ഐപിഎൽ ആരാധകരുടെ ക്രഷ്; കാവ്യ മാരന്റെ കോടികളുടെ ആസ്തി വിവരങ്ങൾ ഇതാ
പ്രമുഖ ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ (എസ്ആർഎച്ച്) സിഇഒ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ-ക്രിക്കറ്റ് ലോകത്തും സജീവ ചർച്ച. മുൻപും പലതവണ ഇരുവരെയും കുറിച്ച് ഇത്തരം ഗോസിപ്പുകൾ വന്നിട്ടുണ്ടെങ്കിലും നടൻ വൈജി മഹേന്ദ്രൻ അടുത്തിടെ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളാണ് ഈ അഭ്യൂഹങ്ങൾക്ക് വീണ്ടും ജീവൻ നൽകിയത്.
തനിക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച് അനിരുദ്ധും കാവ്യയും തമ്മിലുള്ള വിവാഹം 'ഏതാണ്ട് ഉറപ്പായ മട്ടാണെന്നാണ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കവെ വൈ.ജി. മഹേന്ദ്രൻ പറഞ്ഞത്. അനിരുദ്ധ് വളരെ എളിമയുള്ള വ്യക്തിയാണ്. ഈ തീരുമാനത്തിൽ താരത്തിന് എല്ലാവിധ ആശംസകളും നേരുന്നു,അദ്ദേഹം പറഞ്ഞു. കാവ്യ മാരൻ ഒരു സാധാരണ ബിസിനസ്സ് വനിതയല്ലെന്നും തന്റെ പിതാവിൽനിന്നു ലഭിച്ച സംരംഭകത്വ മൂല്യങ്ങളാണ് ഐപിഎല്ലിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നിനെ വിജയകരമായി നയിക്കാൻ കാവ്യയെ സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരും വളരെ മികച്ചൊരു ജോടിയായിരിക്കുമെന്നും ഭാവിയിൽ ഒരുമിച്ച് സംഗീത ബിസിനസ്സിൽ പോലും കൈകോർക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നിമിഷ നേരം കൊണ്ടാണ് ഈ അഭിമുഖം വൈറലായത്. വിവാഹം എവിടെ വെച്ചാണ്, എപ്പോഴാണെന്ന ചർച്ചകൾ കൊഴുക്കുന്നുണ്ടെങ്കിലും വാർത്തകളോട് കാവ്യ മാരനോ അനിരുദ്ധോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആരാണ് കാവ്യ മാരൻ?
സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ ഏക മകളായ കാവ്യ ചെന്നൈ സ്വദേശിയാണ്. ചെന്നൈ സ്റ്റെല്ല മാരീസ് കോളജിൽനിന്ന് ബിരുദവും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎയും പൂർത്തിയാക്കി. ക്യാമറക്കണ്ണുകളിൽനിന്ന് ഒഴിഞ്ഞുമാറാൻ ഇഷ്ടപ്പെടുന്ന കാവ്യ, ഐപിഎൽ മത്സരങ്ങളിലും താരലേലങ്ങളിലും സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുഖമായി എത്തിയതോടെയാണ് ആരാധകരുടെ പ്രിയങ്കരിയായത്. നിലവിൽ സൺ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഒടിടി പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റിന്റെ മേധാവിയുമാണ്.
കാവ്യ മാരന് മാത്രമായി 400 കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് കണക്കുകൾ. പിതാവ് കലാനിധി മാരന് ഫോർബ്‌സ് പട്ടിക പ്രകാരം 26,000 കോടി രൂപയുടെ സ്വത്തുണ്ട്. കാവ്യയുടെ നേതൃത്വത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബ്രാൻഡ് മൂല്യം 18,000 കോടി രൂപയായി ഉയർന്നുവെന്നാണ് ഹുറൂൺ ഇന്ത്യയുടെ റിപ്പോർട്ട്. വാഹനപ്രേമിയായ കാവ്യയുടെ ഗാരേജിൽ 10 കോടിയുടെ റോൾസ് റോയ്സ് ഫാന്റം, ബിഎംഡബ്ല്യു, ബെന്റ്‌ലി തുടങ്ങിയ ആഡംബര കാറുകളുടെ വൻ ശേഖരവുമുണ്ട്.












Click it and Unblock the Notifications