ജെറ്റ് എയര്വേയ്സില് സൗജന്യ ടിക്കറ്റ്!! വാട്സ്ആപ്പില്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിൽ!!
ദില്ലി: സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍ലൈന്‍സ് ദമ്പതികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുന്നുവെന്ന വാര്‍ത്തയാണ് വാട്സ്ആപ്പില്‍ കുറച്ച് ദിവസമായി കറങ്ങി നടക്കുന്നത്. ജെറ്റ് എയര്‍വേയ്സിന്റെ 25ാം വാര്‍ഷികം കണക്കിലെടുത്ത് ജെറ്റ് എയര്‍വേയ്സ് ഓരോരുത്തര്‍ക്കും രണ്ട് വിമാന ടിക്കറ്റുകള്‍ വീതം സൗജന്യമായി നല്കുന്നുവെന്നതാണ് വാട്സ്ആപ്പ് വഴി പ്രചരിച്ച മെസേജ്.
jetairways.com/tickets ന്റെ പേരിലാണ് മെസേജ് പ്രചരിച്ചിരുന്നത്. മെസേജ് വൈറലായതോടെയാണ് ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി ജെറ്റ് എയര്‍വേയ്സ് നേരിട്ട് രംഗത്തെത്തിയിട്ടുള്ളത്. വ്യാഴാഴ്ച
ട്വിറ്ററിലാണ് ജെറ്റ് എയര്‍വേയ്സ് വ്യാജ വാര്‍ത്ത സംബന്ധിച്ച സത്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. കമ്പനി ഇതുവരെ അത്തരത്തിലൊരു ഓഫര്‍ പുറത്തിറക്കിയിട്ടില്ലെന്ന് ജെറ്റ് എയര്‍വേയ്സ് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ഉപയോക്താക്കള്‍ ഇത് വിശ്വസിക്കരുതെന്നും ആയിരുന്നു ജെറ്റ് എയര്‍വേയ്സ് മുന്നോട്ടുവച്ച നിര്‍ദേശം.
#FakeAlert എന്ന ഹാഷ്ടാഗിലാണ് ജെറ്റ് എയര്‍വേയ്സിന്റെ വെളിപ്പെടുത്തല്‍. ഇത് ഔദ്യോഗികമായി പുറത്തിറക്കിയ ഓഫര്‍ അല്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഔദ്യോഗിക അക്കൗണ്ടുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം വിശ്വസിക്കാനും കമ്പനി നിര്‍ദേശിക്കുന്നു. 1. 84 ലക്ഷം യാത്രക്കാരെയാണ് ജെറ്റ് എയര്‍ലൈന്‍സ് വഹിച്ചിട്ടുള്ളതെന്നാണ് ഡിജിസിഎയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഹമ്മദാബാദ്, കോയമ്പത്തൂര്‍, ജെയ്പൂര്‍, പൂനെ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ജെറ്റ് എയര്‍വേയ്സിന് സര്‍വ്വീസുണ്ട്. ആഴ്ചതോറും 1,450 വിമാന സര്‍വീസുകളാണ് കമ്പനി നടത്തുന്നത്.