മെയ്‌ഡേ കോള്‍ എന്താണ്? എപ്പോഴാണ് ഇത് ഉപയോഗിക്കുക, കോള്‍ ലഭിച്ചാല്‍ എന്തുചെയ്യും
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് തീഗോളമായി മാറിയത്. 230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.39നാണ് ദുരന്തം. സാങ്കേതിക തകരാറാണ് അപകടകാരണം എന്ന് പറയുന്നുണ്ടെങ്കിലും വിശദമായ അന്വേഷണം നടക്കും.
തകര്‍ന്നുവീഴുന്നതിന് മുമ്പ് വിമാനത്തില്‍ നിന്ന് ഒരു മെയ്‌ഡേ കോള്‍ വന്നിരുന്നു. ഇതിന് ശേഷം ഏവിയേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് പൈലറ്റിനെ ബന്ധപ്പെടാന്‍ സാധിച്ചില്ല. തൊട്ടുപിന്നാലെ വിമാനം മേഘാനി നഗറിലെ കെട്ടിടങ്ങള്‍ക്ക് അടുത്ത് തകര്‍ന്നുവീണു. വലിയ സ്‌ഫോടന ശബ്ദത്തോടെയാണ് വിമാനം വീണതും തീഗോളം ഉയര്‍ന്നതും.

അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ദുരിത സിഗ്നലാണ് മെയ്‌ഡേ കോള്‍. വിമാനവും കപ്പലും ദുരന്തത്തില്‍പ്പെടുമ്പോഴാണ് ഈ സന്ദേശം പുറപ്പെടുവിക്കാറ്. 1920കളിലാണ് ഈ പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ലണ്ടനിലെ ക്രോയ്‌ഡോണ്‍ വിമാനത്താവളത്തില്‍ റേഡിയോ ഓഫീസറായിരുന്ന ഫ്രെഡറിക് സ്റ്റാന്‍ലി മോക്‌ഫോഡ് ആണ് ആദ്യമായി ഈ പദം ഉപയോഗിച്ചത്.
മെയ്‌ഡേ വന്ന വഴി
ഫ്രഞ്ച് ഭാഷയില്‍ നിന്നാണ് ഈ വാക്ക് ഉടലെടുത്തത്. എന്നെ സഹായിക്കൂ എന്ന അര്‍ഥം വരുന്ന ഫ്രഞ്ച് വാക്കാണ് മെയ്ഡര്‍. ഇതാണ് പിന്നീട് മെയ്‌ഡേ കോള്‍ ആയി മാറിയത്. വൈമാനികര്‍ക്കും നാവികര്‍ക്കും വേഗത്തില്‍ മനസിലാക്കുന്നതിനാണ് ഇങ്ങനെ ഒരു പദം ഉപയോഗിച്ചതത്രെ. പിന്നീട് 1923ല്‍ പൈലറ്റുമാര്‍ക്കും നാവികര്‍ക്കുമുള്ള അന്താരാഷ്ട്ര റേഡിയോ ആശയവിനിമയത്തിന്റെ ഭാഗമായി ഈ വാക്ക് മാറുകയായിരുന്നു.
1927ലാണ് ഔദ്യോഗികമായി ഈ വാക്ക് അംഗീകരിക്കപ്പെട്ടത്. മെയ്‌ഡേ എന്ന് പൈലറ്റ് തുടര്‍ച്ചയായി മൂന്നു തവണ പറയുന്നുണ്ടെങ്കില്‍ ജീവന്‍ അപകടത്തിലാണ് എന്നാണ് അര്‍ഥം. അടിയന്തരമായി സഹായം ലഭ്യമാക്കണം എന്നും ഇത് സൂചിപ്പിക്കുന്നു. മറ്റു റേഡിയോ ട്രാഫിക്കുകളെല്ലാം ഈ വേളയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണം. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മെയ്‌ഡേ കോളുകള്‍ക്ക് ആദ്യ പരിഗണന നല്‍കണം.
ഈ വേളയില്‍ വിമാനം എവിടെയാണ്, എന്ത് പ്രശ്‌നമാണ് നേരിടുന്നത്, എത്ര പേര്‍ വിമാനത്തിലുണ്ട്, എന്ത് സഹായമാണ് ആവശ്യം തുടങ്ങി എല്ലാ കാര്യങ്ങളും ഈ വേളയില്‍ പൈലറ്റ് എടിസിക്ക് കൈമാറണം. ദ്രുതഗതിയില്‍ സഹായ സംഘങ്ങള്‍ സംഭവ സ്ഥലത്തേക്ക് എത്താനുള്ള നടപടികള്‍ ഈ വേളയില്‍ എടിസി സ്വീകരിക്കണം. അടിയന്തര സഹായം, എഞ്ചിന്‍ തകരാര്‍, തീപിടിത്തം, നിയന്ത്രണം നഷ്ടപ്പെടല്‍ എന്നീ ഘട്ടങ്ങള്‍ നേരിടുമ്പോഴാണ് സാധാരണ പൈലറ്റുമാര്‍ മേയ്‌ഡേ കോള്‍ ഉപയോഗിക്കുക.












Click it and Unblock the Notifications