മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്‌തേക്കും; ഭാര്യ മുഖ്യമന്ത്രിയാകും? ജാര്‍ഖണ്ഡില്‍ ശ്രദ്ധ കല്‍പ്പന സോറനിലേക്ക്
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സുഹൃത്താണ് സര്‍ഫറാസ് അഹമ്മദ്. 64കാരനായ ഇദ്ദേഹം തന്റെ എംഎല്‍എ പദവി കാരണം കൂടാതെ കഴിഞ്ഞ ദിവസം രാജിവച്ചു. എന്താണ് സര്‍ഫറാസ് രാജിവയ്ക്കാന്‍ കാരണം എന്ന ചോദ്യത്തിന് ബിജെപി നല്‍കുന്ന ഉത്തരം മറ്റൊന്നാണ്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത തെളിഞ്ഞിരിക്കുന്നു എന്നാണ് ബിജെപി പറയുന്നത്.
ജാര്‍ഖണ്ഡില്‍ നേരത്തെ ഭരിച്ചിരുന്നത് ബിജെപിയായിരുന്നു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വീണു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ് മേല്‍ക്കൈ ലഭിച്ചത്. 30 സീറ്റ് നേടി ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഏറ്റവും വലിയ കക്ഷിയായി. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ യുപിഎ ഭരണത്തിലെത്തി. കോണ്‍ഗ്രസ് ഭരണത്തിലുള്ള ഏതാനും ചില സംസ്ഥാനങ്ങളിലൊന്നാണ് ജാര്‍ഖണ്ഡ്.

ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ ഏറെ വിവാദം സൃഷ്ടിച്ച ഭൂമി കുംഭ കോണ കേസില്‍ ആരോപണ വിധേയനാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി ഹേമന്ത് സോറനെ പലതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. ഏഴാം തവണ ഹേമന്ത് സോറന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് ചില രാഷ്ട്രീയ മാറ്റങ്ങള്‍ കാണുന്നത്.
ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്യാനുള്ള സാധ്യത തെളിഞ്ഞു എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിയുമെന്നും ഭാര്യ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കുമെന്നുമാണ് അഭ്യൂഹം. കല്‍പ്പനയ്ക്ക് മല്‍സരിക്കാന്‍ വേണ്ടിയാണ് മൂന്ന് തവണ ജയിച്ച മണ്ഡലമായ ഗാന്‍ഡി സീറ്റ് സര്‍ഫറാസ് അഹമ്മദ് ഒഴിഞ്ഞിരിക്കുന്നതെന്നും ബിജെപി പറയുന്നു.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അവ്യക്തത ആരോപിച്ച് 2022ല്‍ ഹേമന്ത് സോറനെതിരെ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. ഗവര്‍ണര്‍ സോറന്റെ രാജി ആവശ്യപ്പെടുമെന്നും വാര്‍ത്ത വന്നു. തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹേമന്ത് സോറനെ അയോഗ്യനാക്കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍ കത്ത് നല്‍കിയെന്നായിരുന്നു വാര്‍ത്ത. ഈ വേളയിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ട പേര് കല്‍പ്പനയുടേതായിരുന്നു.
ഹേമന്ത് സോറന്‍ രാജിവച്ചാല്‍ കല്‍പ്പന സോറന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്നാണ് പ്രചാരണം. പിന്നീട് സര്‍ഫറാസ് അഹമ്മദിന്റെ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്നും പറയപ്പെടുന്നു. മുഖ്യമന്ത്രി പദവിയില്‍ കല്‍പ്പനയ്ക്ക് തിളങ്ങാന്‍ സാധിക്കുമോ എന്ന ചോദ്യം വരെ ഉയര്‍ന്നു കഴിഞ്ഞു. പൊതുരംഗത്ത് സജീവല്ലെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തന പദ്ധതികളില്‍ കല്‍പ്പനയും ഭാഗമാകാറുണ്ട്.
ഒഡീഷയിലെ മയുര്‍ബഞ്ചില്‍ നിന്ന് കുടിയേറിയവരാണ് കല്‍പ്പനയുടെ കുടുംബം. 1976ല്‍ റാഞ്ചിയില്‍ ജനിച്ച കല്‍പ്പന 2007ലാണ് ഹേമന്ത് സോറനെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഒരു സ്വകാര്യ സ്‌കൂള്‍ ഉള്‍പ്പെടെ രണ്ട് സ്ഥാപനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട് കല്‍പ്പന. കല്‍പ്പനയുടെ സ്ഥാപനത്തിന് വേണ്ടി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചുവെന്ന ആരോപണം നേരത്തെ ബിജെപി ഉന്നയിച്ചിരുന്നു. ആദിവാസി മേഖലയിലെ വ്യവസായങ്ങള്‍ക്ക് വേണ്ടി അടയാളപ്പെടുത്തിയ 11 ഏക്കര്‍ കല്‍പ്പനയുടെ സ്ഥാപനത്തിന് വേണ്ടി കൈമാറി എന്നായിരുന്നു ആരോപണം.












Click it and Unblock the Notifications