എന്താണ് സനാതന ധര്‍മ്മം? ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് വിവാദമാകുന്നത് എന്തുകൊണ്ട്?
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന ധര്‍മ്മ വിരുദ്ധ പരാമര്‍ശം രാജ്യവ്യാപകമായി ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിര്‍ക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നത്.
ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യാ മുന്നണിയിലും ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുമെന്നും വേണ്ടി വന്നാല്‍ അതേ നിലപാട് ഇനിയും പറയുമെന്നുമാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സനാതന ധര്‍മ്മം എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നമുക്ക് നോക്കാം.

ശാശ്വതമായതോ അല്ലെങ്കില്‍ പൂര്‍ണ്ണമായതോ ആയ കര്‍ത്തവ്യങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമെന്നോ വര്‍ഗമോ ജാതിയോ വിഭാഗമോ പരിഗണിക്കാതെ എല്ലാ ഹിന്ദുക്കള്‍ക്കും ബാധകമായ മതപരമായ ആചാരങ്ങളെന്നോ സനാതന ധര്‍മ്മത്തെ വിശേഷിപ്പിക്കാം എന്നാണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ പറഞ്ഞിരിക്കുന്നത്. സനാതനം എന്നാല്‍ ശാശ്വതമായത് എന്നും ധര്‍മ്മം എന്നാല്‍ കടമ, ഉത്തരവാദിത്തം അല്ലെങ്കില്‍ മതപരമായ കടമ എന്നതിനേയും സൂചിപ്പിക്കുന്നു.
ഏകദേശം 6000 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഹിന്ദുമതം എന്നാണ് പറയപ്പെടുന്നത്. അതേസമയം ബിസി 3000 നും ബിസി 15000 നുമിടയിലാണ് ഹിന്ദുമതം ഉത്ഭവിച്ചത് എന്ന് ചില പണ്ഡിതര്‍ അവകാശപ്പെടുനന്നുണ്ട്. ഹിന്ദുമതം അടിസ്ഥാനപരമായി സനാതന ധര്‍മ്മത്തിന്റെ ആധുനിക രൂപമാണ്. സനാതന ധര്‍മ്മമനുസരിച്ച് എല്ലാ സൃഷ്ടികളും ശാശ്വതമായ കടമ പിന്തുടരാനുള്ള ഉത്തരവാദിത്തം പേറുന്നവരാണ്.
ഈ ഗ്രഹത്തിലെ ഒരാളുടെ പെരുമാറ്റത്തെ നയിക്കുകയും ഒരാളുടെ മതപരമായ കടമകള്‍ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ധാര്‍മ്മികവും ആത്മീയവുമായ തത്വങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉപനിഷത്തുകള്‍, താന്ത്രിക ഗ്രന്ഥങ്ങള്‍, വേദാന്ത സൂത്രങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവയെല്ലാം വേദഗ്രന്ഥങ്ങളില്‍ സനാതന ധര്‍മത്തെക്കുറിച്ച് പറയുന്നുണ്ട്. രാമായണത്തിലും മഹാഭാരതത്തിലും സനാതന ധര്‍മത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.
അതേസമയം സനാതന ധര്‍മം പുനര്‍ജന്മത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ് എന്നും ജൈനമതം, ബുദ്ധമതം, ഹിന്ദുമതം എന്നിവയില്‍ പുനര്‍ജന്മമെന്ന ആശയം ഉള്ളതായും ചില പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. സത്യസന്ധത, ദയ, ക്ഷമ, മഹാമനസ്‌കത തുടങ്ങിയ ഗുണങ്ങള്‍ സനാതന ധര്‍മത്തില്‍ അടങ്ങിയിരിക്കുന്നു എന്നാണ് പണ്ഡിതര്‍ പറയുന്നത്. സനാതന ധര്‍മ്മത്തിലെ സാമൂഹികഘടന ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമാണ്.












Click it and Unblock the Notifications