മോദി പറഞ്ഞ ദിവസം നാളെ തീരും, ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും
പഴയ നോട്ട് ബാങ്കില്‍ നിക്ഷേപിക്കാന്‍ നല്‍കിയ 50 ദിവസത്തെ സമയപരിധി നാളെ തീരും. ഇനി എന്തൊക്കെ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ഒന്നും പറയാന്‍ പറ്റില്ല.
ദില്ലി: കൈയിലുള്ള പഴയ നോട്ട് ബാങ്കില്‍ നിക്ഷേപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ 50 ദിവസത്തെ സമയപരിധി നാളെ തീരും. ഇനി എന്തൊക്കെ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ഒന്നും പറയാന്‍ പറ്റില്ല. എന്നാലും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ബുധനാഴ്ച പാസാക്കിയ ഓര്‍ഡിനന്‍സ് പ്രകാരം അടുത്ത മാര്‍ച്ച് 31ന് ശേഷം പഴയ നോട്ടുകള്‍ കൈവശം വയ്ക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ബ്രാഞ്ചുകള്‍ വഴി പഴയ നോട്ടുകള്‍ നിക്ഷേപിക്കാം. അതിന് രേഖകള്‍ കാണിക്കുകയും വേണം. തെറ്റായ വിവരങ്ങള്‍ നല്‍കി ബാങ്കിനെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന വിരുതന്‍മാര്‍ പിഴയൊടുക്കേണ്ടി വരും. എന്നാല്‍ ഡിസംബര്‍ 30 നും മാര്‍ച്ച് 31 നുമിടയില്‍ പഴയ നോട്ട് നിക്ഷേപിക്കുന്നവര്‍ക്കാണോ അതോ മാര്‍ച്ച് 31ന് ശേഷം നിക്ഷേപിക്കുന്നവര്‍ക്കാണോ ശിക്ഷ കിട്ടുകയെന്ന് വ്യക്തമല്ല.

കള്ളപ്പണം സൂക്ഷിച്ചവര്‍ക്കു അതു വെളുപ്പിക്കാനുള്ള അവസാന അവസരമാണിത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പദ്ധതി പ്രകാരം ഇതിനായി ഡിസംബര്‍ 17ന് ഒരു പ്രഖ്യാപനം വന്നിരുന്നു. മാര്‍ച്ച് 31 വരെയുള്ള വെളിപ്പെടുത്തലുകള്‍ക്കാണ് പദ്ധതി പ്രകാരം സ്വീകാര്യതയുണ്ടാവുക. കൂടാതെ വെളിപ്പെടുത്താത്ത വരുമാനം പിടിക്കപ്പെട്ടാല്‍ 30 ശതമാനം നികുതി അടക്കേണ്ടി വരും. 33 ശതമാനം സര്‍ച്ചാര്‍ജ്, വരുമാനത്തിന്റെ പത്ത് ശതമാനം പിഴ, വരുമാനത്തിന്റെ 25 ശതമാനം നിര്‍ബന്ധമായും നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങളും അടങ്ങിയതാണ് 17ലെ പ്രഖ്യാപനം.

പദ്ധതി പ്രകാരം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നവര്‍ക്ക് ചില ആനുകൂല്യങ്ങളുണ്ട്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി സ്വത്തിടപാട്, വിദേശ കറന്‍സി കൈമാറ്റ ലംഘനം തുടങ്ങിയ കേസുകള്‍ ഇവര്‍ക്ക് നേരിടേണ്ടി വരില്ല.

കേന്ദ്രസര്‍ക്കാരിന്റെ അടുത്ത നീക്കം ബിനാമി സ്വത്തുക്കള്‍ക്കെതിരായാണ്. ബിനാമി സ്വത്തിടപാടുകള്‍ നടത്തുന്നവര്‍ക്ക് ഇരുമ്പഴി നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മോദി അടുത്തിടെ പറഞ്ഞിരുന്നു.

വരവില്‍ കവിഞ്ഞ വരുമാനമുള്ളവരെ സംബന്ധിച്ച് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. അഴിമതി പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന പൗരന്‍മാരെ സംരക്ഷിക്കുന്ന തീരുമാനങ്ങളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.

2014-15 സാമ്പത്തിക വര്‍ഷം വലിയ സംഖ്യ ഇടപാട് നടത്തിയവര്‍ക്കെതിരേയും ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതി അടക്കാതെ രക്ഷപ്പെട്ടവര്‍ക്കുമെതിരേ ആദായ നികുതി വകുപ്പ് നടപടിക്കൊരുങ്ങുകയാണ്. ഇതുവരെ ശ്രദ്ധയില്‍പ്പെട്ട നികുതി വെട്ടിപ്പുകള്‍ക്കെതിരേ 3589 നോട്ടീസുകള്‍ അയച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം രാജ്യവ്യാപകമായി പലയിടത്തും റെയ്ഡ് നടക്കുകയാണ്.

കാഷ്‌ലെസ് പണമിടപാടുകളെ കുറിച്ച് ഇപ്പോഴാണ് പലയാളുകളും കാര്യമായി ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇടപാട് എങ്ങനെ നടത്തുമെന്ന് അറിയില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ 14444 എന്ന ടോള്‍ ഫ്രീ നമ്പര്‍ രാജ്യവ്യാപകമായി ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ടെലിവിഷന്‍ വഴി പരസ്യം നല്‍കി സര്‍ക്കാര്‍ കാഷ്‌ലെസ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുകയാണ്. ഈ ഇടപാട് പ്രോല്‍സാഹിപ്പിക്കാന്‍ നറുക്കെടുപ്പ് പരിപാടികളും ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications