എന്താണ് റാറ്റ് ഹോള്‍ മൈനിംഗ്? നിരോധിച്ച ഖനന പ്രക്രിയ, സില്‍ക്ക്യാരയില്‍ രക്ഷകനാവുന്നത് ഇങ്ങനെ
ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തില്‍. ഏത് നിമിഷവും 41 തൊഴിലാളികളെ പുറത്തെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സില്‍ക്ക്യാര തുരങ്കം തുറന്നിരിക്കുകയാണ്. എന്നാല്‍ അമേരിക്കന്‍ നിര്‍മിത ഓഗര്‍ മെഷീന്‍ പണിമുടക്കിയിട്ടും രക്ഷാപ്രവര്‍ത്തനം സാധ്യമാക്കിയത് മറ്റൊന്നാണ്. റാറ്റ് ഹോള്‍ മൈനിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.
അതിവേഗം രക്ഷാപ്രവര്‍ത്തനം സാധ്യമാക്കിയത് ഈ മൈനിംഗ് കൊണ്ടാണ്. എന്നാല്‍ എന്താണ് ഈ റാറ്റ് ഹോള്‍ മൈനിംഗ് എന്നറിയുമോ? ഇതൊരു നിരോധിത ഖനന രീതിയാണ്. ഇവ എന്തുകൊണ്ട് ഉപയോഗിച്ച് എന്ന് നോക്കാം. വളരെ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാക്കും എന്നതാണ് റാറ്റ് ഹോള്‍ മൈനിംഗിന്റെ പ്രധാനപ്പെട്ട ഗുണം. വളരെ ചെറുതായി കുഴിച്ച് കല്‍ക്കരി എടുക്കുന്ന ഖനന രീതിയാണിത്.

നാലടിയില്‍ കൂടുതല്‍ വീതി ഇതിനുണ്ടാവില്ല. റാറ്റ് ഹോള്‍ മൈനിംഗില്‍ ഖനനം ചെയ്യുന്നവര്‍ അതിനുള്ള ഉപകരണങ്ങളുമായി നേരിട്ടിറങ്ങും. തുടര്‍ന്നാണ് ഖനനം നടത്തുക. മേഘാലയയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഈ ഖനന രീതിയാണ്. അതേസമയം ഖനന മുതലാളിമാര്‍ക്ക് ഏറ്റവും താല്‍പര്യമുള്ള രീതിയായിരുന്നു ഇത്. കാരണം കുട്ടികള്‍ക്ക് പോലും ഇത് ചെയ്യാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ തീര്‍ത്തും അപകടം പിടിച്ച ഈ ജോലിക്ക് കുട്ടികളെ ഉപയോഗിക്കുന്നത് വലിയ എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡ് പോലൊരു സംസ്ഥാനത്ത് ജീവനോപാധിക്ക് ധാരാളം മാര്‍ഗങ്ങളിലായിരുന്നു. അതുകൊണ്ട് ഇത്തരം ജോലിക്ക് നിരവധി പേരാണ് വന്നിരുന്നത്. പ്രായപൂര്‍ത്തിയായതെന്ന് പറഞ്ഞ് നിരവധി കുട്ടികളും ഈ ജോലിക്ക് വരാറുണ്ടായിരുന്നു.
2014ലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ റാറ്റ് ഹോള്‍ മൈനിംഗ് നിരോധിച്ചത്. അശാസ്ത്രീയമായ ഖനനമായിരുന്നു കാരണം. എന്നാല്‍ വ്യാപകമായി ഈ ഖനനം തന്നെ പലയിടത്തും തുടര്‍ന്നിരുന്നു. നിരവധി അപകടങ്ങളും മരങ്ങളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഭവിച്ചിരുന്നു. 2018ല്‍ ഖനിയില്‍ പതിനഞ്ച് പേര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയിരുന്നു. ഇവര്‍ നിയമവിരുദ്ധമായ ഖനനത്തിലാണ് ഏര്‍പ്പെട്ടിരുന്നത്.
ഇതില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. രണ്ട് മാസത്തോളം രക്ഷാപ്രവര്‍ത്തനം നീണ്ടിരുന്നു. 2021ലും അത്തരമൊരു അപകടം നടന്നിരുന്നു. അഞ്ച് ഖനി തൊഴിലാളികളാണ് വെള്ളപ്പൊക്കത്തെതുടര്‍ന്ന് ഖനിയില്‍ കുടുങ്ങിയത്. ഇതില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പിന്നീട് രക്ഷാപ്രവര്‍ത്തനം തന്നെ നിര്‍ത്തുകയായിരുന്നു.
ഇത്രയധികം അപകടങ്ങള്‍ ഉണ്ടാക്കിയ ഖനനമാണ് ഇപ്പോള്‍ ഉത്തരകാശിയില്‍ രക്ഷയായിരിക്കുന്നത്. രണ്ട് സ്‌പെഷ്യലിസ്റ്റുകള്‍, ഡല്‍ഹിയില്‍ നിന്നുള്ള പന്ത്രണ്ട് പേര്‍ എന്നിവരാണ് ഈ പ്രത്യേക ടാസ്‌കിനായി സില്‍ക്യാരയില്‍ എത്തിയത്. ഇവര്‍ റാറ്റ് ഹോള്‍ മൈനേഴ്‌സ് അല്ലെന്നും വിദഗ്ധരാണെന്നും ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നോഡല്‍ ഓഫീസര്‍ നീരജ് ഖെയിര്‍വാള്‍ പറയുന്നു. വിദഗ്ധരില്‍ ഒരാള്‍ ഡ്രില്‍ ചെയ്യുകയും, മറ്റൊരാള്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ ശേഖരിക്കുകയും, മൂന്നാമത്തെയാള്‍ അത് ട്രോളിയിലാക്കി പുറത്തെത്തിക്കുകയുമാണ് ചെയ്യുകയെന്ന് വിദഗ്ധരില്‍ ഒരാളായ രജ്പുത്ത് റായ് പറഞ്ഞു.












Click it and Unblock the Notifications