പിണറായി വിജയനെ പുറത്തിറക്കാതെ ഡല്‍ഹി പോലീസ്; ജീപ്പ് നഗരം കറങ്ങുന്നു, അതിര്‍ത്തിയില്‍ വിട്ടേക്കും
സിജെപി സമരം നേരിടാന്‍ ഡല്‍ഹി പോലീസ് തയ്യാറാക്കിയത് സമീപകാലത്ത് കണ്ടിട്ടില്ലാത്ത പ്ലാന്‍. ഒക്ടോബര്‍ 10ന് ജന്തര്‍ മന്തര്‍ സമരം ആരംഭിക്കുമെന്ന് സിജെപി പ്രഖ്യാപിച്ച ദിവസം മുതല്‍ ഡല്‍ഹി പോലീസ് സുരക്ഷ കൂട്ടി. അര്‍ധസൈനികര്‍ ഉള്‍പ്പെടെ കാല്‍ ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. ജന്തര്‍ മന്തറിലേക്ക് ആരെയും എത്തിക്കില്ലെന്ന നിര്‍ബന്ധമാണ് പോലീസിന്.
ഡല്‍ഹിയില്‍ 15 പോലീസ് ജില്ലകളാണുള്ളത്. ഇതില്‍ നഗരത്തോട് ചേര്‍ന്ന ഭാഗങ്ങള്‍ 37 സബ് സെന്ററുകളാക്കി തിരിച്ച് ഓരോന്നിനും ഉന്നത ഓഫീസറുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. റോഡില്‍ സ്ഥാപിച്ച ആണി തറച്ച പോലുള്ള ഇരുമ്പും ഇടയ്ക്കിടെയുള്ള ബാരിക്കേഡുകളുമെല്ലാം മറികടന്ന് വേണമായിരുന്നു സമരക്കാര്‍ക്ക് ജന്തര്‍ മന്തറിലെത്താന്‍.

സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ സിജെപിയുടെ പല നേതാക്കളെയും യുട്യൂബര്‍ ധ്രുവ് റാഠിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത് ദീപ്‌കെ ഉള്‍പ്പെടെയുള്ള സിജെപിയുടെ പ്രധാന മൂന്ന് നേതാക്കളെയും മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ വച്ചു തന്നെ കസ്റ്റഡിയിലെടുത്തു. മൂന്നു നേതാക്കളെയും മൂന്നിടങ്ങൡലേക്കാണ് കൊണ്ടുപോയത്.
പിണറായി വിജയനുമായി പോലീസ് ജീപ്പ് കറങ്ങുന്നു
അതിനിടെയാണ് കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കള്‍ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജന്തര്‍ മന്തറിലേക്ക് പുറപ്പെട്ടത്. എല്ലാവരെയും ഉടനെ കസ്റ്റഡിയിലെടുത്തു. എങ്കിലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ് എംപി, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ അല്‍പ്പ ദൂരം മുദ്രാവാക്യം വിളിച്ച് മുന്നോട്ട് പോയി. ഇനിയും മുന്നോട്ട് നീങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത് രാവിലെ 10.45ഓടെയാണ്.
എന്നാല്‍ ഒരു മണി വരെ മൂന്നു പേലെയും പോലീസ് ജീപ്പില്‍ നിന്ന് ഇറങ്ങാന്‍ അനുവദിച്ചില്ല. ചത്രസാള്‍ സ്റ്റേഡിയത്തില്‍ അല്‍പ്പനേരം ഇരുത്തിയത് ഒഴിച്ചാല്‍ ജീപ്പില്‍ കൊണ്ടുപോകുകയായിരുന്നു. പോലീസ് ജീപ്പില്‍ ഇരുന്ന് ജോണ്‍ ബ്രിട്ടാസ് എംപി വീഡിയോ പുറത്തുവിട്ടു. പിണറായി വിജയന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലീസിനെ അറിയിച്ചെങ്കിലും അവര്‍ ഗൗനിച്ചില്ല.
ഹരിയാനയിലെ ബലാനയിലേക്ക് കൊണ്ടുപോകുമെന്നാണ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എങ്കിലും എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് ഉച്ചയ്ക്ക് ഒരു മണിയായിട്ടും വ്യക്തമല്ല. സാധാരണ ഇത്തരത്തില്‍ സമരത്തിനിടെ പിടികൂടുന്നവരെ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുവിടുന്ന പതിവുണ്ട്. പിണറായി വിജയന്റെ കാര്യത്തിലും ഇത് സംഭവിക്കുമെന്നാണ് സംശയിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാത്ത അത്രയും അരാജകത്വമാണ് ഡല്‍ഹിയില്‍ നടക്കുന്നത് എന്ന് നേതാക്കള്‍ ആരോപിച്ചു. എഎപി കണ്‍വീവന്‍ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലാണ്.


Click it and Unblock the Notifications
