ബിഎസ്പിയുടെ പുതിയ തലവൻ; ദേശീയ രാഷ്ട്രീയത്തിലെ പുതുമുഖം, ആരാണ് ആകാശ് ആനന്ദ്?
തന്റെ രാഷ്ട്രീയ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ചിച്ചിരിക്കുകയാണ് ബഹുജൻ സമാജ് പാർട്ടി മേധാവിയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ലഖ്നൗവിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. മുതിർന്ന നേതാക്കളിൽ പലരേയും മാറ്റി നിർത്തികൊണ്ടാണ് 28 കാരനായ മരുമകന്റെ കൈകളിലേക്ക് മായാവതി ബി എസ് പിയുടെ അധികാരം കൈമാറുന്നത്.
മായാവതിയുടെ സഹോദരൻ ആനന്ദിന്റെ മകനാണ് 28 കാരനായ ആകാശ്. ലണ്ടനിൽ എം ബി എയിൽ ബിരുദാനന്തര ബിരുദം നേടിയ പിന്നാലെയാണ് ആകാശിന്റെ രാഷ്ട്രീയ പ്രവേശം. 2016 ലാണ് ആകാശ് ബി എസ് പിയിൽ ഔദ്യോഗികമായി ചേർന്നത്. അതിന് പിന്നാലെ നടന്ന ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ മായാവതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം ആകാശ് സജീവ സാന്നിധ്യമായി. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ താരപ്രചാരകരുടെ പട്ടികയിലും ആനന്ദ് ഇടംപിടിച്ചിരുന്നു. 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തത് ആകാശായിരുന്നു.

സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ 2019ൽ ബി എസ് പിയെ പുനഃസ്ഥാപിച്ചതോടെ ആകാശിനെ പാർട്ടിയുടെ ദേശീയ കോ-ഓർഡിനേറ്ററായി മായാവതി നിയമിച്ചു.2022-ൽ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി എസ് പിയുടെ താരപ്രചാരകരുടെ പട്ടികയിൽ ആനന്ദിന്റെ പേര് രണ്ടാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ വർഷം മുതൽ പാർട്ടി കാര്യങ്ങളുടെ ചുമതല ആകാശിനായിരുന്നു.വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി പാർട്ടി കേഡറിനെ സജ്ജരാക്കാനുള്ള ചുമതലയും ആകാശിനാണ്.
അതേസമയം സഹോദര പുത്രന്റെ കൈകളിൽ പാർട്ടിയെ ഏൽപ്പിക്കാനുള്ള മായാവതിയുടെ തീരുമാനം പ്രവർത്തകരിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. നേരത്തേ തന്നെ ഇതിനെതിരെ നേതാക്കളിൽ പലരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications