'രാജ്യം പ്രതിസന്ധിയിലാകുമ്പോൾ ചിലർക്ക് സന്തോഷം, അവസാന ശ്വാസം വരെയും രാജ്യത്തെ സേവിക്കും';മോദി
ഡൽഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പ്രതിസന്ധി നേരിടുമ്പോൾ അതിൽ സന്തോഷം കണ്ടെത്തുന്നവരാണ് പ്രതിപക്ഷമെന്നും പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടേയും രാജ്യത്ത് പാചകവാതകവും കീടനാശിനികളുമെല്ലാം സുലഭമായി ലഭിക്കുന്നത് അവരെ ആശങ്കപ്പെടുത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി.
തൻ്റെ അവസാന ശ്വാസം വരേയും രാജ്യത്തിനെ സേവിക്കുമെന്നും മോദി പറഞ്ഞു. ഗുജറാത്തിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
'ചിലർ രാജ്യം പ്രതിസന്ധിയിലാകുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. അതിൽ അവർ സന്തോഷം കണ്ടെത്തുകയാണ്. പശ്ചിമേഷ്യൻ സംഘർഷം കടുത്തപ്പോൾ അവർ കർഷകർക്കിടയിൽ ആശങ്ക പരത്താൻ ശ്രമിച്ചു, രാജ്യത്ത് വളങ്ങൾ കിട്ടാത്ത അവസ്ഥ വരുമെന്ന് ഭയപ്പെടുത്തി. അനാവശ്യമായ ഭീതി സൃഷ്ടിച്ചു. പാചകവാതകം ഇനി ലഭിക്കാനേ പോകുന്നില്ലെന്ന് അവർ സ്ത്രീകളെ ഭയപ്പെടുത്തി. എങ്ങനെ നിങ്ങൾ ഭക്ഷണം പാചകം ചെയ്യും എന്നായിരുന്നു ചോദ്യം. എങ്ങനെ നിങ്ങൾ മക്കളെ സ്കൂളിൽ അയക്കുമെന്ന് ചോദിച്ചു. അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ഇതിലൂടെ ലക്ഷ്യം വെച്ചത്. മോദിയെ അപകീർത്തിപ്പെടുത്തണമെന്നതായിരുന്നു അവരുടെ താത്പര്യം', പ്രധാനമന്ത്രി പറഞ്ഞു.

'മോദി ജനങ്ങൾക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് ഞാൻ അവർക്ക് ഉറപ്പ് നൽകിയതാണ്. നോക്കൂ, ഇപ്പോഴും പശ്ചിമേഷ്യൻ സംഘർഷം നടക്കുകയാണ്. വളങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്നും യഥേഷ്ടം ലഭ്യമാക്കുമെന്നും കർഷകർക്ക് ഞാൻ വാക്ക് നൽകി. ആഗോളതലത്തിൽ ഒരു ബാഗ് യൂറിയയ്ക്ക് 3000 രൂപയാണ് വില. എന്നാൽ ഇവിടെ 300 താഴെ തുകയ്ക്കാണ് കർഷകർക്ക് അത് ലഭിക്കുന്നത്. ഈ നഷ്ടം സർക്കാർ സ്വയം ഏറ്റെടുത്തു, കുറഞ്ഞ വിലയിൽ അത് കർഷകരിൽ എത്തിക്കാൻ വേണ്ടിയാണ് സർക്കാർ ആ നഷ്ടം സഹിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ വിവിധ പദ്ധതികളിലൂടെ 50 ലക്ഷം കോടി ഇവിടുത്തെ കർഷക സമൂഹത്തിന് ലാഭിക്കാൻ സാധിച്ചിട്ടുണ്ട്. അവരുടെ ക്ഷേമം സർക്കാരിൻ്റെ മുൻഗണനയായത് കൊണ്ടാണത്.വെള്ളിയാഴ്ച അനുവദിച്ച പിഎം-കിസാൻ പദ്ധതിയിലൂടെ 18,000 കോടിയാണ് 10 കോടി കർഷകരുടെ അക്കൌണ്ടിലേക്ക് എത്തുന്നത്', മോദി പറഞ്ഞു.
അതേസമയം പരിപാടിയിൽ സംസാരിച്ച ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സാംഗ്വിയും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. മോദിക്ക് രാജ്യത്തെ 140 കോടി ജനങ്ങളുടെ പിന്തുണ ഉണ്ടെന്നും ജനങ്ങളും അദ്ദേഹവും തമ്മിലുള്ള ബന്ധം തകർക്കാൻ കോണ്‍ഗ്രസോ അവരുടെ സഖ്യകക്ഷികളോ ശ്രമിച്ചാൽ സാധിക്കില്ലെന്ന് സാംഗ്വി പറഞ്ഞു. മോദിയല്ല മോദിയുടെ അച്ഛൻ വരെ പോകും എന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പരാമർശത്തിനും സാംഗ്വി മറുപടി നൽകി. മോദി ഇനിയും തുടരുമെന്ന് സാധാരണ കോണ്‍ഗ്രസ് പ്രവർത്തകൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് രാജ്യത്തെ ജനങ്ങളുടെ വികാരമാണെന്ന് സാംഗ്വി പറഞ്ഞു.


Click it and Unblock the Notifications
