കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം; ആരാണ് ഈ അതുല്യ പ്രതിഭ
ഇന്ത്യന്‍ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം കന്നഡ നടന്‍ അനന്ത് നാഗിന്. സെപ്റ്റംബര്‍ 22ന് ഗുജറാത്തിലെ കെവാഡിയയില്‍ നടക്കുന്ന 72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടനെ അഭിനന്ദിച്ചു. താങ്കളുടെ അഭിനയജീവിതം ഇന്ത്യന്‍ സിനിമാ രംഗത്ത് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മോദി പറഞ്ഞു.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയും തലമുറകളെ പ്രചോദിപ്പിച്ച ചലച്ചിത്ര ജീവിതവും പരിഗണിച്ചാണ് അനന്ത് നാഗിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.

സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും അനന്ത് നാഗ് ശ്രദ്ധേയനാണ്. ആര്‍കെ നാരായണന്റെ കഥകളെ ആസ്പദമാക്കി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ജനപ്രിയ പരമ്പരയായ 'മാല്‍ഗുഡി ഡെയ്സ്' ഉള്‍പ്പെടെ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാലുതവണ കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ അനന്ത് നാഗിനെ 2025ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
300ലേറെ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം 250ല്‍ അധികം കന്നഡ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലും അഭിനയിച്ചു. 1948 സെപ്റ്റംബര്‍ നാലിന് അനന്ത് നാഗര്‍ക്കട്ടെ എന്ന പേരില്‍ ജനിച്ച അനന്ത് നാഗ് കന്നഡ സിനിമയിലെ പ്രമുഖ അഭിനേതാക്കളിലൊരാളാണ്. ജനതാ പാര്‍ട്ടിയിലും ജനതാ ദളിലും പ്രവര്‍ത്തിച്ച അദ്ദേഹം ജെഡിഎസില്‍ ചേര്‍ന്നത് 2004ലാണ്. പിന്നീട് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന അനന്ത് നാഗ് 2023ല്‍ ബിജെപിയില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുനാള്‍ എന്ന ചിത്രത്തിലൂടെയാണ് അനന്ത് നാഗ് മലയാളത്തില്‍ സാന്നിധ്യം അറിയിച്ചത്. സ്വാതി തിരുനാള്‍ രാമവര്‍മയായിട്ടാണ് അദ്ദേഹം വേഷമിട്ടത്. 2018ല്‍ പുറത്തിറങ്ങിയ കെജിഎഫ്, 2022ല്‍ പുറത്തിറങ്ങിയ കെജിഎഫ് 2 തുടങ്ങിയ സിനിമകളില്‍ അദ്ദേഹത്തിന്റെ അഭിനയം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications
