കോണ്‍ഗ്രസിനെ ആര് രക്ഷിക്കും? മറ്റൊരു സീതാറാം കേസരി വരുമോ, മൂന്ന് ഗാന്ധിമാരും മുഖം തിരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റ് ആരായിരിക്കും. പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികള്‍ക്ക് പാര്‍ട്ടി തുടക്കമിടുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ ഇനി പ്രസിഡന്റാകില്ല എന്നാണ് സൂചന. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ഏറെ കാലമായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്.
ഇത്തവയും അവര്‍ തന്നെ വരണമെന്ന് വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബിജെപിയുടെ കുടുംബ വാഴ്ച ആരോപണം മുന്നില്‍ നില്‍ക്കുമ്പോള്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമോ എന്നാണ് അറിയേണ്ടത്. ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക....

സോണിയ ഗാന്ധിയായിരുന്നു ഏറെ കാലം കോണ്‍ഗ്രസ് അധ്യക്ഷ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്തത്. പക്ഷേ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവച്ചു. പല അനുനയ ശ്രമങ്ങള്‍ നടന്നെങ്കിലും അദ്ദേഹം തീരുമാനം മാറ്റിയില്ല.

ഗത്യന്തരമില്ലാതെ സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി. പിന്നീട് സ്ഥിരം അധ്യക്ഷയായി അവര്‍ വീണ്ടുമെത്തുകയും ചെയ്തു. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ മാത്രമേ അധ്യക്ഷ പദവി അലങ്കരിക്കൂ എന്നാണ് സോണിയ മുന്നോട്ട് വച്ച നിബന്ധനയത്രെ. അതായത് ഇനി സോണിയ അധ്യക്ഷ പദവിയിലേക്ക് വരില്ലെന്ന് അര്‍ഥം.

രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിയും നോ പറഞ്ഞിരിക്കുന്നു. ഇനി എല്ലാവരുടെയും കണ്ണ് പ്രിയങ്ക ഗാന്ധിയിലേക്കാണ്. രാഹുല്‍ ഇതിനും തടസം നില്‍ക്കുന്നുവെന്നാണ് വിവരം. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് മറ്റാരെങ്കിലും അധ്യക്ഷ പദവിയിലേക്ക് വരട്ടെ എന്നാണ് രാഹുലിന്റെ നിലപാട്.

രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി മുതിര്‍ന്ന നേതാക്കളായ ഭക്ത ചരണ്‍ ദാസും ഭൂപീന്ദര്‍ സിങ് ഹൂഡയും സമ്മതിക്കുന്നു. എന്നാല്‍ ഇരുവര്‍ക്കും വലിയ പ്രതീക്ഷയില്ല. അതേസമയം, കോണ്‍ഗ്രസിന്റെ ആരംഭിക്കാനാരിക്കുന്ന ദേശീയ യാത്രയ്ക്ക് രാഹുല്‍ ഗാന്ധിയാണ് ചുക്കാന്‍ പിടിക്കുന്നത്. മാത്രമല്ല, പാര്‍ട്ടിയുടെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും രാഹുല്‍ ഗാന്ധിയാണ്. ഇതാണ് ഒരുവിഭാഗം നേതാക്കള്‍ രാഹുല്‍ തിരിച്ചെത്തുമെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കാരണം.

കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചു, കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയായി ഒതുങ്ങി, കോണ്‍ഗ്രസില്‍ കുടുംബ പാരമ്പര്യം നോക്കി നേതാക്കളെ നിയോഗിക്കുന്നു... തുടങ്ങി ഒട്ടേറെ ആക്ഷേപങ്ങള്‍ ബിജെപി ഉന്നയിക്കുന്നുണ്ട്. ഇതിനെ മറികടക്കാന്‍ കൂടിയാണ് ഗാന്ധി കുടുംബം മാറി നില്‍ക്കാന്‍ ആലോചിക്കുന്നത് എന്ന വിവരവും വരുന്നുണ്ട്. പക്ഷേ, ഗാന്ധി കുടുംബത്തിന് മാത്രമേ കോണ്‍ഗ്രസ് നേതാക്കളെയും അണികളെയും ഒറ്റക്കെട്ടായി നയിക്കാന്‍ സാധിക്കൂ എന്ന് വിശ്വസിക്കുന്നു മിക്ക പാര്‍ട്ടി നേതാക്കളും.

നരേന്ദ്ര മോദി തന്നെയാണ് 2024ലും ബിജെപിയെ നയിക്കുക എന്നാണ് വിവരം. മോദിയല്ലെങ്കില്‍ ആര് എന്ന ചോദ്യത്തിന് ബിജെപിക്കും ഉത്തരമില്ല. മോദിയെ നേരിടാന്‍ പര്യാപ്തനായ നേതാവ് കോണ്‍ഗ്രസിലുണ്ടോ എന്ന ചോദ്യമാണ് ബിജെപി ഉന്നയിക്കുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരു വ്യക്തി വന്ന് കോണ്‍ഗ്രസിനെ രക്ഷിക്കുമോ എന്ന ചോദ്യവും ബാക്കിയാണ്. ദേശീയ യാത്ര നടത്തി രാഹുല്‍ പുതിയ ഒരുക്കം നടത്തുകയാണോ എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്.

2014 മുതല്‍ തുടര്‍ച്ചയായി ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയം നുണയുകയാണ് കോണ്‍ഗ്രസ്. ചില സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ് ആശ്വാസ ഫലം വന്നത്. എന്നാല്‍ അവിടെയും കുതിരക്കച്ചവടത്തിലൂടെ കോണ്‍ഗ്രസിനെ വീഴ്ത്തി ബിജെപി. ഇതിന് മുമ്പ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയത് സീതാറാം കേസരിയാണ്. ഇനി മറ്റൊരു സീതാറാം കേസരി കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ എത്തുമോ എന്നാണ് അറിയേണ്ടത്.












Click it and Unblock the Notifications