മഹുവയ്ക്ക് പിഴച്ച് തുടങ്ങിയത് എവിടെ മുതല്‍: വിടാതെ പിന്നാലെ കൂടിയ ദുബെ; ഒടുവില്‍ പടിയിറക്കം
ഡല്‍ഹി: പാർലമെന്റില്‍ സർക്കാറിനെതിരെ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്നും പുറത്താക്കിയിരിക്കുകായണ്. എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിനെ തുടർുന്നുള്ള നടപടയില്‍ സർക്കാറിനും ബി ജെ പിക്കുമെതിരെ വലിയ വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
നരേന്ദ്ര മോദി സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതിനായി പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചതിന് പകരമായി വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണവും ആഡംബര സമ്മാനങ്ങളും സ്വീകരിച്ചുവെന്ന ആരോപണമാണ് 49 കാരിയായ മഹുവ മൊയ്ത്രയ്ക്ക് തിരിച്ചടിയായത്.

ഒക്‌ടോബർ 14-ന് സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി എംപിക്കെതിരെ സി ബി ഐയില്‍ പരാതി നൽകുകയും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറുകയും ചെയ്തതോടെയാണ് മഹുവയ്ക്കെതിരായ ആരോപണങ്ങള്‍ ചർച്ചയായി ഉയർന്ന് വരുന്നത്. തനിക്കെതിരായ എല്ലാ ആരോപണങ്ങളേയും തൃണമൂല്‍ നേതാവ് തുടക്കത്തില്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു.
ബി ജെ പി എംപി നിഷികാന്ത് ദുബെ ആരോപണം ഏറ്റ് പിടിച്ചത് മെഹുവയ്ക്ക് കൂടുതല്‍ തിരിച്ചടിയാവുകയായിരുന്നു. മഹുവയെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ലോക്സഭ സ്പീക്കർക്ക് കത്ത് അയക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയെയും അദാനി ഗ്രൂപ്പിനെയും വിമർശിക്കുന്ന ചോദ്യങ്ങൾ പാർലമെന്റിൽ ചോദിച്ചതിന് പകരമായി മഹുവ ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം ദുബെ ശക്തമാക്കി.
എംപിയുടെ നടപടി പാർലമെന്ററി പദവിയുടെ ലംഘനം, സഭയെ അവഹേളിക്കുക, ക്രിമിനൽ ഗൂഢാലോചന എന്നിവയ്ക്ക് കാരണമാകുമെന്നും ദുബെ അവകാശപ്പെട്ടു. ദുബെയുടെ പരാതി പാർലമെന്റിന്റെ എത്തിക്‌സ് പാനൽ പരിഗണിക്കുകയും അദ്ദേഹത്തെയും ദേഹാദ്രായിയെയും വിളിച്ചുവരുത്തുകയും ചെയ്തു. ഇതിനിടെയാണ് അദാനി ഗ്രൂപ്പിനെ ലക്ഷ്യം വച്ചുള്ള ചോദ്യങ്ങളുടെ രൂപീകരണത്തിനും പോസ്റ്റിംഗിനും സൗകര്യമൊരുക്കാൻ മഹുവ മൊയ്ത്രയുടെ പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് താന്‍ ദുബായില്‍നിന്ന് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തുവെന്നും ഹിരാനന്ദാനി സത്യവാങ്മൂലം നല്‍കുന്നത്.
മഹുവ തന്റെ പാസ്‌വേഡും ലോഗിന്‍ വിവരങ്ങളും തനിക്ക് നല്‍കിയെന്ന് ദര്‍ശന്‍ ഹിരാനന്ദാനി സമ്മതിക്കുന്ന സത്യവാങ്മൂലം ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ നല്‍കുകയും ഇത് പുറത്തുവരികയും ചെയ്തിരുന്നു. ഇത് സി ബി ഐക്ക് കൈമാറിയിട്ടുണ്ടെന്നും ഹിരാനന്ദാനി പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സമ്മര്‍ദം ചെലുത്തി ഹിരാനന്ദാനിയെക്കൊണ്ട് വെള്ളപേപ്പറില്‍ ഒപ്പ് ഇടീപ്പിക്കുകയായിരുന്നുവെന്നായിരുന്നു മഹുവ പറഞ്ഞത്.
ഒക്‌ടോബർ 31-ന് ഹാജരാകാനുള്ള എത്തിക്സ് കമ്മറ്റിയുടെ നിർദേശം മഹുവ പാലിച്ചിരുന്നില്ല. വൈകുന്നേരം 7:20-ന് ഇമെയിൽ വഴി ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് കമ്മിറ്റി ചെയർമാൻ തത്സമയ ടെലിവിഷനിൽ തന്റെ സമൻസ് പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നായിരുന്നു എംപിയുടെ ആരോപണം. തന്നെ വേട്ടയാടുന്നുവെന്നും എംപി ആവർത്തിച്ചു.
നവംബർ 2 ന് മഹുവ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായെങ്കിലും ഇറക്കുവെച്ച് ഇറങ്ങിപ്പോയി. കമ്മിറ്റിയുടെ ചോദ്യം ചെയ്യൽ പക്ഷപാതപരവും അന്യായവുമാണെന്നും കാട്ടി എംപി സ്പീക്കർക്ക് കത്ത് എഴുതുകയും ചെയ്തു. സഹകരണമില്ലായ്മയും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിച്ചതുമാണ് പാതിവഴിയിലെ ഇറങ്ങിപ്പോക്കിന് ഇടയാക്കിയതെന്നായിരുന്നു എത്തിക്സ് കമറ്റിയുടെ വിശീകരണം.
മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്തുകൊണ്ട് നവംബർ 10-ന് എത്തിക്‌സ് കമ്മിറ്റി സ്പീക്കർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഹിരാനന്ദാനിക്ക് വേണ്ടി പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് പകരമായി അവൾ "നിയമവിരുദ്ധമായ സമ്മാനങ്ങള്‍" സ്വീകരിച്ചുവെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. എത്തിക്‌സ് കമ്മിറ്റിയിലെ പത്തിൽ ആറ് പേരും 479 പേജുള്ള റിപ്പോർട്ട് അംഗീകരിക്കുകയായിരുന്നു.
ഇന്നാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പാർലമെന്റിന് മുന്നില്‍ വരുന്നത്. ഉച്ചകഴിഞ്ഞുള്ള സെഷനിൽ പാനൽ ചെയർമാൻ വിനോദ് കുമാർ സോങ്കർ റിപ്പോർട്ട് മേശപ്പുറത്ത് വച്ചതോടെ പ്രതിപക്ഷം വലിയ പ്രതിഷേധവും ഉയർത്തി. റിപ്പോർട്ട് ലഭ്യമാക്കണമെന്നും നടപടിയെടുക്കുന്നതിന് മുമ്പ് ചർച്ച വേണമെന്നും ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി.
മുതിർന്ന ടിഎംസി അംഗമായ കല്യാൺ ബാനർജി, മൊയ്ത്രയെ പുറത്താക്കുന്നതിനെക്കുറിച്ചുള്ള വോട്ടെടുപ്പിന് മുമ്പ് ചർച്ച വേണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭ ഇടക്ക് നിർത്തിവെക്കേണ്ടി വരികയും ചെയ്തു. റിപ്പോർട്ട് മേശപ്പുറത്ത് വെച്ചതിന് പിന്നാലെയാണ് എംപിയെ പുറത്താക്കുകയും ചെയ്തു. തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് മഹുവ ആവശ്യപ്പെട്ടെങ്കിലും അത് അനുവദിക്കപ്പെട്ടില്ല.












Click it and Unblock the Notifications