ഇത്തവണ 'അല്‍ഗോസ്‌പീക്ക്' പുത്തൻ വാക്കുമായി ശശി തരൂര്‍ ; സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്
ന്യൂഡല്‍ഹി: പ്രയാസമേറിയതും അപൂര്‍വമായി ഉപയോഗിക്കുന്നതുമായി ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിച്ച് കയ്യടി നേടുന്നതില്‍ പ്രശസ്‌തനാണ് എംപിയും എഴുത്തുകാരനുമായ ശശി തരൂർ.തരൂര്‍ പ്രയോഗിച്ച ഏറ്റവും പുതിയ വാക്കാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.അല്‍ഗോസ്‌പീക്ക്' എന്നതാണ് തരൂര്‍ പുതുതായി പരിചയപ്പെടുത്തിയ വാക്ക്. ഇന്നത്തെ വാക്ക് എന്ന് വിശേഷിപ്പിച്ചാണ് തരൂർ പുതിയ ഇംഗ്ലീഷ് വാക്ക് പരിചയപ്പെടുത്തുന്നത്.
പ്രയോഗത്തിന്റെ അര്‍ഥവും തന്റെ ട്വിറ്റര്‍ പേജിലൂടെ തരൂര്‍ വിശദീകരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ അനുയോജ്യമല്ലാത്തതോ അനുചിതമോ ആയി അല്‍ഗോരിതങ്ങള്‍ കണക്കാക്കുന്ന വാക്കുകള്‍ക്ക് പകരം മറ്റൊരു വാക്ക് ഉപയോഗിക്കുന്നതിനെയാണ് 'അല്‍ഗോസ്‌പീക്ക്' എന്ന് പറയുന്നത്. മരണപ്പെട്ട എന്ന പദത്തിന് പകരം ജീവനില്ലാത്ത എന്ന പദം ഉപയോഗിക്കുന്നത് അല്‍ഗോസ്‌പീക്കിന്‍റെ ഉദാഹരണമാണെന്നും തരൂര്‍ തന്‍റെ ട്വിറ്റര്‍ പേജിലൂടെ വിശദീകരിക്കുന്നു.

അടുത്ത കാലത്ത് തരൂർ ട്വിറ്ററില്‍ പങ്കുവച്ച 'ഡൂംസ്ക്രോളിങ്' എന്ന വാക്കും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.കാലഘട്ടത്തിന്‍റെ വാക്ക് എന്ന് വിശേഷിപ്പിച്ച് തരൂര്‍ പരിചയപ്പെടുത്തിയ വാക്കിന്‍റെ അര്‍ഥവും അദേഹം തന്നെ പങ്കുവച്ചിരുന്നു. മോശം വാർത്തകള്‍ തേടി കണ്ടെത്തി വായിക്കുന്നത് എന്നതാണ് ഡൂംസ്‌ക്രോളിങിന്‍റെ അര്‍ഥം. റെയില്‍വേയെ പരിഹസിച്ചുകൊണ്ട് തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ച 'ക്വൊമെഡോകൊൺക്വിസ്' എന്ന വാക്കും അടുത്തക്കാലത്ത് ശ്രദ്ധനേടിയ മറ്റൊരു പരാമര്‍ശം.

ഏത് വിധേനെയും പണം സമ്പാദിക്കുക എന്നതാണ് 'ക്വൊമെഡോകൊൺക്വിസ്' എന്ന വാക്കിന്‍റെ അര്‍ഥം. 2020ല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 60 വയസിന് മുകളിലുള്ളവർക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനുള്ള ഇളവ് റെയില്‍വേ ഒഴിവാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധി അവസാനിച്ച് തുടങ്ങിയ ഘട്ടത്തിലും യാത്ര ഇളവ് പുനഃസ്ഥാപിക്കാത്തതിനെ തുടര്‍ന്നാണ് കടിച്ചാല്‍ പൊട്ടാത്ത പദ പ്രയോഗവുമായി ശശി തരൂര്‍ എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 'പ്ലേ പോസം' എന്ന വാക്കും ശശി തരൂര്‍ പ്രയോഗിച്ചിരുന്നു. ഉറങ്ങുകയോ അല്ലെങ്കില്‍ അബോധാവസ്ഥയിലാണെന്ന് നടിക്കുകയോ ചെയ്യുകയെന്നാണ് 'പ്ലേ പോസം'കൊണ്ട് അര്‍ഥമാക്കുന്നത്. തന്‍റെ അനുയായികള്‍ അതിക്രമം നടത്തുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി എന്തിനാണ് പ്ലോസം നടിക്കുന്നത് എന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്.

തടിപ്പാവ എന്ന് അര്‍ഥം വരുന്ന 'ക്വോക്കർവോഡ്‌ജർ' എന്ന ശശി തരൂരിന്‍റെ പ്രയോഗവും നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. അവരവരുടെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതിന് പകരം സ്വാധീനമുള്ള മറ്റ് കക്ഷിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയക്കാരെയാണ് 'ക്വോക്കർവോഡ്‌ജർ' എന്ന് പറയുന്നതെന്നായിരുന്നു വാക്കിന് തരൂര്‍ നല്‍കിയ വിശദീകരണം. തരൂരിന്‍റെ 'ഫ്ലോസിനോസിനിഹിലിപിലിഫിക്കേഷൻ' 'ഫരാഗോ', 'ട്രോഗ്ലോഡൈറ്റ്' എന്നീ പ്രയോഗങ്ങളും മുമ്പ് ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications