കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിടിവിയില്‍ സംഭവിക്കുന്നതെന്ത്? സിബിഐ ആയുധമാക്കപ്പെടുന്നു!!

വിദേശനാണ്യ ചട്ടം ലംഘിച്ചതിന് 2015ല്‍ എന്‍ഡിടിവിക്ക് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു

Google Oneindia Malayalam News

സിബിഐ ഇന്ത്യയില്‍ എന്നും രാഷ്ട്രീയ ആയുധമാണ്. എതിരെ നില്‍ക്കുന്നവരെ വീഴ്ത്താനാണ് ഏതു സര്‍ക്കാരും പ്രധാനമായും സിബിഐയെ ഉപയോഗിച്ചിട്ടുള്ളത്. രാജ്യത്തെ മുന്‍നിര ചാനലായ എന്‍ഡിടിവിക്കെതിരേ കുറച്ചുനാളായി തുടരുന്ന സിബിഐ നീക്കം തിങ്കളാഴ്ച രാവിലെ പ്രണോയ് റോയിയുടെ വീട്ടിലെ റെയ്ഡില്‍ കലാശിച്ചതിനു പിന്നിലും ചില കളികളുണ്ടെന്ന സംശയം ബലപ്പെടുകയാണ്.

ഇതിനര്‍ത്ഥം എന്‍ഡിടിവി ഒരു സംശുദ്ധമായ ചാനലാണെന്നോ അതിന്റെ തലവന്‍ പ്രണോയ് റോയ് പച്ചപ്പരമാര്‍ത്ഥിയാണെന്നോ അല്ല. വിദേശനാണ്യ ഇടപാടില്‍ കുഴപ്പം വരുത്തിതുള്‍പ്പെടെ റോയ് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് അദ്ദേഹം നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങുക തന്നെ വേണം. വിദേശനാണ്യ ചട്ടം ലംഘിച്ചതിന് 2015ല്‍ എന്‍ഡിടിവിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് കൊടുത്തിരുന്നതാണ്.

prannoy-roy

പ്രണോയ് റോയിയുടെ മാനസപുത്രി ബര്‍ഖാ ദത്ത് തന്നെ ഏതാനും വര്‍ഷം മുന്‍പ് വലിയ ആരോപണത്തില്‍ കുടുങ്ങിയതും നാം കണ്ടതാണ്. അന്ന് പ്രണോയ് റോയ് ആ വിഷയത്തിനു മുന്നില്‍ കണ്ണടയ്ക്കുകയുമായിരുന്നു. അതെന്തായാലും, ഒരു മാധ്യമസ്ഥാപനത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നീക്കമുണ്ടാവുമ്പോള്‍ സംസാരിക്കാതെ വയ്യല്ലോ.

പ്രണോയ് റോയ്ക്കും ഭാര്യക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത് വിദേശവിനിമയ ചട്ട ലംഘനത്തിനും സ്വകാര്യബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനുമാണ്. ഈ നീക്കത്തെ കേന്ദ്ര സര്‍ക്കാരിനു വേണ്ടി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ന്യായീകരിക്കുകയും ചെയ്തു. ആരെയും കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നില്ലെന്നും സിബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്നുമാണ് നായിഡു പറഞ്ഞത്.

എന്നാല്‍, തങ്ങളെ വേട്ടയാടുക തന്നെയാണെന്നും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തുനില്‍ക്കുമെന്നുമാണ് എന്‍ഡിടിവി റെയ്ഡിനെക്കുറിച്ച് പ്രതികരിച്ചത്. രാജ്യത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു വിലക്കു വീഴുകയാണെന്നും പത്രക്കുറിപ്പ് ഓര്‍മിപ്പിക്കുന്നു.

അതവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ തിടുക്കപ്പെട്ട് എന്‍ഡിടിവിയെ സര്‍ക്കാര്‍ വളഞ്ഞിട്ടുപിടിച്ചതിനു പിന്നില്‍ രണ്ടു കാരണമങ്ങളാണ് പറയപ്പെടുന്നത്. ഒന്ന് എന്‍ഡിടിവിയുടെ പ്രഖ്യാപിത ബിജെപി വിരുദ്ധ നിലപാട്. രണ്ട്, കേന്ദ്ര സര്‍ക്കാരിനു വേണ്ടപ്പെട്ടവനായ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബഌക് ടിവിക്കും അംബാനിയുടെ നിയന്ത്രണത്തിലുള്ള ന്യൂസ് 18 ഗ്രൂപ്പിനും ഇന്ത്യന്‍ ആകാശത്ത് വലിയ എതിര്‍പ്പില്ലാതെ മുന്നോട്ടു പോകാന്‍ വഴിയൊരുക്കുക എന്ന തന്ത്രമാണ് പിന്നിലെന്നാണ്.

മറ്റൊരു കഥ കൂടി മറക്കാതിരിക്കുക. ഒരു സമയത്ത് കേന്ദ്രം ഭരിച്ചിരുന്നവരുടെ ഉറക്കം കെടുത്തിയ മാധ്യമ സ്ഥാപനമായിരുന്നു തെഹല്‍ക. സമര്‍ത്ഥമായ ഓപ്പറേഷനിലൂടെ തെഹല്‍ക്കയെ പൂട്ടിക്കെട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് തെഹല്‍ക്കയുടെ തലവന്‍ തരുണ്‍ തേജ്പാല്‍ അകത്തായത്. ആ കേസോടുകൂടി തെഹല്‍ക്കയുടെ കട്ടയും പടവും മടങ്ങിയെന്നു തന്നെ പറയാം. ബിജെപി അദ്ധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണ്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു തെഹല്‍ക്ക മാധ്യമലോകത്ത് തരംഗം സൃഷ്ടിച്ചതെന്ന കാര്യവും മറക്കാതിരിക്കുക. ഇന്ന് ആ തെഹല്‍ക പേരിനു മാത്രം വലിഞ്ഞിഴഞ്ഞു നടന്നുപോവുകയാണ്. ഒരു സ്‌കൂപ്പും പുറത്തുകൊണ്ടുവരാനുള്ള ശേഷി അവര്‍ക്കില്ലാതായിരിക്കുന്നു. ഇവിടെ നിന്നുകൊണ്ടാണ് എന്‍ഡിടിവിയുടെ ആസന്നമായ പതനത്തെ നോക്കിക്കാണേണ്ടത്.

മോഡി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എന്‍ഡിടിവി തുറന്നെതിര്‍ക്കുന്നുണ്ട്. നേരത്തേ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന വേളയിലും അവര്‍ ഒരു തിരുത്തല്‍ ശക്തിപോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. തിരുത്തല്‍ ശക്തികളെ ആര്‍ക്കും വേണ്ടാത്ത കാലമാണല്ലോ ഇത്. അതുകൊണ്ടുകൂടിയാണ് എന്‍ഡിവിക്കെതിരായ നീക്കം സംശയിക്കപ്പെടേണ്ടത്.

ഇനി അധികം ചര്‍ച്ചയില്‍ വരാത്ത ചില കാര്യങ്ങള്‍ കൂടി അറിയുക. എന്‍ഡിടിവി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമാണിത്. ഡിജിറ്റല്‍ രംഗത്തും ഇ കൊമേഴ്‌സ് രംഗത്തും അവര്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഇതില്‍ ഡിജിറ്റല്‍ ബിസിനസ് അത്യാവശ്യം കുഴപ്പമില്ലാതെ പോകുന്നുണ്ട്. ചാനലും ഇ കൊമേഴ്‌സും യഥാര്‍ത്ഥത്തല്‍ നഷ്ടത്തിലാണ്.

ചാനല്‍ വില്‍ക്കാനും പ്രണോയ് റോയ് ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്തിടെ യോഗാ ഗുരു രാംദേവുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രണോയ് റോയിയുമായി നേരിട്ടായിരുന്നില്ല ചര്‍ച്ച. ചാനലിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരുമായിട്ടായിരുന്നു ചര്‍ച്ച.

കഴിഞ്ഞ വര്‍ഷം സിഇഒ ആയി ചുമതലയേറ്റ കെവിഎല്‍ നാരായണ റാവു പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ചാനലിനെ നഷ്ടത്തില്‍ നിന്നു കരകയറ്റാനായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് വില്‍പ്പന എന്ന ആശയം വന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ചാനലിന്റെ വരുമാനം 396.03 കോടി രൂപയില്‍ നിന്ന 368.2 കോടി രൂപയായി താണിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി പിന്‍വലിക്കല്‍ നടപടികള്‍ക്കു ശേഷം പരസ്യ വരുമാനം ഇടിഞ്ഞതാണ് കമ്പനിക്ക് കനത്ത നഷ്ടമുണ്ടാക്കിയത്. അതിനു ശേഷം സ്‌പോണ്‍സര്‍ഷിപ്പ് വഴിയിലൂടെ വരുമാനമുണ്ടാക്കി മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടിരുന്നില്ല.

അങ്ങനെയാണ് രാംദേവില്‍ ശരണം പ്രാപിക്കാന്‍ പ്രണോയ് റോയ് നിര്‍ബന്ധിതനായത്. ഇപ്പോള്‍ കേസും കൂട്ടവുമായി എന്‍ഡിടിവിയുടെ ഷെയര്‍ വിലയും ഇടിയുകയാണ്. ഇന്ന് സിബി ഐ റെയ്ഡിനു പിന്നാലെ ചാനലിന്റെ ഓഹരി മൂല്യം ആറു ശതമാനം കണ്ട് ഇടിഞ്ഞിരുന്നു.

ഇപ്പോഴത്തെ റെയ്ഡ് കണ്ട് രാംദേവും ഉള്ളാലെ ചിരിക്കുന്നുണ്ടാവും. വെടക്കാക്കി തനിക്കാക്കുക എന്ന പ്രയോഗം പോലെ ചാനലിന്റെ ഓഹരി മൂല്യം ഇടിയുമ്പോള്‍ പോക്കറ്റില്‍ നിന്ന് അധികം പണം കളയാതെ തന്നെ വേണമെങ്കില്‍ യോഗ ഗുരുവിന് എന്‍ഡിടിവിയില്‍ ആധിപത്യം ഉറപ്പിക്കാനാവും.

എന്‍ഡിടിവിക്കു ഷട്ടര്‍ വീഴുകയോ ബാബാ രാംദേവ് പോലൊരാളുടെ കൈയില്‍ ചെന്നു പെടുകയോ ചെയ്യുമ്പോള്‍ ദേശീയ മാധ്യമരംഗത്തു വരുന്ന മാറ്റം കൂടി മനസ്സിലാക്കുക. റിപ്പബഌക് ടിവിയും അതന്റെ തലപ്പത്തുള്ള അര്‍ണബ് ഗോസ്വാമിയും കറകളഞ്ഞ ബിജെപി അനുകൂലികളാണ്. ചാനലിന്റെ നിക്ഷേപകനായ രാജീവ് ചന്ദ്രശേഖറാകട്ടെ ബിജെപിയുടെ രാജ്യസഭാ എംപിയുമാണ്.

എന്‍ഡിടിവിക്കൊപ്പം നിന്നിരുന്ന സിഎന്‍എന്‍ ഐബിഎന്‍ ചാനല്‍ മുകേഷ് അംബാനിക്കു പ്രാമുഖ്യമുള്ള ന്യൂസ് 18 ഗ്രൂപ്പ് സ്വന്തമാക്കുക വഴി ആ ചാനലും കാവി രാഷ്ട്രീയത്തിന്റെ പ്രിയപ്പെട്ട ചാനലായി മാറി. ഇനി ശേഷിക്കുന്ന എന്‍ഡിടിവി കൂടി ബാബാ രാംദേവ് പോലൊരാളിലൂടെ കാവി പുതച്ചാല്‍ ശരിയായ വാര്‍ത്ത അറിയാനുള്ള അവസരം ഇല്ലാതായെന്നുതന്നെ വരാം.

English summary
The Central Bureau of Investigation today conducted raids at the residence of founder and executive chairman of NDTV, Prannoy Roy. The raids were conducted in connection with a case in which it was alleged that Roy and his wife, Radhika had caused loss to a bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X