അവസാനം കോടതിയും പറഞ്ഞു; ഇത് ഫാസിസം... അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന സാഹചര്യമെന്ന് കോടതി!
മുംബൈ: അഭിപ്രായം പറുന്നവരെ ഭീഷമിപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോൾ രാജ്യത്തുള്ളതെന്ന് കോടതി. പത്മാവതി സിനിമ വിവാദവുമായി ബന്ധപ്പെട്ട പരാമർശത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും കോടതി ആശങ്ക രേഖപ്പെടുത്തി. പത്മാവതി എന്ന സിനിമയ്‌ക്കെതിരായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമായി നടി ദീപിക പദുകോണിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. കലാകാരന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം മറ്റൊരു രാജ്യത്തുമില്ലെന്നും കോടതി പറഞ്ഞു.
തീയേറ്ററില്‍ പത്മവതി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വരെ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. ഇത് മറ്റൊരുതരം സെന്‍സര്‍ഷിപ്പാണ്. പണവും സ്വാധീനവുമുള്ളവര്‍ക്കുപോലും ഇതിന് വിധേയരാവേണ്ടി വരുന്നെങ്കില്‍ രാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥയെന്താണെന്നും കോടതി ചോദിച്ചു. തുടര്‍ച്ചയായ ഭീഷണികള്‍ മൂലം രാജ്യത്ത് ഒരു സിനിമ പ്രദര്‍ശിപ്പിക്കാനാകാതെവരുന്ന സാഹചര്യം പരിതാപകരമാണ്. അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കിക്കൊണ്ട് ഏത് അവസ്ഥയിലേയ്ക്കാണ് നാം പോയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് ജസ്റ്റിസുമാരായ എസ് സി ധർമാധികാരി, ഭാരതി ദംഗ്രേ എന്നിവരടങ്ങിയ ബഞ്ചാണ് ചോദിച്ചിരിക്കുന്നത്.

പാവപ്പെട്ടവരുടെ അവസ്ഥ എന്താകും?
ആര് എന്ത് അഭിപ്രായം പറഞ്ഞാലും അത് അനുവദിക്കില്ലെന്ന് പറയാന്‍ ഇവിടെ മറ്റൊരു വിഭാഗമുണ്ടാകും എന്നതാണ് സ്ഥിതി. ഇത്തരത്തില്‍ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. തീയേറ്ററില്‍ പത്മവതി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വരെ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. പണവും സ്വാധീനവുമുള്ളവര്‍ക്കുപോലും ഇതിന് വിധേയരാവേണ്ടി വരുന്നെങ്കില്‍ രാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥയെന്താണെന്നും കോടതി ചോദിച്ചു.

സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നു
വിവാദ ചിത്രം പത്മാവതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കന്മാർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിമാരാണ് പ്രധാനമായും പത്മാവതിക്കെതിരെ രംഗത്തെത്തിയത്. സെന്‍സര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലും സിനിമയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.

മൂക്ക് ചെത്തികളയും
സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവതി എന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്രീ രാജ്പുത് കർമി സേനയുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നായിരുന്നു കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. ശ്രീ രജ്പുത് കർമി സേനയുടെ ഭീഷണിക്ക് പിന്നാലെ ഛത്രിയ സമാജി ദീപിക പദുകോണിനും സംവിധായകനെതിരെയും രംഗത്തെത്തിയിരുന്നു. പത്മാവതി സനിമയുടെ സംവിധായകൻ സഞ്ജയി ലീല ബൻസാലിയെയും നടിയെയും ശിരച്ഛേദം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം നൽകുമെന്നാണ് ഛത്രിയ സമാജ് പ്രഖ്യാപിച്ചത്.

സിനിമ മതവികാരം വ്രണപ്പെടുത്തുന്നു
തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ചില അഭ്യൂഹങ്ങൾ
ചിത്രീകരണ വേളയിൽ തന്നെ വിവാദമായി തീർന്ന സഞ്ജയ് ലീല ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രം ‘പദ്മാവതി' ഡിസംബർ ഒന്നിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. പദ്മാവതി എന്ന രജപുത്ര റാണിയുടെ കഥപറയുന്ന ചിത്രം രജപുത്രരുടെ അഭിമാനത്തെ വൃണപ്പെടുത്തുന്നു എന്ന ചിന്തയിലാണ് ചിത്രത്തിനെതിരെ പലരും രംഗത്ത് വന്നിരിക്കുന്നത്. അലാവുദ്ധീൻ കില്ജിയിൽ നിന്ന് രക്ഷപെടാൻ ആത്മാഹുതി ചെയ്ത പദ്മാവതിയെ ചിത്രത്തിൽ കില്ജിയുമായി പ്രണയത്തിലാകുന്ന പദ്മാവതിയായി ചിത്രീകരിക്കുന്നു എന്ന അഭ്യൂഹത്തിലാണ് ചിത്രം വിവാദമായത്. രൺവീർ സിംഗും ദീപിക പദുകോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ ഒന്നിച്ചു നിൽക്കുന്ന ആദ്യ പോസ്റ്റർ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാൽ അവർ തമ്മിലുള്ള പ്രണയ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന വാർത്തകളെ നിഷേധിച്ചിരിക്കുകയാണ് സംവിധായകൻ ബൻസാലി. ദീപിക പദുകോൺ കേന്ദ്ര കഥാപാത്രമായ പദ്മാവതിയായി എത്തുന്ന ചിത്രത്തിൽ ഷാഹിദ് കപൂറും രൺവീർ സിംഗും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തെ എതിർത്ത് യുപി സർക്കാർ
സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിയുടെ റിലീസ് യുപിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം കേന്ദ്രസർക്കാരിനു കത്തയച്ചു എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനു പ്രവേശനാനുമതി നൽകുന്നതിനു മുൻപ് അതിലെ ചരിത്രപരമായ വസ്തുതകൾ വളച്ചൊടിച്ചിട്ടുണ്ടോ എന്നുകൂടി പരിശോധിക്കണം. ചിത്രത്തിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങൾകൂടി സർക്കാർ പരിഗണിക്കണമെന്നും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ആഭ്യന്തര സെക്രട്ടറി അയച്ച കത്തിൽ പറഞ്ഞു.

കോൺഗ്രസും രംഗത്ത്
പത്മാവതി സിനിമയില്‍ സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ അത് പുനഃപരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ട് കോൺഗ്രസും രംഗത്ത് എത്തിയിരുന്നു. ചിത്രത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇക്കാര്യം സെന്‍സര്‍ ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്നും താന്‍ ചിത്രം കണ്ടിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആർപിഎൻ സിങ് പറഞ്ഞിരുന്നു. അതേസമയം വിവാദങ്ങളില്‍ കുരുങ്ങിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം ‘പത്മാവതി' യെ കുറിച്ച് വെറുതെ അഭിപ്രായം പറയാനില്ലെന്ന് നടിയും ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അംഗവുമായ വിദ്യാ ബാലന്‍ അഭിപ്രായപ്പെട്ടിരുന്നു. പത്മാവതിയെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും അറിയാത്തത് കൊണ്ടാണ് പ്രതികരിക്കാത്തത് എന്നാണ് വിദ്യ പറയുന്നത്.

അന്താരാഷ്ട്ര ഗൂഡാലോചന
പത്മാവതി സിനിമയ്ക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയിരുന്നു. മുസ്ലീം രാജാക്കന്മാരെ ഇന്ത്യൻ സിനിമകളിൽ വീരനായകന്മാരായി അവതരിപ്പിക്കാൻ ദുബായിലുള്ളവർ ആഗ്രഹിക്കുന്നു. ഹിന്ദു സ്ത്രീകൾ അവരുമായി പ്രണയത്തിലാകുന്നതായും ഇത്തരം സിനിമകൾ ചിത്രീകരിക്കുന്നു. ഇതിന് ദുബായിയിൽ നിന്ന് പണം നൽകുന്നുണ്ടെന്നും സുബ്രഹാമണ്യൻ സ്വാമി ആരോപിച്ചിരുന്നു. ചിത്രത്തിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച സുബ്രഹ്മണ്യൻ സ്വാമി സഞ്ജയ് ലീല ബൻസാലി ചിത്രങ്ങളുടെ സാമ്പത്തിക സ്രോതസ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications