ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എന്ന് പുനസ്ഥാപിക്കും? കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എന്ന് പുനസ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. 2019 ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീര്‍ നിലവില്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരിക്കുകയാണ്.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള സമയപരിധിയും ഈ പുരോഗതിക്കുള്ള മാര്‍ഗരേഖയും സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

ഇന്ന് ഹര്‍ജികളില്‍ വാദം നടക്കുന്നതിനിടെ ജമ്മു കശ്മീരിനെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള നീക്കം താല്‍ക്കാലിക നടപടിയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഭാവിയില്‍ ജമ്മു കശ്മീര്‍ സംസ്ഥാനമായി പുനഃസ്ഥാപിക്കപ്പെടുമെങ്കിലും ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമായി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഉന്നതതല യോഗത്തിന് ശേഷം ഓഗസ്റ്റ് 31 ന് ഇത് സംബന്ധിച്ച് പോസിറ്റീവായ പ്രസ്താവന നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തുഷാര്‍ മേത്തയുടെ വാദങ്ങള്‍ പരിഗണിച്ച കോടതി ഇത് എത്രത്തോളം താല്‍ക്കാലികമാണ് എന്നും ജമ്മു കശ്മീരില്‍ എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തും എന്നും ചോദിച്ചു. അത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.
'നിങ്ങള്‍ അത് ഞങ്ങള്‍ക്ക് കാണിച്ചുതരണം. ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്നത് എങ്ങനെയെന്നും ഇത് എത്രകാലം തുടരുമെന്നും കാണിക്കാന്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് മുമ്പാകെ ഒരു പ്രസ്താവന നടത്തണം. ജനാധിപത്യം പുനഃസ്ഥാപിക്കലാണ് പ്രധാനം,' ബെഞ്ച് പറഞ്ഞു. അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തതരഞ്ഞെടുപ്പാണ് 2020 ല്‍ നടന്ന ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പെന്ന് തുഷാര്‍ മേത്ത പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പും ശേഷവും ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ എടുത്തുകാണിച്ച തുഷാര്‍ മേത്ത താഴ്വാരയില്‍ ഹര്‍ത്താലുകളും ആക്രമണങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവര്‍ത്തിച്ച് അടച്ചുപൂട്ടാറുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ കശ്മീരിലെ നില സമാധാനപരമാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications