മഹുവ മൊയ്ത്രയുടെ വരന്‍ പഴയ കോണ്‍ഗ്രസ് തീപ്പൊരി; പിന്നീട് പാളയം മാറി; ആരാണ് 65കാരൻ പിനാകി മിശ്ര
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനകീയ നേതാവും എംപിയുമായ മഹുവ മൊയ്ത്ര ജർമ്മനിയില്‍ വെച്ച് വിഹാഹിതയായിരിക്കുകയാണ്. മുന്‍ ബിജു ജനതാദള്‍ (ബിജെഡി) എംപിയായ പിനാകി മിശ്രയാണ് വരന്‍. കഴിഞ്ഞ മാസം അവസാനം ജർമ്മനിയില്‍ വെച്ച് ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരുടെ പേരില്‍വെച്ചായിരുന്നു വിവാഹം. അതേസമയം ഇരുവരും ഇതുസംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണമൊന്നും നടത്തിയിട്ടില്ല. വിവാഹ വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ആരാണ് പിനാകി മിശ്രയെന്ന അന്വേഷണവും സൈബർ ലോകത്ത് ശക്തമായിരിക്കുകയാണ്.
ആരാണ് പിനാകി മിശ്ര
1959-ൽ ഒഡിഷയിലെ പുരിയിൽ ജനിച്ച പിനാകി മിശ്ര (65 വയസ്സ്) ബി ജെ ഡി നേതാവ് എന്നതിനോടൊപ്പം തന്നെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമാണ്. സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ഡൽഹി യൂണിവേഴ്സിറ്റിയുടെ ലോ ഫാക്കൽറ്റിയിൽ നിന്ന് എൽ എൽ ബി ബിരുദവും കരസ്ഥമാക്കിയ പിനാകി മിശ്ര നിയമരംഗത്തും രാഷ്ട്രീയരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ്.

കോണ്‍ഗ്രസ് പാർട്ടിയിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന് വരുന്നത്. 1996 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പുരി ലോക്സഭ മണ്ഡലത്തില്‍ നിന്നും മത്സരിച്ച അദ്ദേഹം മികച്ച വിജയം സ്വന്തമാക്കി. പിന്നീട് കോണ്‍ഗ്രസ് വിട്ട് ബി ജെ ഡിയിലേക്ക് മാറിയ അദ്ദേഹം 2009, 2014, 2019 വർഷങ്ങളിൽ പുരി ലോക്സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ വിജയിച്ച് ലോക്സഭയിലെത്തി. 2019-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ദേശീയ വക്താവ് സംബിത് പാത്രയെ ഏകദേശം 11,700 വോട്ടുകൾക്കായിരുന്നു പിനാകി മിശ്ര പരാജയപ്പെടുത്തിയത്. പിനാകി മിശ്ര മാറിയ 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആദ്യമായി ബി ജെ പി വിജയിക്കുകയും ചെയ്തു.
ഇരുവരുടേയും രണ്ടാം വിവാഹമാണിത്. സംഗീത മിശ്രയായിരുന്നു പിനാകി മിശ്രയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തല്‍ ഇരുവർക്കും രണ്ട് മക്കളുണ്ട്. ബംഗാളി ഹിന്ദു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മഹുവ മൊയ്ത്ര നേരത്തെ ഡാനിഷ് ധനകാര്യ വിദഗ്ധനായ ലാർസ് ബ്രോർസനെ വിവാഹം കഴിച്ചിരുന്നു, എന്നാൽ പിന്നീട് അവർ വിവാഹമോചനം നേടുകയായിരുന്നു.
പാർലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടേയും ബി ജെ പിക്കെതിരായ കടുത്ത വിമർശനങ്ങളിലൂടെയും ശ്രദ്ധേയായ മഹുവ നിലവില്‍ പാർട്ടിയുടെ നദിയ ജില്ലാ അധ്യക്ഷ കൂടിയാണ്. 1998-ൽ അമേരിക്കയിലെ മസാച്യുസെറ്റ്സിലെ മൗണ്ട് ഹോളിയോക് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടിയ അവർ പിന്നീട് ടിഎംസിയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന് വരികയായിരുന്നു.












Click it and Unblock the Notifications