തമിഴകത്തെ 'റിയൽ കിങ് മേക്കർ'; പോയസ് ഗാർഡനിൽ മണ്ണാർഗുഡി മാഫിയയെ പ്രതിഷ്ഠിച്ചവൻ... ആരേയും വെല്ലും
Recommended Video

ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ രണ്ടേ രണ്ട് പേരുകളേ ഉണ്ടായിരുന്നുള്ളൂ. അത് മുത്തുവേല്‍ കരുണാനിധിയും ജയലളിതയും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജയലളിത ജീവനോടില്ല, കരുണാനിധിയാണെങ്കില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു.
കരുണാനിധിയുമായും ജയലളിതയുമായും ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു എം നടരാജന്‍ എന്ന നടരാജന്‍ മരുതപ്പ. എന്നാല്‍ ഒടുക്കം ഈ രണ്ടുപേരും നടരാജനെ തീണ്ടാപ്പാടകലത്ത് നിര്‍ത്തി. അധികാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ അപ്പോഴും അദൃശ്യ സാന്നിധ്യമായി നടരാജന്‍ ഉണ്ടായിരുന്നു എന്ന് തന്നെ പറയേണ്ടിവരും.
തമിഴകത്ത് ജയലളിത യുഗം തുടങ്ങിയപ്പോള്‍ അതിന്റെ അണിയറയില്‍ ഉണ്ടായിരുന്നു നടരാജന്‍. ജയലളിതയ്ക്ക് ഒരു ആജീവനാന്തകാല തോഴിയായി തന്റെ ഭാര്യ ശശികലയെ പരിചയപ്പെടുത്തിക്കൊടുത്തതും നടരാജന്‍ തന്നെ. സംഭവ ബഹുലമായ ആ ജീവിതത്തിനാണ് ചെന്നൈയിലെ ആശുപത്രിയില്‍ തിരശ്ശീല വീണത്.

നടരാജന്‍ മരുതപ്പ
തഞ്ചാവൂരിലെ വിളര്‍ ഗ്രാമത്തില്‍ ആയിരുന്നു നടരാജന്റെ ജനനം. പിതാവ് ഒരു സാധാരണ കര്‍ഷകനായ മരുതപ്പ. അവിടെ നിന്ന് തുടങ്ങിയതാണ് നടരാജന്റെ ജീവിതം. പിന്നീട് തമിഴക രാഷ്ട്രീയത്തിന്റെ എല്ലാ വിഭാഗങ്ങളുടേയും ഒപ്പം പ്രവര്‍ത്തിക്കാന്‍ നടരാജന് സാധിച്ചു. പലപ്പോഴും രാഷ്ട്രീയത്തിന്റെ പിന്നണിയിലെ ശക്തി കേന്ദ്രമായി മാറി. പലതവണ പുറത്തേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു നടരാജന്‍. എങ്കിലും പോരാട്ടങ്ങള്‍ അവസാനിപ്പിച്ചിരുന്നില്ല. ഓരോ തവണയും തിരിച്ചുവരുകള്‍ക്കായി ശ്രമിച്ചുകൊണ്ടേയിരിക്കുകയായിരുന്നു അയാള്‍.

ഡിഎംകെയിലൂടെ
ബിരുദധാരിയാണ് നടരാജന്‍. ബിഎയ്ക്ക് പഠിക്കുമ്പോള്‍ ആയിരുന്നു തമിഴ് നാട്ടില്‍ ഹിന്ദി വിരുദ്ധ സമരം കൊടുമ്പിരി കൊള്ളുന്നച്. 1965 കാലഘട്ടം. സമരത്തില്‍ സജീവ സാന്നിധ്യം ആയിരുന്ന നടരാജന്‍ എല്‍ ഗണേശനെ പോലുള്ള ഡിഎംകെ നേതാക്കളുടെ ശ്രദ്ധയില്‍ പെട്ടു. പിന്നീട് ഡിഎംകെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാനും കഴിഞ്ഞു. നടരാജന് മുഖ്യധാരയിലേക്കുള്ള വഴിതുറന്നുകൊടുത്തത് ഡിഎംകെയും മുത്തുവേല്‍ കരുണാനിധിയും തന്നെ ആയിരുന്നു. പിന്നീട് ആ കരുണാനിധിയെ തന്നെ തള്ളിയാണ് നടരാജന്‍ എഐഎഡിഎംകെയില്‍ എത്തുന്നത്.

സര്‍ക്കാര്‍ ജോലി
1969 ല്‍ എം കരുണാനിധിയുടെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നു. പാര്‍ട്ടിക്ക് ഏറെ വേണ്ടപ്പെട്ടവനായി മാറിയിരുന്ന നടരാജനെ തുടര്‍ന്ന് സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയി നിയമിച്ചു. ഡിഎംകെയുമായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്ന കാലം ആയിരുന്നു അത്. എന്നാല്‍ അടിയന്തരാവസ്ഥ കാലത്ത് നടരാജനെ ഡിഎംകെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കരുണാനിധിയുമായും ഡിഎംകെയുമായും ഉള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത് ഈ കാലഘട്ടത്തില്‍ ആണ്.

ശശികല കടന്നുവന്നു
സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയിരിക്കെ ആണ് ശശികലയെ നടരാജന്‍ വിവാഹം കഴിക്കുന്നത്. 1973 ല്‍ ആയിരുന്നു ഇത്. നടരാജന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവം. എന്നാല്‍ ഈ വിവാഹം നടത്തിക്കൊടുത്തത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന എം കരുണാനിധിയായിരുന്നു. പിന്നീട് കരുണാനിധിയുടെ എതിര്‍പക്ഷത്തായി നടരാജനും ശശികലയും. കരുണാനിധിയെ നിലംപരിശാക്കി ജയലളിത കടന്നുവന്നപ്പോള്‍ അവര്‍ക്കൊപ്പം തന്നെ ആയിരുന്നു രണ്ട് പേരും.

തിരിച്ചുവരവ്
അടിയന്തരാവസ്ഥക്കാലത്ത് ജോലി നഷ്ടപ്പെട്ടെങ്കിലും നടരാജന്‍ വീണ്ടും തിരിച്ചെത്തി. അടിയന്തരാവസ്ഥയ്ക്ക് ശേഷം എംജിആറിന്റെ നേതൃത്വത്തില്‍ എഐഎഡിഎംകെ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ നടരാജനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും ഡിഎംകെ ബന്ധം ഉപേക്ഷിച്ച് നടരാജന്‍ എഐഎഡിഎംകെയ്‌ക്കൊപ്പം കൂടിയിരുന്നു. ശശികല അപ്പോള്‍ രാഷ്ട്രീയവുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു സ്ത്രീ ആയിരുന്നു എന്നത് വേറെ കാര്യം.

വിനോദ് വീഡിയോ സര്‍വ്വീസ്
ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി നടരാജനും ശശികലയും ചേര്‍ന്ന് വിനോദ് വീഡിയോ സര്‍വ്വീസ് എന്ന പേരില്‍ ഒരു വീഡിയോഗ്രാഫി സ്ഥാപനം ചെന്നൈയില്‍ നടത്തിയിരുന്നു. നടരാജന്‍ ആ സമയത്ത് കുടലൂര്‍ ജില്ലാ കളക്ടര്‍ വിഎസ് ചന്ദ്രലേഖയ്‌ക്കൊപ്പം ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എംജിആറിന്റെ അടുത്ത ആളായിരുന്ന ചന്ദ്രലേഖ വഴിയാണ് ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അന്ന് എഐഎഡിഎംകെയുടെ പ്രൊപ്പഗണ്ട സെക്രട്ടറി ആയിരുന്നു ജയലളിത. ആ പരിചയപ്പെടുത്തല്‍ ഏറെ നിര്‍ണായകമായി മാറി.

ശശികല ജയലളിതയ്‌ക്കൊപ്പം
അന്ന് ജയലളിത പാര്‍ട്ടിയിലെ നിര്‍ണായക ശക്തി ഒന്നും ആയിരുന്നില്ല. എന്നാല്‍ ശശികലയും ജയലളിതയും തമ്മിലുള്ള ബന്ധം ദൃഢമായി. എംജിആറിന്റെ മരണശേഷം എഐഎഡിഎംകെ പിളര്‍ന്നപ്പോള്‍ നടരാജനും ശശികലയും ജയലളിതക്കൊപ്പം നിന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത് നടരാജന്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് 1991 ല്‍ ജയലളിതയെ അധികാരത്തിലെത്തിച്ചതിന് പിന്നിലും നടരാജന്റെ ബുദ്ധിയായിരുന്നു എന്നും പറയപ്പെടുന്നു.

ജയലളിതയെ തിരുത്തിയ നടരാജന്‍
എംജിആറിന്റെ മരണശേഷം ജാനകിയമ്മാള്‍ മുഖ്യമന്ത്രിയായി. പക്ഷേ പാര്‍ട്ടി പിളര്‍ന്നു. പിന്നീട് ജയലളിത ശക്തയായി ഉയിര്‍ത്തെഴുന്നേറ്റു. 1989 ല്‍ കരുണാനിധി മുഖ്യമന്ത്രിയായി. ആ സമയത്ത് എംഎല്‍എ സ്ഥാനം രാജിവച്ചൊഴിയാന്‍ ജയലളിത തീരുമാനിച്ചിരുന്നത്രെ. സ്പീക്കര്‍ക്ക് നല്‍കാന്‍ രാജിക്കത്തും തയ്യാറാക്കി വച്ചിരുന്നു. ഈ രാജിക്കത്ത് പിന്നീട് റെയ്ഡില്‍ പിടിച്ചെടുക്കുകയും തമിഴ്‌നാട് നിയമസഭയില്‍ എത്തുകയും ചെയ്തു. ജയലളിത നിയമസഭയില്‍ വച്ച് ക്രൂരമായി ആക്രമിക്കപ്പെടുയും ചെയ്തു. രാജിവക്കാനുള്ള തീരുമാനത്തില്‍ നിന്ന് ജയലളിതയെ പിന്തിരിപ്പിച്ചത് നടരാജന്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശക്തികേന്ദ്രമായപ്പോള്‍
1991 ല്‍ ജയലളിത വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തി. പാര്‍ട്ടിയിലെ ശക്തികേന്ദ്രമായി മാറിയിരുന്ന നടരാജനും ശശികലയും ആയിരുന്നു അന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നു. ശശികലയുടെ നേതൃത്വത്തില്‍ മണ്ണാര്‍ഗുഡി മാഫിയ പോയസ് ഗാര്‍ഡനില്‍ കാര്യങ്ങള്‍ നടത്തിപ്പോന്നു. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ ജയലളിത നടരാജനെ പോയസ് ഗാര്‍ഡനില്‍ കാലെടുത്ത് വയ്ക്കുന്നത് പോലും വിലക്കി. പരസ്യമായി തന്നെ നടരാജനെ തള്ളിപ്പറഞ്ഞു. എന്നാലും തന്റെ സ്വാധീനത്തില്‍ വലിയ കുറവൊന്നും വരാതെ സൂക്ഷിക്കാന്‍ നടരാജന് സാധിച്ചു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
പിന്നീട് ശശികലയും നടരാജനും ശക്തമായി തന്നെ തിരിച്ചുവന്നു. എന്നാല്‍ 2011 ല്‍ ജയലളിത നടരാജനയേും ശശികലയേയും ടിടിവി ദിനകരനേയും മറ്റ് അടുപ്പക്കാരേയും പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കി ഞെട്ടിച്ചു. അധികാര ദുര്‍വിനിയോഗം തന്നെ ആയിരുന്നു ഇതിന് കാരണം. പക്ഷേ, ശശികല ജയലളിതയെ വിട്ടുപോയില്ല. ശശികലയെ അത്ര പെട്ടെന്ന് ഉപേക്ഷിക്കാന്‍ ജയലളിതയ്ക്കും സാധിക്കില്ലായിരുന്നു. വളരെ പെട്ടെന്ന് തന്നെ ശശികല പോയസ് ഗാര്‍ഡനില്‍ 'അമ്മ' യുടെ തോഴിയായി, പ്രവര്‍ത്തകരുടെ ചിന്നമ്മയായി തിരിച്ചെത്തുന്ന കാഴ്ചയാണ് കണ്ടത്.

ഭാര്യപോലും ഉപേക്ഷിച്ചു
നടരാജനേയും മറ്റ് ബന്ധുക്കളേയും ഉപേക്ഷിക്കുവാന്‍ ആയിരുന്നു ജയലളിത ശശികലയോട് ആവശ്യപ്പെട്ടത്. അവര്‍ അത് ശിരസ്സാവഹിക്കുകയും ചെയ്തു. പിന്നീട് കുറേ കാലം നടരാജനും ശശികലയും തമ്മില്‍ കണ്ടിട്ടേ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുറത്താക്കപ്പെടുന്നതിന് മുമ്പ് എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നല്‍കിയത് നടരാജന്‍ ആയിരുന്നു. വിരമിച്ച രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആയിരുന്നു പ്രകടന പത്രിക തയ്യാറാക്കിയത് എന്ന് നടരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ജയലളിതയെ അവസാനമായി നേരിട്ട് കണ്ടത് 1991 ല്‍ അവര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മാത്രമായിരുന്നു എന്നും നടരാജന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ജയലളിതയുടെ മരണശേഷം
വാര്‍ത്തകളില്‍ ഒരു സ്ഥാനവും ഇല്ലാതിരിക്കുകയായിരുന്നു നടരാജന്‍. എന്നാല്‍ ജയലളിതയുടെ ആകസ്മികമായ ആശുപത്രി പ്രവേശനം മുതല്‍ നടരാജന്‍ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങി. അന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആയിരുന്ന രാഹുല്‍ ഗാന്ധിയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചത് നടരാജന്റെ ഇടപെടല്‍ മൂലമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ജയലളിതയുടെ മരണശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്താനുള്ള നീക്കത്തില്‍ ആയിരുന്നു നടരാജന്‍. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ ശശികലയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ന്നപ്പോള്‍ ഭാര്യയെ പിന്തുണച്ച് നടരാജന്‍ എത്തിയിരുന്നു.

ഒടുവില്‍ മരണം
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ പോകേണ്ടി വന്നപ്പോള്‍ ശശികല പാര്‍ട്ടി ചുമതല നടരാജനെ ഏല്‍പിച്ചില്ല. സഹോദരീപുത്രന്‍ ആയ ടിടിവി ദിനകരനെ ആയിരുന്നു ചുമതല ഏല്‍പിച്ചത്. ശശികല ജയിലില്‍ ആയി അധികം കഴിയും മുമ്പേ നടരാജന്റെ ആരോഗ്യസ്ഥിതി മോശമായി. വൃക്കയും കരളും മാറ്റിവയ്‌ക്കേണ്ടി വന്നു. ഭര്‍ത്താവിനെ കാണാന്‍ ശശികല പരോളില്‍ എത്തുകയും ചെയ്തു. ഒടുവില്‍ 2018 നാര്‍ച്ച് 20 ന് പുലര്‍ച്ചെ ദിനകരന്‍ അന്തരിച്ചു.












Click it and Unblock the Notifications