മിന്റാ ദേവി@124: പ്രിയങ്ക ഉള്‍പ്പെടേയുള്ള പ്രതിപക്ഷ എംപിമാരുടെ ടി ഷർട്ടില്‍ ഇടംപിടിച്ച് ആ 'കന്നി വോട്ടർ'
വോട്ടർ പട്ടികയിലും ബിഹാറിലെ പ്രത്യേക തീവ്ര പരിശോധന (Special Intensive Revision - SIR)യിലും ക്രമക്കേടുകള്‍ ആരോപിച്ചുള്ള പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. വിവിധ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലെ അപാകതകളോടൊപ്പം തന്നെ ബിഹാറിലെ പ്രത്യേക തീവ്ര പരിശോധനയിലെ വിശ്വാസ്യതയും ചോദ്യം ചെയ്ത് ഇന്ത്യ സംഖ്യത്തിലെ എംപിമാർ പാർലമെന്റ് സമുച്ചയത്തിനുള്ളില്‍ പ്രതിഷേധിച്ചു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ 'മിന്റാ ദേവി' എന്ന വ്യക്തിയുടെ ചിത്രം ആലേഖനം ചെയ്ത ടി-ഷർട്ടുകൾ ധരിച്ചുകൊണ്ടായിരുന്നു പ്രതിഷേധത്തില്‍ അണി നിരന്നത്. കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധി വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് നടത്തിയ പ്രസന്റേഷനിൽ പരാമർശിക്കപ്പെട്ട വ്യക്തിയാണ് മിന്റാ ദേവി.

ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ കരട് വോട്ടർ പട്ടികയിൽ 124 വയസ്സുള്ള മിന്റാ ദേവിയുടെ പേര് 'ആദ്യമായി വോട്ട് ചെയ്യുന്നവർ' എന്ന വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെക്കാൾ (115 വയസ്സ്) ഒമ്പത് വയസ്സ് കൂടുതലാണ് മിന്റാ ദേവിയുടെ പ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
"124 വയസ്സുള്ള മിന്റാ ദേവി ഒരു കന്നി വോട്ടറാണോ? വോട്ടർ പട്ടികയിൽ ഇത്തരം കള്ളപ്പേരുകളില്‍ നിരവധി ആളുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പിയുടെ കൂട്ടാളിയായി മാറിയിരിക്കുന്നു. ഇത്തരം ക്രമക്കേടുകളെക്കുറിച്ച് ചർച്ച വേണം," കോൺഗ്രസ് എംപി മാണിക്യം ടാഗോർ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ടിഎംസിയുടെ ഡെറക് ഒ'ബ്രയാൻ, ഡിഎംകെയുടെ ടി.ആർ. ബാലു, എൻസിപി(എസ്‌പി)യുടെ സുപ്രിയ സുലെ, ഡിഎംകെ, ഇടത് പാർട്ടികളിൽ നിന്നുള്ള മറ്റ് എംപിമാർ എന്നിവരുടെ നേതൃത്വത്തില്‍ പാർലമെന്റിലെ 'മകർ ദ്വാർ' കവാടത്തിന് മുന്നിലും ശക്തമായ പ്രതിഷേധം നടന്നു.
വിവിധ സംസ്ഥാനങ്ങളിൽ 'വോട്ട് മോഷണം' (vote theft) ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെയും നരേന്ദ്ര മോദി സർക്കാരിനെയും ലക്ഷ്യമിട്ട് വലിയ തോതിലുള്ള പ്രതിഷേധമാണ് നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി, ഈ വിഷയത്തിൽ ലോക്സഭയിലും രാജ്യസഭയിലും തുടർച്ചയായി സഭാ നടപടികൾ തടസ്സപ്പെടുകാണ്. ജൂലൈ 21-ന് മൺസൂൺ സെഷൻ ആരംഭിച്ചതിന് ശേഷം, ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച ചർച്ചകൾ ഒഴികെ, ഇരു സഭകളിലും കാര്യമായ നടപടികൾ ഇതുവരെ നടന്നിട്ടില്ല.
ബിഹാറിലെ പ്രത്യേക തീവ്ര പരിശോധന വോട്ടർ പട്ടികയെ കൂടുതൽ കൃത്യവും വിശ്വാസ്യവുമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പരിഷ്കരണ പ്രക്രിയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിക്കുന്നത്. എന്നാൽ, പ്രതിപക്ഷം ഇതിനെ 'വ്യാജ വോട്ടർമാരെ' ഉൾപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമമായി ആരോപിക്കുന്നു. മിന്റാ ദേവിയുടെ കേസാണ് വോട്ടർ പട്ടികയിലെ വിശ്വാസ്യതയില്ലായ്മയുടെ ഉദാഹരണത്തിന്റെ ഐക്കണായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. 124 വയസ്സുള്ള ഒരു വ്യക്തിയെ കന്നി വോട്ടറുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തേയും സുതാര്യതയെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രതിപക്ഷ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഈ പ്രക്രിയയിലൂടെ വോട്ടർ പട്ടികയിലെ പിഴവുകൾ തിരുത്തുകയും അത് കൂടുതൽ കൃത്യമാക്കുകയുമാണെന്ന് കമ്മീഷന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. മിന്റാ ദേവിയുടെ കേസ് ഒരു ഡാറ്റാ എൻട്രി പിഴവോ മനുഷികമായ പിഴവോ ആകാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനൌദ്യോഗികമായി വിശദീകരിച്ചു.












Click it and Unblock the Notifications