കേന്ദ്ര ബജറ്റില്‍ നികുതി പരിഷ്‌കരണം ഉറപ്പ്, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് നികുതിയും ചുമത്തും
ഗ്രാമീണ വികസനത്തിനാണ് ബജറ്റില്‍ മുന്‍തൂക്കം നല്‍കുകയെന്ന് അഭ്യൂഹമുണ്ട്
ദില്ലി: കേന്ദ്ര ബജറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചില സൂചനകളും പ്രതീക്ഷകള്‍ക്കും നല്‍കി ധനമന്ത്രാലയം, നികുതി പരിഷ്‌കരണം ഉണ്ടാവുമെന്നാണ് ധനമന്ത്രി നല്‍കുന്ന സൂചന. അതോടൊപ്പം കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്തുമെന്നും സൂചനയുണ്ട്. നികുതി പരിഷ്‌കരണം ഉണ്ടാവുമെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് ജെയ്റ്റ്‌ലിയുടെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങളാണ്.
2014 ജൂലൈ 10ന് അവതരിപ്പിച്ച മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 60 വയസിന് താഴെയുള്ളവര്‍ നികുതി നല്‍കേണ്ട പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി വര്‍ധിപ്പിച്ചിരുന്നു. സീനിയര്‍ സിറ്റിസണ്‍സിന്റെ പരിധിയും വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക വായ്പയുടെ പലിശ ഇളവിനെ സംബന്ധിച്ചും അന്നത്തെ ബജറ്റില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിന് ശേഷം ജെയ്റ്റ്‌ലിയുടെ ബജറ്റില്‍ വ്യക്തിപരമായി ഗുണം ചെയ്യുന്ന പരാമര്‍ശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴത്തേത് തെരഞ്ഞെടുപ്പിന് മുന്‍പുള്ള മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റായതിനാല്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

സമ്പന്ന കര്‍ഷകര്‍ക്ക് നികുതി ചുമത്തും
രാജ്യത്തെ കര്‍ഷകരെല്ലാം ദരിദ്രരാണെന്ന അഭിപ്രായമല്ല സര്‍ക്കാരിനുള്ളത്. അതുകൊണ്ട് തന്നെ സമ്പന്ന കര്‍ഷകരില്‍ നിന്ന് സാധാരണ രീതിയിലുള്ള നികുതി തന്നെ ഈടാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങളെ നികുതിമുക്തമാക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രാലയം ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നികുതി ഈ വര്‍ഷം 25,000 കോടിയോളം പിരിക്കാന്‍ സാധിച്ചെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കാര്‍ഷിക നികുതി പിരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നാണ് വിലയിരുത്തല്‍.

ഗ്രാമീണ വികസനത്തിനായി പദ്ധതികള്‍
ഗ്രാമീണ വികസനത്തിനാണ് ബജറ്റില്‍ മുന്‍തൂക്കം നല്‍കുകയെന്ന് അഭ്യൂഹമുണ്ട്. കാര്‍ഷിക മേഖലയിലെ ആധുനികവല്‍ക്കരണം പ്രത്യേക പ്രവര്‍ത്തനവും ആണ് സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം. ജലവിതരണവും ഇതില്‍ ഉള്‍പ്പെടും. ഗ്രാമീണ വികസനത്തിനായി നിരവധി സംരംഭങ്ങള്‍ തുടങ്ങുന്നത് സംബന്ധിച്ച പ്രഖ്യാപനം ജെയ്റ്റ്‌ലിയുടെ ബജറ്റിലുണ്ടാവും. വെയര്‍ ഹൗസിങ്, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുള്ള താങ്ങുവില, വളത്തിന്റെ കേന്ദ്രങ്ങള്‍ എന്നിവയും പ്രഖ്യാപിച്ചേക്കും.

ഊര്‍ജമേഖലയെ മികവുറ്റതാക്കും
രാജ്യത്തെ ഊര്‍ജമേഖല മികച്ചതല്ലെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ഊര്‍ജ വിതരണം പ്രധാന ഘടകമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. സൗരോര്‍ജ പ്ലാന്റുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ നടപടിയുണ്ടാവുമെന്നാണ് അഭ്യൂഹം. ആണവ നിലയങ്ങള്‍ക്കായി പ്രമുഖരാജ്യങ്ങളുമായി കരാറിലെത്താനും നിലവിലെ ആണവ നിലയങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഊര്‍ജ പ്രതിസന്ധികള്‍ പരിഹരിക്കാനുമുള്ള പദ്ധതികളും ജെയ്റ്റ്‌ലി പ്രഖ്യാപിച്ചേക്കും.

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പ്രാധാന്യം
മോഡി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയെ വളര്‍ത്താനുള്ള ശ്രമങ്ങളായിരിക്കും ബജറ്റങില്‍ ഉണ്ടാവുക. പാന്‍ അപേക്ഷകള്‍ ഇനി മുതല്‍ മുഴുവനായും ഓണ്‍ലൈന്‍ വഴിയാക്കാന്‍ സാധ്യതയുണ്ട്. നികുതി രേഖകളും സമര്‍പ്പിക്കേണ്ടതും ഓണ്‍ലൈന്‍ വഴിയാക്കും. നികുതിദായകരുടെ അപേക്ഷകള്‍ പെട്ടെന്ന് പരിഗണിക്കാനും അതില്‍ നടപടിയുണ്ടാക്കാനും ശ്രമിക്കണമെന്ന് നിര്‍ദേശവും ബജറ്റിലുണ്ടാകും. രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള നടപടികളും എളുപ്പത്തിലാക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications