പോലീസിനൊപ്പമുള്ള ചുവന്ന വേഷധാരി ആര്? എബിവിപി നേതാവോ? പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ!
ദില്ലി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തുിനെതിരെ ദില്ലി പോലീസിന്റെ നരനായാട്ട് രാജ്യത്ത് വൻ ചർച്ചയാകുകയാണ്. വിദ്യാർത്ഥിനികൾക്കിടയിൽ നിന്നും ഒരു വിദ്യാർത്ഥിയെ വിലിച്ചിഴച്ച് പുറത്തെടുക്കുകയും മർദ്ദിക്കുന്നതുമായ വീഡിയോയും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. പോലീസിനൊപ്പം മർദ്ദിക്കുന്നതിൽ ചുവന്ന ടീ ഷർട്ട് ധരിച്ച് ഹെൽമറ്റ് വെച്ച ഒരു വ്യക്തി കൂടി ഉണ്ടെന്നുള്ള ഫോട്ടോകളും പുറത്തു വന്നിരുന്നു.
എന്നാൽ അത് ആരാണെന്നുള്ള കാര്യത്തിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. വിരമിച്ച ജഡ്ജ് മാർക്കണ്ഡേയ കട്ജുവും ഇത് ആരെന്ന ചോദ്യവുമായി രംഗത്ത് വന്നിരുന്നു. ജീന്‍സും സ്പോര്‍ട്സ് ഷൂവും ചുവന്ന കുപ്പായവും ഹെല്‍മെറ്റും ധരിച്ച് പെണ്‍കുട്ടികളെ വടികൊണ്ട് ആഞ്ഞടിക്കുന്നയാളുടെ ഫോട്ടോ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. മുഖം മറച്ച് പ്രത്യക്ഷപ്പെട്ട ഇയാള്‍ പോലീസുകാര്‍ സുരക്ഷയ്ക്കായി ധരിച്ചിരുന്ന ഹെല്‍മെറ്റും അണിഞ്ഞിരുന്നു.

മുഖം മറച്ച് ആ ചുവന്ന കുപ്പായധാരി
യൂണിഫോമിലല്ലാത്ത വേഷത്തില്‍ മുഖം മറച്ചു കൊണ്ട പോലീസിനോടൊപ്പം ചേര്‍ന്ന് ജാമിയയിലെ കുട്ടികളെ തല്ലിയ ഇയാള്‍ ആരാണെന്ന് ആര്‍ക്കെങ്കിലും പറഞ്ഞു തരാന്‍ സാധിക്കുമോ എന്നാണ് കട്ജു ട്വീറ്റ് ചെയ്തത്. മാർക്കണ്ഡേയ കട്ജു ട്വിറ്ററിൽ ഉയർത്തിയ ഈ ചോദ്യത്തിന് മറുപടിയുമായി നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് വന്നിട്ടുള്ളത്. എബിവിപി നേതാവ് ഭരത് ശർമ്മയാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ചിലർ രംഗത്ത് വരുന്നുണ്ട്.

സിവിൽ വേഷത്തിൽ നിരവധി പേർ
വിദ്യാർത്ഥികളെ മർദ്ദിക്കുന്നതിന് സിവിൽ വേഷത്തിൽ പോലീസിന്റെ കൂടെ നിരവധി പേർ ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഓരോന്നായി പുറത്ത് വിരികയും ചെയ്യുന്നുണ്ട്. സിവിൽ വേഷത്തിലും ആളുകൾ പോലീസിനൊപ്പം ഉണ്ടായിരുന്നെന്നും ആരെന്ന് അറിയില്ലെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. അതേസമയം ദല്ലിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് വെടിവെച്ചതായുള്ള സംശയം ബലപ്പെടുന്നുണ്ട്. പരിക്കുകളോടെ ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ചികിത്സാ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.

കാലിൽ വെടിയേറ്റ പാട്
മുഹമ്മദ് തമീമിന്റെ ഇടത്തെ കാലില്‍ വെടിയേറ്റതിന്റെ പരിക്കുകളാണ് ഉള്ളതെന്നാണ് വിദ്യാര്‍ഥിയുടെ ഡിസ്ചാര്‍ജ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കാലില്‍നിന്ന് ഒരു 'അന്യവസ്തു' നീക്കംചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റു രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കാമ്പസിനകത്ത് പ്രവേശിച്ച് പോലീസ് വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ് പുതിയ ആശുപത്രി രേഖകൾ.

വെടിവെച്ചില്ലെന്ന് പോലീസ്
എന്നാൽ വെടിവെച്ചിട്ടില്ലെന്നും ടിയര്‍ ഗ്യാസ് ഷെല്‍ കൊണ്ടുള്ള പരിക്കാണെന്നുമാണ് പോലീസ് നിലപാട്. സര്‍വകലാശാല കാമ്പസിനുള്ളില്‍ പ്രവേശിച്ച പോലീസ് ലൈബ്രറി, മെസ്സ് ഹാള്‍, ഹോസ്റ്റല്‍ തുടങ്ങിയ ഇടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കിച്ചിരുന്നു. ഇതിനിടെ വെടിവെപ്പും നടന്നിരുന്നുവെന്നാണ് ചില വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ ഇതിന് കൃത്യമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
|
പത്ത് പേർ അറസ്റ്റിൽ
അതേസമയം പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അറസ്റ്റ് ചെയ്തിവരിലാരും വിദ്യാർത്ഥികലില്ലെന്നും, എല്ലാവരും പരിസര പ്രദേശങ്ങളിലുള്ളവരാണെന്നുമാണ് പോലീസ് വാദം. ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പൗരത്വഭേദഗതിക്കെതിരെ രാജ്യമൊട്ടുക്കും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. അതിനിടെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങള്‍ ആക്രമണങ്ങളിലേക്ക് വഴിമാറുകയായിരുന്നു.