ചുരുങ്ങിയ കാലാവധി, കൂടുതല്‍ പലിശ; എന്താണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം
രാജ്യത്ത് സാധാരണക്കാരായ വ്യക്തികള്‍ക്കായി നിരവധിയായ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഒന്നാണ് ഇത്. ഹ്രസ്വകാലത്തേക്ക് നികുതി ആനുകൂല്യങ്ങളോടെ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഒന്നാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം.
അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ ബാങ്കില്‍ ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ആരംഭിച്ചാല്‍ ഏകദേശം 5.5 ശതമാനം ആയിരിക്കും പലിശനിരക്ക്. എന്നാല്‍ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം 7.7 ശതമാനം പലിശ ആണ് വാഗ്ദാനം ചെയ്യുന്നത്. ഇത് തന്നെയാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന്റെ മുഖ്യ ആകര്‍ഷണവും. ഇടത്തരം വരുമാനമുള്ള നിക്ഷേപകര്‍ക്ക് സുരക്ഷിത നിക്ഷേപമായി കണ്ട് ആരംഭിക്കാവുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്സ് പദ്ധതിയാണ് ഇത്.

നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന് കീഴില്‍ ഒരു അക്കൗണ്ട് തുടങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് 1000 രൂപയുടെ നിക്ഷേപമാണ് ആവശ്യം. പിന്നീട് 100 രൂപയുടെ ഗുണിതത്തില്‍ നിക്ഷേപിക്കാം. നിക്ഷേപങ്ങള്‍ക്ക് പരിധിയില്ല എന്നതാണ് മറ്റൊരു ആകര്‍ഷണം. നിക്ഷേപ തീയതി മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പണയം വഴി ബാങ്കുകളില്‍ നിന്ന് വായ്പാ സൗകര്യവും ലഭിക്കും.
1000 രൂപയുടെ നിക്ഷേപത്തിന് 5 വര്‍ഷത്തിന് ശേഷം 1389.49 രൂപയാണ് തിരിച്ചു ലഭിക്കുക. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തം പേരിലോ പ്രായപൂര്‍ത്തിയാകാത്ത ആരുടെയെങ്കിലും പേരിലോ അക്കൗണ്ട് ആരംഭിക്കാം. 10 വയസ് തികയുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് സിംഗിള്‍ അക്കൗണ്ട് ആരംഭിക്കാം.
ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, ട്രസ്റ്റുകള്‍, പ്രൈവറ്റ്, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവയ്ക്ക് നിക്ഷേപം നടത്താന്‍ അനുവാദമില്ല. അംഗം ഒരു ഇന്ത്യന്‍ പൗരനായിരിക്കണം. പ്രവാസി ഇന്ത്യക്കാര്‍ക്ക് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന് കീഴില്‍ നിക്ഷേപം നടത്താന്‍ അനുമതിയില്ല.
പോസ്റ്റ് ഓഫീസില്‍ പോയി നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം വഴി അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് ഉടമയുടെ പേര്, പേയ്മെന്റ് തരം, അക്കൗണ്ടിന്റെ തരം തുടങ്ങിയ വിശദാംശങ്ങള്‍ അടങ്ങുന്ന ഫോം പൂരിപ്പിക്കേണ്ടതുണ്ട്. അപേക്ഷ ഫോമിനൊപ്പം തിരിച്ചറിയല്‍ രേഖ, വിലാസം വ്യക്തമാക്കുന്ന രേഖ, ഫോട്ടോ എന്നിവ അറ്റാച്ച് ചെയ്യണം.












Click it and Unblock the Notifications