'രാഹുലിനെതിരെ സംസാരിക്കാൻ ആരാണ് ഇന്ന്,ഡ്യൂട്ടിയിൽ,ബിജെപിയുടെ വർക്ക് ഫ്രംഹോം ഷെഡ്യൂൾ';ട്രോളി കോൺഗ്രസ്
ദില്ലി; കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും ഉന്നം വെച്ചുള്ള ബിജെപിയുടെ പ്രതികരണങ്ങളിൽ ട്രോളുമായി കോൺഗ്രസ്. രാഹുലിനെ എതിർത്ത് സംസാരിക്കാൻ ഇന്നാരെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നതെന്നായിരുന്നു കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചത്. ബിജെപിയുടെ വർക്ക് ഫ്രം ഹോം ഷെഡ്യൂൾ എന്ന തലക്കോട്ടോടെയാണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.
ആരാണ് ഇന്ന് ഡ്യൂട്ടിയിൽ ഉളളത്? കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും ആക്രമിക്കാൻ ബിജെപിയുടെ വർക്ക് ഫ്രം ഹോം ഷെഡ്യൂൾ. തിങ്കളാഴ്ച - എസ്.ജയ്ശങ്കർ, ചൊവ്വാഴ്ച - പ്രകാശ് ജാവദേക്കർ, ബുധനാഴ്ച - ജെ പി നദ്ദ, വ്യാഴം - അമിത് ഷാ, വെള്ളിയാഴ്ച - രാജ്‌നാഥ് സിംഗ്, ശനിയാഴ്ച - നിർമ്മല സീതാരാമൻ, ഞായർ - സ്മൃതി ഇറാനി, കോൺഗ്രസ് ട്വീറ്റിൽ പരിഹസിക്കുന്നു.

Recommended Video
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കൊവിഡ് കാലത്തെ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എന്ന പരിഹാസത്തോടെയായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്. ഫെബ്രുവരി: നമസ്തേ ട്രംപ്, മാർച്ച്: മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിച്ചു, ഏപ്രിൽ: ജനങ്ങളെ കൊണ്ട് മെഴുകുതിരി കത്തിച്ചു,മെയ് സര്‍ക്കാരിന്റെ ആറാം വാർഷികം, ജൂൺ: ബിഹാർ വെർച്വൽ റാലി, ജൂലൈ: രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇതിന് മറുപടിയുമായി ഇന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവേദ്കർ രംഗത്തെത്തിയിരുന്നു. ഓരോ ദിവസവും കോൺഗ്രസ് ട്വീറ്റുകളുടെ പാർട്ടിയായി മാറി കൊണ്ടിരിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാത്തതിനാൽ കോൺഗ്രസിന് ഓരോ നേതാക്കളേയും നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ജാവേദ്കർ പറഞ്ഞിരുന്നു. നിരാശരായ കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ അനാവശ്യ ആരോപണങ്ങൾ ഉയർത്തുകയാണ്. രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഒപ്പമാണ്. കോൺഗ്രസ് നിസഹായരായതായും ജാവേദ്കർ പറഞ്ഞു.












Click it and Unblock the Notifications