രാജ്യം വീണ്ടും ഒരു ശേഷനെ തേടുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചൂടറിഞ്ഞ കാലം, ആരാണ് ടിഎന്‍ ശേഷന്‍
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കരുത്തും അധികാരവും ഇന്ത്യന്‍ ജനതയെ പഠിപ്പിച്ച വ്യക്തിയാണ് ടിഎന്‍ ശേഷന്‍. ഇന്ന് രാജ്യം കാണുന്ന തിരഞ്ഞെടുപ്പ് വേളയിലെ പല നിയന്ത്രണങ്ങള്‍ക്കും പിന്നില്‍ ഈ പാലക്കാട്ടുകാരനാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്യവെ, ആരാണ് ടിഎന്‍ ശേഷന്‍ എന്ന് അറിയുന്നത് എന്തുകൊണ്ടും നല്ലതാണ്.
പാലക്കാട്ടെ തിരുനെല്ലായി ഗ്രാമത്തില്‍ 1932ല്‍ ജനിച്ച ടിഎന്‍ ശേഷന്‍ ഇ ശ്രീധരന്റെ സഹപാഠിയാണ്. വിക്ടോറിയിയലും മദ്രാസ് ക്രിസ്ത്യന്‍ കോളജിലും പഠിച്ച അദ്ദേഹം 1955ലാണ് ഐഎഎസ് നേടിയത്. അതിന് ശേഷവും പഠനം തുടര്‍ന്നു എന്നത് മറ്റൊരു കാര്യം. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകുംമുമ്പ് സേവനം അനുഷ്ടിച്ച ജോലികളിലെല്ലാം 'ഞെട്ടിച്ചിട്ടുണ്ട്' ശേഷന്‍.

തമിഴ്‌നാട്ടില്‍ ഹിന്ദി വിരുദ്ധ സമരം ശക്തിപ്പെട്ട വേളയില്‍ മധുരയില്‍ കളക്ടറായിന്നു ശേഷന്‍. അക്രമം നടത്തുന്നവരെ വെടിവെക്കാന്‍ ശേഷന്‍ ഉത്തരവിട്ടതോടെ മധുര ശാന്തമായി. തമിഴ്‌നാട്ടില്‍ ഗതാഗത വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ, ചെന്നൈ നഗരത്തിലൂടെ യാത്രക്കാരുമായി ബസ് ഓടിച്ചത് ഒരു വാശിപ്പുറത്തായിരുന്നു. വാഹനങ്ങളുടെ അറ്റക്കുറ്റ പണികളും അദ്ദേഹം അക്കാലത്താണ് പഠിച്ചത്.
വോട്ടിങിന് മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കിയ ശേഷന്‍
കയ്യൂക്കും പണവും ഉണ്ടെങ്കില്‍ വോട്ടര്‍മാരെ നിയന്ത്രിക്കാമെന്ന തോന്നല്‍ നിലനിന്നിരുന്ന തിരഞ്ഞെടുപ്പ് സംവിധാനം മൊത്തം ഉടച്ചുവാര്‍ത്തത് ശേഷനാണ്. എസ് ചന്ദ്രശേഖര്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1990 ഡിസംബറിലാണ് ശേഷനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. നിമയങ്ങള്‍ കര്‍ക്കശമായി പാലിക്കുക എന്നതായിരുന്നു ശേഷന്റെ നിലപാട്. തടസം നില്‍ക്കുന്നവര്‍ക്കെതിരെ മുഖംനോക്കാതെ നിലപാട് സ്വീകരിച്ചതോടെ പ്രമുഖരുടെ കണ്ണിലെ കരടായി മാറി.
വോട്ടിങിന് മുമ്പ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട് ശേഷന്‍. 1993ലെ തിരഞ്ഞെടുപ്പില്‍ 1500ഓളം സ്ഥാനാര്‍ഥികളെ അയോഗ്യനാക്കിയത് ആദ്യത്തെ സംഭവമായിരുന്നു. തിരഞ്ഞെടുപ്പ് ജോലിക്ക് മടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നിലപാടെടുത്തു. പ്രണബ് മുഖര്‍ജിക്ക് കേന്ദ്ര മന്ത്രിസഭയിലേക്ക് വഴിയൊരുക്കുമായിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചതോടെ നരസിംഹ റാവുവിന് ശേഷനോട് മടുത്തു.
ഏകാംഗ കമ്മീഷനിലേക്ക് മറ്റു രണ്ടുപേര്‍ കൂടി
ഈ വേളയിലാണ് ഏകാംഗ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സംവിധാനം സര്‍ക്കാര്‍ മാറ്റിയതും മറ്റു രണ്ട് അംഗങ്ങളെ കൂടി കമ്മീഷനില്‍ ചേര്‍ത്തതും. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ശേഷന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് വേളയിലെ മദ്യനിരോധനം ഉള്‍പ്പെടെ ഇന്ന് രാജ്യം കാണുന്ന മിക്ക തിരഞ്ഞെടുപ്പ് ചട്ടങ്ങളും ശേഷന്‍ നടപ്പാക്കിയതാണ്.
പെരുമാറ്റ ചട്ടം കര്‍ശനമാക്കി, സ്ഥാനാര്‍ഥികളുടെ ചെലവും ഉച്ചഭാഷിണിയും നിയന്ത്രിച്ചു, ജാതിയും മതവും വച്ച് വോട്ട് ചോദിക്കരുത് തടഞ്ഞു, തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഇല്ലെന്ന് ഉറപ്പാക്കി, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം തടഞ്ഞു എന്നതെല്ലാം ശേഷന്റെ കരുത്തുറ്റ നിലപാടുകളുടെ ഫലമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലെന്നും ജനങ്ങളുടെ ഉദ്യോഗസ്ഥാനാണെന്നുമായിരുന്നു ശേഷന്റെ നിലപാട്. നരസിംഹ റാവുവിനോടും ജയലളിതയോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച വ്യക്തിയാണ് അദ്ദേഹം.
'പ്രതിക്കൂട്ടില്‍' ഗ്യാനേഷ് കുമാര്‍
നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂട്ടുനിന്നു എന്ന ആക്ഷേപം ഉയരുമ്പോള്‍ ചര്‍ച്ചയില്‍ ഉയരുന്ന പ്രധാന പേരാണ് ശേഷന്‍. മൂന്നംഗ കമ്മീഷനിലെ രണ്ടുപേരുടെ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂട്ടുനിന്നു എന്നതാണ് ഗ്യാനേഷ് കുമാര്‍ നേരിടുന്ന ആരോപണം. അതിനെല്ലാം അപ്പുറം രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടമായി എന്നതാണ് വെല്ലുവിളി.
അയല്‍രാജ്യങ്ങളെല്ലാം ആഭ്യന്തര കലഹത്തിലേക്ക് നീങ്ങിയപ്പോഴും ഇന്ത്യയില്‍ അധികാര കൈമാറ്റം സുഗമമായി നടന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കളങ്കമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്. എസ്‌ഐആര്‍ നടപ്പാക്കിയതിലെ അപാകതയും വോട്ടര്‍മാരെ ഒഴിവാക്കാന്‍ കമ്മീഷന്‍ തന്നെ ശ്രമിച്ചതുമെല്ലാം ഗ്യാനേഷ് കുമാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.
രാജ്യദ്രോഹമാണ് ഗ്യാനേഷ് കുമാര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചു. ഗ്യാനേഷ് കുമാരിന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിക്കണം എന്നാണ് ബംഗാളിലെ ബിജെപി അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ പറയുന്നത്. ഗ്യാനേഷ് കുമാറിനെ ന്യായീകരിക്കാന്‍ ബിജെപി നേതാക്കള്‍ രംഗത്തെത്തിയ പിന്നാലെയാണ് ഈ ആവശ്യം.


Click it and Unblock the Notifications
