ശബരിമല തൊട്ട് രാജ്യദ്രോഹം വരെ..? സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാ ബെഞ്ച് വന്നാല്‍..!!
സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാ ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞത്. ഭരണഘടനാ സംബന്ധമായതും വലിയ പ്രാധാന്യം അര്‍ഹിക്കുന്നതുമായ കേസുകളാണ് ഭരണഘടനാ ബെഞ്ചിലേക്കെത്തുക. നിലവില്‍ കേസുകള്‍ വരുന്നതിന് അനുസരിച്ച് സുപ്രീംകോടതിയിലെ ജഡ്ജിമാരെ ചേര്‍ത്ത് അതാത് സമയങ്ങളില്‍ ഭരണഘടന ബെഞ്ച് രൂപീകരിക്കാറാണ് പതിവ്.
ഇത് ജഡ്ജിമാരുടെ സമയം പാഴാക്കുന്നതിലേക്കും കേസ് കെട്ടിക്കിടക്കുന്നതിലേക്കും നയിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ വര്‍ഷങ്ങളായി ഉയരുന്ന ആവശ്യമാണ് സ്ഥിരം ഭരണഘടനാ ബെഞ്ച്. ചന്ദ്രചൂഢിന്റെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് നിയമവ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉറ്റുനോക്കുന്നത്. അഞ്ച്, ഏഴ്, ഒമ്പത് അംഗ ജഡ്ജിമാരുടെ സ്ഥിരം ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനാണ് ശ്രമം.

അന്തര്‍സംസ്ഥാന, കേന്ദ്ര-സംസ്ഥാന തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭരണഘടന സുപ്രീം കോടതിക്ക് പ്രത്യേക അധികാരപരിധി നല്‍കിയിട്ടുണ്ട്. ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുന്ന ഏതൊരു കേസിലും കുറഞ്ഞത് അഞ്ച് ജഡ്ജിമാരെങ്കിലും വാദം കേള്‍ക്കണമെന്ന് ആര്‍ട്ടിക്കിള്‍ 145(3) വ്യവസ്ഥ ചെയ്യുന്നു. ആര്‍ട്ടിക്കിള്‍ 142, കക്ഷികള്‍ക്കിടയില്‍ സമ്പൂര്‍ണ നീതി നടപ്പിലാക്കാന്‍ സുപ്രീം കോടതിക്ക് അധികാരവും നല്‍കുന്നു.
സമൂഹത്തിലും രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തുന്ന വിധിന്യായങ്ങള്‍ കാലങ്ങളായി സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് സ്ഥിരം ഭരണഘടനാ ബെഞ്ച് എന്ന ആവശ്യത്തിന് പ്രാധാന്യമേറുന്നത്. സുപ്രിം കോടതിക്ക് വ്യത്യസ്തവും എന്നാല്‍ തുല്യവുമായ പ്രാധാന്യമുള്ള രണ്ട് റോളുകള്‍ ഭരണഘടന വിഭാവനം ചെയ്യുന്നു, ഒന്ന് ഭരണഘടനാ കോടതിയുടേതും മറ്റൊന്ന് ദേശീയ അപ്പീല്‍ കോടതിയുടേതും.
നിലവില്‍, നിയമങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, കുംഭകോണങ്ങള്‍ തുടങ്ങിയ പൊതുതാല്‍പര്യ ഹര്‍ജികളാണ് അഞ്ച് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഭരണഘടനാ ബെഞ്ച് പരിഗണിക്കാറുള്ളത്. 2023 ജൂലൈയില്‍ കേന്ദ്ര നിയമ മന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം സ്വാതന്ത്ര്യത്തിന് ശേഷമുള്ള വിവിധ ദശാബ്ദങ്ങളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചുകള്‍ തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണം കുറഞ്ഞുവെന്നാണ് പറയുന്നത്.
1950-1959 കാലഘട്ടത്തില്‍ 440 കേസുകളും 1960-1969 കാലയളവില്‍ 956 കേസുകളും ഭരണഘടനാ ബെഞ്ചുകള്‍ തീര്‍പ്പാക്കി. സമീപ വര്‍ഷങ്ങളില്‍ ഇത് ഗണ്യമായി കുറഞ്ഞു. 2010-2019 കാലയളവില്‍ 71 കേസുകളും 2020-2023 കാലയളവില്‍ 19 കേസുകളും മാത്രമാണ് തീര്‍പ്പാക്കിയത്. 306 കേസുകള്‍ അഞ്ചംഗ ബെഞ്ചുകള്‍ക്ക് മുന്നില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെയുള്ള ഏറ്റവും പഴക്കമേറിയ കേസ് 31 വര്‍ഷമായുള്ള കേസും ഏഴംഗ ബെഞ്ചിന് മുമ്പിലുള്ള 29 വര്‍ഷമായുള്ള കേസുമാണ്.
അഞ്ച് കേസുകള്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. ആകെ 29 കേസുകള്‍ ഈ വര്‍ഷം ജൂലൈ വരെ ഭരണഘടനാ ബെഞ്ചുകള്‍ക്ക് മുമ്പാകെ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു. 80000ത്തിലധികം കേസുകളാണ് ആകെ സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നത്. ചില ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് ഭരണഘടനാ ബെഞ്ച് ഹിയറിംഗുകളൊന്നും ഉണ്ടായിട്ടില്ല. ഭരണഘടനാപരമായ കാര്യങ്ങളെക്കാള്‍ ജനങ്ങളുടെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി എന്നതിനാലായിരുന്നു ഇത്.

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും 2019 ല്‍ ഒരു സ്ഥിരം ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ തന്റെ ഭരണകാലത്ത് സ്ഥിരം ഭരണഘടനാ ബെഞ്ചിനായുള്ള പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിരുന്നില്ല. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ചില സുപ്രധാന ഭരണഘടനാ വിഷയങ്ങള്‍ ഇവയാണ്
1985 ലെ അസം കരാറിന് ശേഷം കൊണ്ടുവന്ന പൗരത്വ നിയമത്തിലെ സെക്ഷന്‍ 6എ യുടെ സാധുത, ലോക്സഭയിലും അസംബ്ലികളിലും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള സീറ്റ് സംവരണം ശാശ്വതമാക്കുന്നതിന് 334-ാം വകുപ്പിലെ ഭരണഘടനാ ഭേദഗതികളുടെ സാധുത, എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കൈക്കൂലി വാങ്ങിയതിന് പ്രോസിക്യൂഷന്‍ നടപടിയില്‍ നിന്ന് ഒഴിവാക്കല്‍ നല്‍കുന്ന 1998 ലെ വിധിയുടെ കൃത്യത. ശബരിമല ക്ഷേത്രം, മുസ്ലീം പള്ളികള്‍ എന്നിവയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനം.
രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത, ദേശീയ തലസ്ഥാനത്തെ 'സേവനങ്ങള്‍' സംബന്ധിച്ച കേന്ദ്ര ഓര്‍ഡിനന്‍സിനെതിരായ അപ്പീല്‍ തുടങ്ങിയ വിഷയങ്ങളും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications