മോദി സര്‍ക്കാറിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍
ദില്ലി: കേന്ദ്രത്തില്‍ പുതുതായി അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണ്? കഴിഞ്ഞ ഒരു ദശകത്തോളമായി ഇഴഞ്ഞുനീങ്ങുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ബിജെപി സര്‍ക്കാറിനു കഴിയുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണികള്‍ കുതിച്ചുയരുകയാണ്. മോദി സര്‍ക്കാറിനെ കാത്തിരിക്കുന്ന പ്രധാനകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പുതിയ സര്‍ക്കാറാണ് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കേണ്ടത്. ജൂലായില്‍ സഭയിലെത്തുന്ന ബജറ്റ് നിക്ഷേപകരെ ഒരു പരിധിവരെ സംതൃപ്തിപ്പെടുത്തുന്നതും ധനകമ്മി പിടിച്ചുനിര്‍ത്തുന്നതുമായിരിക്കണം. ധനകമ്മി ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ 4.6 ശതമാനമായി ഒതുക്കാന്‍ ചില കടുത്ത തീരുമാനങ്ങളും സര്‍ക്കാറിനെ എടുത്തേ മതിയാകൂ. ധനകമ്മി കുറയ്ക്കുന്നതിന് നികുതി വരുമാനം വര്‍ധിപ്പിക്കണം. അത് എവിടെ വേണമെന്നത് മോദിയെ സംബന്ധിച്ചിടത്തോളം വലിയ ചോദ്യമായിരിക്കും.

ആഭ്യന്തര കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതും കര്‍ഷകക്ഷേമനടപടികള്‍ കൈകൊള്ളേണ്ടതും സര്‍ക്കാറിന്റെ ബാധ്യതയാണ്. രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും ശക്തമായ ഇടപെടലുകള്‍ വേണ്ടി വരും. പണപ്പെരുപ്പ നിരക്കിനെ പിടിച്ചുനിര്‍ത്താന്‍ പലിശനിരക്കുകളില്‍ വര്‍ധനവ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതേ സമയം ഇത്തരമൊരു നീക്കം വ്യവസായ ലോകത്തിന് സ്വീകാര്യമായിരിക്കുകയുമില്ല.
മോദി വരുന്നതോടെ കൂടുതല്‍ നിക്ഷേപമുണ്ടാകുമെന്ന ഒരു മുന്‍വിധിയുണ്ട്. ഇതിനെ സാധൂകരിക്കുന്ന നടപടികളെടുക്കേണ്ടതുണ്ട്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ 'കടക്കെണി'യില്‍ നിന്നു കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്. കോടിക്കണക്കിന് രൂപയാണ് വലിയ നിര്‍മാണ കമ്പനികള്‍ ബാങ്കുകളിലേക്ക് അടയ്ക്കാനുള്ളത്. നിര്‍മാണ മേഖലയിലുണ്ടായ ഇടിവ് ബാങ്കുകളുടെ കിട്ടാക്കടം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിനെ നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും പ്രതിസന്ധിയിലേക്ക് നീങ്ങും. മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതോടൊപ്പം ബാങ്കുകളുടെ രക്ഷിക്കാനും ഇതുമൂലം സാധിക്കും.












Click it and Unblock the Notifications