ആരാകും അടുത്ത ഡൽഹി മുഖ്യമന്ത്രി?; സുനിത കെജ്രിവാൾ എത്തുമോ, അതിഷിക്കും സാധ്യത
അപ്രതീക്ഷിതമായിട്ടായിരുന്നു താൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ രാജി സമർപ്പിക്കുമെന്നും ഇനി ജനവിധി അറിഞ്ഞാൽ മാത്രമേ അധികാരത്തിലേക്ക് മടങ്ങൂവെന്നും കെജ്രിവാൾ വ്യക്തമാക്കി.
നേരത്തെ മദ്യ അഴിമതി കേസിൽ ജയിലിൽ കിടക്കുമ്പോൾ രാജി വെയ്ക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ജയിലിൽ കിടന്ന് കൊണ്ട് തന്നെ ഭരിക്കാനുള്ള സാധ്യത അദ്ദേഹം തേടിയിരുന്നു. അതുകൊണ്ട് തന്നെ ജയിൽ മോചിതനായതിന് ശേഷമുള്ള രാജി പ്രഖ്യാപനം പിആർ സ്റ്റണ്ട് ആണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. അഴിമതി പ്രതിച്ഛായ മാറ്റാനുള്ള നീക്കമാണിതെന്നും ബി ജെ പി കുറ്റപ്പെടുത്തുന്നു.
അതേസമയം കെജ്രിവാൾ രാജിവെച്ചാൽ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചർച്ചകളും സജീവമാണ്. മന്ത്രിസഭയിൽ മനീഷ് സിസോദിയയാണ് രണ്ടാമൻ. എന്നാൽ മദ്യനയ കേസിൽ ജയിൽ വാസം അനുഭവിച്ച താനും ഇനി ജനവിധി അറിയാതെ മന്ത്രിസ്ഥാനത്തേക്ക് ഇല്ലെന്നാണ് സിസോദിയയും വ്യക്തമാക്കിയത്. പകരക്കാരിയായി ക്രെജിവാളിന്റെ ഭാര്യ സുനിത എത്തുമോയെന്ന ചോദ്യമാണ് ഇപ്പോൾ ബി ജെ പി ഉയർത്തുന്നത്. ഭാര്യയെ മുഖ്യമന്ത്രിയാക്കി അധികാരം തന്റെ കൈപ്പിടിയിൽ തന്നെ നിലനിർത്താനാണോ കെജ്രിവാളിന്റെ നീക്കമെന്ന് സംശയമുണ്ടെന്ന് ബി ജെ പി നേതാവ് ഷെഹ്സാദ് പൂനെവാലെ ആരോപിച്ചു.

കെജ്രിവാൾ ജയിലിൽ ആയിരുന്നപ്പോൾ ആം ആദ്മിയുടെ പൊതുപരിപാടികളിലെല്ലാം സജീവമായിരുന്നു സുനിത. ഇന്ത്യ സഖ്യത്തിന്റെ പരിപാടികളിലടക്കം സുനിത പങ്കെടുത്തിട്ടുണ്ട്. മാത്രമല്ല ഹരിയാനയിൽ എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്നതും സുനിതയാണ്. അതുകൊണ്ട് തന്നെ സുനിതയെ പരിഗണിക്കാനുള്ള സാധ്യത ശക്തമാണെന്ന വിലയിരുത്തലുകൾ ഉണ്ട്. എന്നാൽ സുനിതയെ മുഖ്യമന്ത്രിയാക്കിയാൽ അത് പ്രതിപക്ഷത്തിന് അടിക്കാനുള്ള വക നൽകുന്നതിന് തുല്യമാകുമെന്ന വിലയിരുത്തൽ ഉണ്ട്. ബി ജെ പി വിഷയത്തിൽ പ്രചരണം ശക്തമാക്കുമെന്നും അത് തിരിച്ചടിയാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഡൽഹി കാബിനറ്റിൽ അഞ്ച് മന്ത്രിമാരാണ് ഉള്ളത്. ഗോപാൽ റായ് , ഏറ്റവും മുതിർന്ന നേതാവാണ്. ഇമ്രാൻ ഹുസൈൻ, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, അതിഷി എന്നിവരാണ് മറ്റ് മന്ത്രിമാർ. നിയമം, ധനകാര്യം, ആസൂത്രണം എന്നിവയുൾപ്പെടെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് കൈലാഷ് ഗെലോട്ടാണ്. അതേസമയം പിഡബ്ല്യുഡി, ജലം, വൈദ്യുതി, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വിജിലൻസ് തുടങ്ങി ഏറ്റവും കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് അതിഷിയാണ്.
കെജ്രിവാളിന്റെ അസാന്നിധ്യത്തിൽ പാർട്ടിയുടെ മുഖമായി നിന്നത് അതിഷിയായിരുന്നു. ഡല്‍ഹിയിലെ ഉദ്യോഗസ്ഥസംഘവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മന്ത്രി കൂടിയാണ് അതിഷി. ഇത് അവർക്ക് അനുകൂല ഘടകമാണ്. പാർട്ടിക്കുള്ളിലും ജനങ്ങൾക്കുമിടയിൽ നല്ല സ്വാധീനമുള്ള നേതാവാണ് കൈലാഷ്. അതുകൊണ്ട് കൈലാഷിനെ പരിഗണിക്കാനുളള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും.
അതിനിടയിൽ ഉടൻ തന്നെ ഡൽഹിയിൽ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അറിയിച്ചിട്ടുണ്ട്. കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു സ്പീക്കർ ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications