പാന്‍ കാര്‍ഡ് നമ്പര്‍ മാറുമോ? എന്താണ് പാന്‍ 2.0 പദ്ധതി? അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിന്റെ പാന്‍ 2.0 എന്ന പദ്ധതിക്ക് ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എല്ലാ ഗവണ്‍മെന്റ് ഏജന്‍സികളുടെയും ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കായുള്ള സ്ഥിരം അക്കൗണ്ട് നമ്പര്‍ ഒരു 'പൊതു ബിസിനസ് ഐഡന്റിഫയര്‍' ആക്കുകയാണ് പാന്‍ 2.0 വഴി ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി പാന്‍ ഉടമകള്‍ അവരുടെ കാര്‍ഡുകള്‍ അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അപ്ഗ്രേഡ് ചെയ്യുന്നതോടെ തിരിച്ചറിയലിന്റെയും വിവരങ്ങളുടെയും ശക്തമായ ഉറവിടമായി പാന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ തന്നെ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാന്‍ 2.0 പദ്ധതിയുമായി ആദായ നികുതി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

എന്താണ് പാന്‍ 2.0?
രാജ്യത്ത് 78 കോടിയോളം പേര്‍ക്ക് പാന്‍ കാര്‍ഡ് ഉണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവര്‍ എല്ലാവരും പാന്‍ കാര്‍ഡുകള്‍ അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പാന്‍ കാര്‍ഡ് നമ്പര്‍ മാറും എന്ന ആശങ്ക വേണ്ട. പാന്‍ കാര്‍ഡ് നമ്പര്‍ മാറുന്നില്ല എങ്കിലും എല്ലാവരും അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അപ്‌ഗ്രേഡ് ചെയ്യുന്നത് സൗജന്യമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നിലവിലുള്ള എല്ലാ പാന്‍ കാര്‍ഡുകള്‍ക്കുമുള്ള ക്യുആര്‍-കോഡ് ഫീച്ചറിന് പുറമെ പാന്‍ ഡാറ്റ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധിത പാന്‍ ഡാറ്റ വോള്‍ട്ട് സിസ്റ്റം സഹിതം ഒരു ഏകീകൃത പോര്‍ട്ടല്‍ സജ്ജീകരിക്കും. ഡാറ്റ സംരക്ഷണത്തിനും സൈബര്‍ സുരക്ഷയ്ക്കും വേണ്ടിയാണ് ഇത് ചെയ്യുന്നത്. പാന്‍ ഡാറ്റ വോള്‍ട്ട് സംവിധാനമാണ് പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്.
ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പാന്‍ സംബന്ധമായ വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ഇതിലെ ഡാറ്റയുടെ സുരക്ഷ പ്രധാനമാണ്. നിലവിലുള്ള സോഫ്റ്റ്വെയറിന് ഏകദേശം 15-20 വര്‍ഷം പഴക്കമുള്ളതിനാല്‍ ഇതിനായി ഒരു ഏകീകൃത പോര്‍ട്ടലും ഉണ്ടാകും. പാന്‍ 2.0 നികുതിദായകരുടെ രജിസ്ട്രേഷന്‍ സേവനങ്ങളുടെ സാങ്കേതികവിദ്യാധിഷ്ഠിത പരിവര്‍ത്തനം പ്രാപ്തമാക്കും.
നികുതി വകുപ്പുമായുള്ള സാമ്പത്തിക ഇടപാടുകളുടെ മെച്ചപ്പെട്ട തലത്തിലുള്ള സംയോജനമാണ് പാന്‍ കാര്‍ഡുകളിലെ ക്യുആര്‍-കോഡ് ഫീച്ചര്‍ അര്‍ത്ഥമാക്കുന്നത്. 2017-ലാണ് ക്യുആര്‍ കോഡ് പാന്‍ അവതരിപ്പിച്ചത്. പാന്‍ 2.0 പദ്ധതിയില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകളോടെ ഈ ഫീച്ചര്‍ തുടരാനാണ് ഉദ്ദേശിക്കുന്നത്. ക്യുആര്‍ കോഡില്ലാത്ത പഴയ പാന്‍ കാര്‍ഡുള്ള പാന്‍ ഉടമകള്‍ക്ക് ക്യുആര്‍ കോഡുള്ള പുതിയ കാര്‍ഡിന് അപേക്ഷിക്കാനുള്ള അവസരമുണ്ടായിരിക്കും.
എല്ലാ പാന്‍, ടാന്‍ സേവനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സിസ്റ്റം വേണമെന്നത് വാണിജ്യ മേഖലയിലെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. 1435 കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവാകുക.












Click it and Unblock the Notifications