സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധം എന്ന് സര്‍ക്കാര്‍; അല്ലെന്ന് മന്ത്രി, നിരീക്ഷണ വലയം എന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: സഞ്ചാര്‍ സാഥി എന്ന ആപ്പ് എല്ലാ മൊബൈല്‍ ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന് ടെലികമ്യൂണിക്കേഷന്‍ വകുപ്പ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണുകളിലും ഇറക്കുമതി ചെയ്യുന്ന ഫോണുകളിലും ഇത് നിര്‍ബന്ധമാണ്. സര്‍ക്കാര്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്പ് ആണ് സഞ്ചാര്‍ സാഥി. മൊബൈല്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണിത് എന്ന് സര്‍ക്കാര്‍ പറയുന്നു.
ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. പൗരന്മാരെ നിരീക്ഷിക്കാനുള്ള നീക്കമാണിത് എന്ന് അവര്‍ കുറ്റപ്പെടുത്തി. പ്രിയങ്ക ഗാന്ധി, കാര്‍ത്തി ചിദംബരം, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശിച്ചു. പെഗാസസ് മോഡലിലുള്ള ആപ്പ് ആണിത് എന്നും ജനങ്ങളുടെ സ്വകാര്യത ഹനിക്കുന്ന നീക്കമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ ആപ്പ് നിര്‍ബന്ധമല്ല എന്നാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഏറ്റവും ഒടുവില്‍ അറിയിച്ചിരിക്കുന്നത്.

നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍ വിശ്വാസയോഗ്യമാണോ എന്ന് തിരിച്ചറിയാല്‍ സഞ്ചാര്‍ സാഥി ആപ്പ് വഴി സാധിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. മാത്രമല്ല, ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താന്‍ സഹായിക്കും. സംശയകരമായ കോള്‍, തട്ടിപ്പ് എന്നിവയില്‍ നിന്ന് തടയും തുടങ്ങിയ കാര്യങ്ങളും ആപ്പിന്റെ ഗുണമായി പറയപ്പെടുന്നുണ്ട്. പൗരന്റെ ഡിജിറ്റല്‍ സുരക്ഷയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതത്രെ.
പുതിയ ഫോണുകളില്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്യണം, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫോണുകളിലും നിര്‍ബന്ധമായും ആപ്പ് ഉണ്ടാകണം എന്നും നിര്‍ദേശമുണ്ട്. ഡിജിറ്റല്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ആപ്പ് വഴി സാധിക്കും. അടുത്ത കാലത്തായി ഇത്തരം തട്ടിപ്പുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഫോണ്‍ നഷ്ടപ്പെട്ടാല്‍ ദുരുപയോഗം ചെയ്യുന്നത് വേഗം തടയാനും ഫോണ്‍ ബ്ലോക്ക് ചെയ്യാനും ആപ്പ് വഴി സാധിക്കും.
ഐഎംഇഐ നമ്പര്‍ പരിശോധിക്കാം, നിങ്ങളുടെ ഐഡി ഉപയോഗിച്ച് എത്ര സിം കാര്‍ഡുകള്‍ നിലവിലുണ്ട് എന്ന് കണ്ടെത്താം, മൊബൈല്‍ ദുരുപയോഗം തടയാം, തട്ടിപ്പില്‍ നിന്ന് പൗരന്മാരെ സഹായിക്കാം എന്നിവയും ആപ്പിന്റെ ഗുണമായി പറയപ്പെടുന്നു. എന്നാല്‍ ഇത് നിര്‍ബന്ധമായും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് വിവാദമായത്.
കേന്ദ്രമന്ത്രിയുടെ വിശദീകരണം
പുതിയ ഫോണുകളില്‍ പ്രത്യേകം ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യമില്ല. സഞ്ചാര്‍ സാഥി ആപ്പ് ഉള്‍പ്പെടുത്തിയാണ് പുതിയ ഫോണുകള്‍ വിപണിയില്‍ എത്തുക. പഴയ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അല്ലെങ്കില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ സമയത്ത് ഫോണില്‍ ഈ ആപ്പ് തെളിയും. മൊബൈല്‍ നമ്പര്‍ വച്ച് ലോഗിന്‍ ചെയ്താണ് ഉപയോഗിക്കേണ്ടത്.
ആപ്പ് നിര്‍ബന്ധമായി ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദേശമുണ്ടായതോടെയാണ് പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ നിര്‍ബന്ധമില്ല എന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു. ആവശ്യമില്ലെങ്കില്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യാം. എല്ലാ ഫോണിലും ആപ്പ് അവതരിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ ചുമതലയാണ്. ഡിലീറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications