ബിജെപിയുടെ ആ വലിയ ലക്ഷ്യത്തില്‍ കേരളവും: നീക്കം രാജീവിന്റെ കാലത്ത് കോണ്‍ഗ്രസ് നേടിയത് മറികടക്കല്‍
ഡല്‍ഹി: രാജ്യത്തെ 543 ലോക്സഭ സീറ്റുകളില്‍ തനിച്ച് 370 സീറ്റുകള്‍ നേടുകയെന്ന വലിയ മോഹമാണ് ബി ജെ പിക്കുള്ളത്. പാർട്ടിക്ക് തനിച്ച് 370 സീറ്റുകള്‍ നേടാന്‍ സാധിച്ചാല്‍ മുന്നണിയുടെ സീറ്റ് നില 400 കടക്കുമെന്നും ബി ജെ പി നേതൃത്വം കണക്ക് കൂട്ടുന്നു. ഇതിനായുള്ള പ്രവർത്തനം ഇന്നും ഇന്നലേയും അല്ല, രണ്ട് വർഷങ്ങള്‍ക്ക് മുമ്പ് തന്നെ ബി ജെ പി ആരംഭിക്കുകയും ചെയ്തിരുന്നു.
2019ൽ തോറ്റതോ മത്സരിക്കാത്തതോ ആയ 144 സീറ്റുകൾ ഉന്നമിട്ടതോടെയാണ് 2022ൽ തുടങ്ങിയതെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിശ്വസിക്കുന്ന 'മിഷൻ 370' ആരംഭിച്ചതെന്നാണ് സൂചന. പിന്നീട് നേതൃത്വം ഈ എണ്ണം 160 ആക്കി. അതായത് ഈ 160 സീറ്റുകളില്‍ പകുതിയിലെങ്കിലും വിജയിക്കാന്‍ സാധിച്ചാല്‍ പാർട്ടിയുടെ ലക്ഷ്യം നിറവേറ്റും. ഈ 160 സീറ്റുകളില്‍ കേരളത്തില്‍ നിന്നും തിരുവനന്തപുരവും തൃശ്ശൂരുമൊക്കെ ഇടംപിടിച്ചിട്ടുമുണ്ട്.

2014-ൽ അധികാരത്തിലെത്തിയതു മുതൽ പാർട്ടി തങ്ങളുടെ സീറ്റുകള്‍ വർധിപ്പിക്കുന്നതിനായി കൃത്യമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. 2014ൽ 282 സീറ്റുകൾ നേടിയ പാർട്ടി 2019ൽ 21 സീറ്റുകൾ കൂട്ടി 303 സീറ്റുകളിലെത്തി. 1984 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 403 സീറ്റുകൾ നേടിയതാണ് രാജ്യ ചരിത്രത്തില്‍ തന്നെ ഒരു പാർട്ടി പാർലമെന്റില്‍ നേടിയ ഏറ്റവും ഉയർന്ന സീറ്റ് നില.
50 ശതമാനത്തിലധികം വോട്ട് വിഹിതത്തിൽ വിജയിച്ച സീറ്റുകളിലേക്കാണ് ബിജെപി ആദ്യം ശ്രദ്ധകേന്ദ്രീകരിച്ചതെന്നാണ് തന്ത്രത്തിൻ്റെ രഹസ്യ വൃത്തങ്ങൾ പറയുന്നു. 2014-ൽ 50 ശതമാനത്തിലധികം വോട്ട് വിഹിതത്തോടെ നേടിയ 136 സീറ്റുകളിൽ നിന്ന് 2019-ൽ ഈ എണ്ണം 224 സീറ്റുകളായി. 50 ശതമാനത്തിലധികം വോട്ട് ഷെയറോടെ 293 സീറ്റുകൾ നേടിയ കോൺഗ്രസിന്റെ 1984 ലെ ഫലങ്ങൾക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബിജെപിയുടെ 2019 ലെ കണക്ക്.
"അന്ന് (1984ൽ) അവർ നേടിയ 403 സീറ്റുകളിൽ 293 സീറ്റുകളിലെ വോട്ട് വിഹിതം 50 ശതമാനത്തിന് മുകളിലായിരുന്നു. 224 സീറ്റുകളിൽ ഞങ്ങൾക്ക് ഇതിനകം 50 ശതമാനം വോട്ട് വിഹിതമുണ്ട്, അതിനാൽ ഞങ്ങളുടെ ലക്ഷ്യം വളരെ അടുത്താണ്. എന്നിരുന്നാലും ഞങ്ങൾക്ക് 69 സീറ്റുകളിൽ കൂടി നേടേണ്ടതായിട്ടുണ്ട് "ഒരു മുതിർന്ന പാർട്ടി തന്ത്രജ്ഞനെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു.
ഒന്നര വർഷം മുമ്പ് "ദുർബലമായത്" എന്ന് നിശ്ചയിച്ചിരുന്ന 160 സീറ്റുകളിൽ 50 ശതമാനമെങ്കിലും നേടുക എന്നതാണ് പാർട്ടിയുടെ ഇപ്പോഴത്തെ ശ്രദ്ധ. ഈ സീറ്റുകൾ തിരിച്ചെടുത്ത് പാർട്ടി നിരവധി പ്രവർത്തനങ്ങൾ നടത്തി. പ്രധാനമന്ത്രിയും അമിത് ഷായും തന്നെ ഈ മണ്ഡലങ്ങളില്‍ നിരവധി തവണയെത്തി പ്രവർത്തനങ്ങള്‍ നിയന്ത്രിച്ചു. ഒഡീഷ, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലെ നിരവധി സീറ്റുകളാണ് ഈ ലക്ഷ്യത്തിന്റെ കേന്ദ്രബിന്ദു. കൂടാതെ, പഞ്ചാബിലും ദക്ഷിണേന്ത്യയിലും - പ്രത്യേകിച്ച് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സീറ്റുകളം ഈ പട്ടികയിലുണ്ട്.
ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ബി ജെ പിക്ക് യഥാർത്ഥ്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധ്യതയുള്ളത്. ഈ സംസ്ഥാനങ്ങളിൽ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ഒഴികെ, മൊത്തം 174 സീറ്റുകളിൽ ബി ജെ പി മത്സരിച്ച 168 സീറ്റുകളിൽ 101 സീറ്റുകളും 2019 ല്‍ അവർ നേടി.
അസം ഒഴികെയുള്ള നാല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ അവർ മത്സരിച്ച 6 സീറ്റിൽ 1 സീറ്റിൽ മാത്രമാണ് വിജയിച്ചത്. എന്നിരുന്നാലും, വടക്കുകിഴക്കൻ മേഖലയിലെ പ്രാദേശിക പാർട്ടികളുമായി ഈ വർഷം ബി ജെ പി സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്, ഇത് എൻഡിഎയുടെ നേട്ടം വർദ്ധിപ്പിക്കും.
അതേസമയം, ഇത്തരമൊരു നേട്ടം സ്വന്തമാക്കുക എന്നുള്ളത് ബി ജെ പിയെ സംബന്ധിച്ച് ആസാധ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ സഞ്ജയ് കുമാർ പറയുന്നത്. "എൻ്റെ അഭിപ്രായത്തിൽ, അത് അസാധ്യമാണ്. ബി.ജെ.പിക്ക് 370 കടക്കാനായില്ലെങ്കിൽ എൻ.ഡി.എ.ക്ക് 400 കടക്കാൻ പ്രയാസമായിരിക്കും. 400 കടക്കാൻ എൻ ഡി എക്ക് ഇപ്പോൾ 59 സീറ്റുകൾ കൂടി വേണം, ബി ജെ പിക്ക് പരമാവധി 30-35 സീറ്റുകൾ നേടാനുള്ള സാധ്യതയുമുണ്ട്. ഏറ്റവും നല്ല സാഹചര്യത്തിൽ, ബിജെപിക്ക് പരമാവധി 340 സീറ്റുകൾ നേടാനാകും. എന്നാലും അത് വളറെ പ്രയാസമേറിയതാണ് "കുമാർ പറയുന്നു.












Click it and Unblock the Notifications