ചൈനയുടെ നിഗൂഢ നീക്കം; ഇന്ത്യയ്ക്ക് സുപ്രധാനം സിലിഗുരി ഇടനാഴി... ഇടുങ്ങിയ കവാടം
അതിര്‍ത്തിയില്‍ ചൈന നടത്തുന്ന ഓരോ നീക്കവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഭൂട്ടാനും ചൈനയും തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തുന്നതാണ് സമീപ ദിവസങ്ങളിലെ വാര്‍ത്ത. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഭൂട്ടാന്‍ ചൈനയുമായി അടുക്കുകയാണോ. ഈ വേളയില്‍ വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ് സിലിഗുരി ഇടനാഴി.
ഭൂട്ടാന്‍ അതിര്‍ത്തിയിലേക്ക് മാത്രമല്ല, മറ്റു രാജ്യങ്ങളിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള വാതിലാണ് ഈ ഇടനാഴി. ചൈനയെ പ്രതിരോധിക്കുന്നതില്‍ ഈ മേഖലയ്ക്കുള്ള പ്രധാന്യം ചെറുതല്ല. ഇന്ത്യയില്‍ ഇത്രയും ഇടുങ്ങിയ ഒരു സ്ഥലമുണ്ടെന്ന് അറിയുമ്പോള്‍ ആര്‍ക്കും ആശ്ചര്യമാകും. ഈ വഴിയിലൂടെ പോയാല്‍ എത്തുന്നത് വിശാലമായ ലോകത്തേക്കാണ്. അറിയാം സിലിഗുരി കോറിഡോറിനെ കുറിച്ച്....

പശ്ചിമ ബംഗാളിലെ അതിര്‍ത്തി മേഖലയാണ് സിലിഗുരി. ഈ പ്രദേശത്തെ മറ്റു രാജ്യങ്ങളുമായും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നത് സിലിഗുരി ഇടനാഴിയാണ്. കോഴിയുടെ കഴുത്ത് എന്നും ഈ സ്ഥലത്തിന് വിളിപ്പേരുണ്ട്. 17 കിലോമീറ്റര്‍ മാത്രമാണ് ഈ പ്രദേശത്തിന്റെ വീതി. നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്.
ഡാര്‍ജലിങ്, ജല്‍പായ്ഗുരി, തെരായ് എന്നീ ബംഗാളിലെ പ്രദേശങ്ങളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നത് സിലിഗുരി ഇടനാഴിയാണ്. എട്ട് സംസ്ഥാനങ്ങളെ രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന പാത കൂടിയാണിത്. വ്യാപാരം, വാണിജ്യം, ടൂറിസം എന്നീ ആവശ്യങ്ങള്‍ക്ക് ലക്ഷക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള ഏക റെയില്‍, റോഡ് മാര്‍ഗവും സിലിഗുരി ഇടനാഴിയാണ്. രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് സൈനികര്‍ അവശ്യവസ്തുക്കള്‍ എത്തിക്കുന്നതും ഇതുവഴിയാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് സുപ്രധാന പങ്കാണ് സിലിഗുരി കോറിഡോറിനുള്ളത്.
ചൈനീസ് അതിര്‍ത്തിയിലെ ഇന്ത്യയുടെ മൂന്ന് സൈനിക കേന്ദ്രങ്ങളിലേക്ക് ന്യൂ ജയ്പാല്‍ഗുരി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വിവിധ ലൈനുകളുണ്ട്. ഒരു ലൈന്‍ പോകുന്നത് അസമിലെ ഗുവാഹത്തിയിലേക്കാണ്. അരുണാചല്‍ പ്രദേശിലെ തന്ത്രപ്രധാന സ്ഥലമായ തവാങിലേക്ക് ഗുവാഹത്തിയില്‍ നിന്ന് റോഡ് മാര്‍ഗം പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 400 അടി ഉയരത്തിലാണ് സിലിഗുരി.
ബംഗാളിലെ മറ്റു ജില്ലകളിലെല്ലാം സിപിഎം തോറ്റപ്പോഴും സിലിഗുരിയില്‍ ചെങ്കൊടി ഉയര്‍ന്നു നിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു. ബംഗാളില്‍ കൊല്‍ക്കത്ത കഴിഞ്ഞാലുള്ള വലിയ നഗരം സിലിഗുരിയാണ്. ഒട്ടേറെ രാജ്യങ്ങളില്‍ നിന്നുള്ള വസ്ത്രങ്ങളും മറ്റും ഇവിടെയുള്ള വിപണിയില്‍ കിട്ടും. ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യയുടെ സൈനികര്‍ പോകുന്നതും ആയുധങ്ങളെത്തിക്കുന്നതും സിലിഗുരിയിലൂടെയാണ്. ഭൂപ്രകൃതിയില്‍ ഏറെകുറെ കേരളത്തിന് സമാനമാണ് സിലിഗുരി.












Click it and Unblock the Notifications