് വെടിവയ്പ്പുണ്ടായി. മൂന്ന് ദിവസം നീണ്ട അക്രമത്തില്‍ ഇരുഭാഗത്തും ആള്‍നാശം നേരിട്ടു.

ചൈനയ്ക്ക് കനത്ത നഷ്ടം
അതേവര്‍ഷം ഒക്ടോബര്‍ ഒന്നിന് ചോല പ്രദേശത്ത് വീണ്ടും ഏറ്റുമുട്ടല്‍ നടന്നു. ഇത്തവണ ഇരുഭാഗത്തും കനത്ത ആള്‍നഷ്ടം. 80ലധികം ഇന്ത്യന്‍ സൈനികരും 300-400 ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതായിരുന്നു അവസാനത്തെ കനത്ത നഷ്ടം.

1975ല്‍ സംഭവിച്ചത്
1975ല്‍ സിക്കിമില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. കനത്ത മഞ്ഞാണ് ഇന്ത്യന്‍ സൈനിരുടെ മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചൈനീസ് സൈന്യം അതിര്‍ത്തി കടന്ന് ഒളിയാക്രമണം നടത്തിയതാണ് എന്ന വിവരവും വന്നു. പിന്നീട് സിക്കിം ഇന്ത്യയോട് ചേരാന്‍ തീരുമാനിച്ചു. 1975ന് ശേഷം ഇപ്പോഴാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്.

ചൈനയുടെ ശക്തി
ചൈനയുടെ ശക്തിക്ക് മുമ്പില്‍ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇന്ത്യയേക്കാള്‍ പത്ത് ലക്ഷം അധികം സൈനികരുള്ളത് ചൈനക്കാണ്. ഇന്ത്യയ്ക്ക് 13 ലക്ഷവും ചൈനയ്ക്ക് 23 ലക്ഷവും. ചൈന 26100 കോടി ഡോളര്‍ സൈനിക മേഖലയ്ക്ക് മാറ്റിവയ്ക്കുമ്പോള്‍ 7100 കോടി ഡോളറാണ് ഇന്ത്യ ചെലവഴിക്കുന്നത്.

അണ്വായുധങ്ങള്‍ കൂടുതല്‍
13000 സൈനിക ടാങ്കുകള്‍ ചൈനയ്ക്കുണ്ട്. ഇന്ത്യയ്ക്ക് 4400 ഉം. 2050 റോക്കറ്റ് പ്രൊജക്ടുകള്‍ ചൈനയ്ക്കുണ്ട്. ഇന്ത്യയ്ക്ക് 226 എണ്ണം മാത്രം. കവചിത വാഹനങ്ങള്‍ ചൈനയ്ക്ക് 40000ത്തിലധികമുണ്ട്. ഇന്ത്യയുടെ പക്കല്‍ 2800 മാത്രം. 270 അണ്വായുധങ്ങള്‍ ചൈനക്കുണ്ട്. ഇന്ത്യയ്ക്ക് 130 എണ്ണം. മിസൈലുകളുടെ കാര്യത്തിലും ചൈനയാണ് മുമ്പില്‍.

യുദ്ധക്കപ്പലുകള്‍
714 യുദ്ധക്കപ്പലുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യയ്ക്ക് 295 കപ്പലുകള്‍. നാവിക സേനയുടെ മറ്റു ആയുധ ശേഷി പരിശോധിച്ചാലും ചൈന തന്നെയാണ് മുന്നില്‍. ചൈനയ്ക്ക് 2955 യുദ്ധ വിമാനങ്ങളുണ്ട്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് 2102 വിമാനങ്ങളുണ്ട്. സൈനിക ബലം ചൈനയ്ക്കാണെങ്കിലും ഭൂപ്രദേശം ഇന്ത്യയ്ക്ക് അനുകൂലമാണ്.

ഭൂവിസ്തൃതി ഇന്ത്യയ്ക്ക് അനുകൂലം
ഇന്ത്യയ്‌ക്കെതിരെ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ പര്യാപ്തമായ സൗകര്യം ചൈനയ്ക്ക് കുറവാണ്. എന്നാല്‍ ടിബറ്റില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ചൈന ഒരുക്കുന്നുണ്ട്. ഇന്ത്യയും അതിര്‍ത്തിയിലെ സാന്നിധ്യം കഴിഞ്ഞ പത്ത് വര്‍ഷമായി ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സൈനികര്‍ക്ക് വേഗത്തില്‍ അതിര്‍ത്തി മേഖലയില്‍ എത്തുന്നതിന് റോഡ്, പാലം സൗകര്യങ്ങള്‍ ഇന്ത്യ അടുത്തകാലത്തായി സജീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications