റെയിൽവേ ബോർഡിന് ആദ്യ വനിത സി ഇ ഒ; തലപ്പത്തേക്ക് ജയ വർമ സിൻഹ; 105 വർഷത്തെ ചരിത്രത്തിൽ ആദ്യം
ന്യൂഡൽഹി: റെയിൽവേ ബോർഡിന്റെ സി ഇ ഒ, ചെയർപേഴ്‌സൺ പദവികളിൽ ജയ വർമ സിൻഹയെ നിയമിച്ച് കേന്ദ്രസർക്കാർ. റെയിൽവേ മന്ത്രാലയത്തിന്റെ 105 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് റെയിൽവേ ബോർഡിന്റെ തലപ്പത്ത് വനിതയെത്തുന്നത്. ജയ വർമയുടെ നിയമനത്തിന് അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി ഒഫ് ദി ക്യാബിനറ്റ് അംഗീകാരം നൽകിയതായി കേന്ദ്രം പ്രസ്‌താവനയിൽ വ്യക്തമാക്കി.
അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായ ജയ വർമ സിൻഹ 1988-ൽ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ (IRTS) ചേർന്നു, ഈസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ എന്നീ മൂന്ന് റെയിൽവേ സോണുകളിൽ ജോലി ചെയ്തു.സെപ്‌തംബർ ഒന്നിന് ജയ വർമ റെയിൽവേ ബോർഡിന്റെ പുതിയ ചെയർപേഴ്‌സണായി ചുമതലയേൽക്കും 2024 ഓഗസ്റ്റ് 31 വരെയാണ് സേവന കാലാവധി.

ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസസ് (ഐ ആർ എം എസ്), റെയിൽവേ ബോർഡ് അംഗം (ഓപ്പറേഷൻസ് & ബിസിനസ് ഡെവലപ്‌മെന്റ്) ജയ വർമ സിൻഹയെ റെയിൽവേ ബോർഡ് ചെയർമാൻ & ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി ഇഒ) സ്ഥാനത്തേക്ക് നിയമിക്കാൻ ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി (എ സി സി) അംഗീകാരം നൽകി. " സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ഒഡീഷയിൽ മുന്നൂറോളം പേരുടെ മരണത്തിന് ഇടയായ ബാലസോർ ദുരന്ത സമയത്ത് മാധ്യമങ്ങളിൽ ജയ വർമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലസോർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സങ്കീർണമായ സിഗ്നലിംഗ് സംവിധാനത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചുകൊണ്ട് റെയിൽവേയുടെ പൊതുമുഖമായി മാറിയത് ജയ വർമ ആയിരുന്നു.
കൊൽക്കത്തയും ധാക്കയും തമ്മിൽ ബന്ധിപ്പിക്കുന്ന മൈത്രി എക്‌സ്‌പ്രസിന്റെ ഉദ്ഘാടനത്തിലും ജയ വർമ നിർണായക പങ്കുവഹിച്ചിരുന്നു. ബംഗ്ലാദേശിൽ ഇന്ത്യൻ ഹൈ കമ്മിഷനിൽ റെയിൽവേ അഡ്വൈസറായി പ്രവർത്തിക്കുമ്പോൾ ആയിരുന്നു മൈത്രി എക്‌സ്‌പ്രസിന്റെ ഉദ്ഘാടനം.












Click it and Unblock the Notifications