പാരീസ് വെടിവെപ്പ്: തീവ്രവാദികള്‍ക്ക് ബിഎസ്പി നേതാവിന്റെ 51 കോടി!
ലഖ്‌നൊ: പ്രവാചകനെ നിന്ദിക്കുന്നവര്‍ പാരീസിലെ ജേര്‍ണലിസ്റ്റുകളെ പോലെ മരണം ക്ഷണിച്ചുവരുത്തുകയാണ് എന്ന് ബി എസ് നേതാവ് ഹാജി യാക്കൂബ് ഖുറേഷി. പ്രവാചകനെ അപമാനിക്കുന്നവരെ പ്രവാചകന്റെ അനുയായികള്‍ ശിക്ഷിക്കും എന്നാണ് നേതാവ് പറയുന്നത്. പാരീസിലെ ആക്ഷേപ ഹാസ്യ പ്രസിദ്ധീകരണമായ ചാര്‍ലി ഹെബ്‌ഡോയുടെ ഹെഡ് ഓഫീസില്‍ കൂട്ടക്കൊല നടന്നതിന് പിന്നാലെയാണ് എം പിയുടെ പ്രതികരണം.
പാരീസില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് 51 കോടി രൂപ പ്രതിഫലമായി നല്‍കാന്‍ തയ്യാറാണ് എന്നും ഖുറേഷി പറഞ്ഞു. ഇതിന് മുമ്പും ഇയാള്‍ സമാനമായ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. 2006 ല്‍ പ്രവാചകനെ നിന്ദിച്ച് കാര്‍ട്ടൂണ്‍ വരച്ചു എന്നാരോപിക്കപ്പെട്ട ഡാനിഷ് പത്രപ്രവര്‍ത്തകനെ കൊല്ലുന്നവര്‍ക്ക് 51 കോടി രൂപ കൊടുക്കുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

മുഖം മൂടി ധരിച്ചെത്തിയ രണ്ട് തീവ്രവാദികളാണ് ചാര്‍ലി ഹെബ്‌ഡോയുടെ ഹെഡ് ഓഫീസില്‍ 12 പേരെ വെടിവെച്ച് കൊന്നത്. പ്രവാചകനെ നിന്ദിക്കുന്നവര്‍ക്ക് ശിഷ്യന്മാര്‍ തക്കതായ ശിക്ഷ കൊടുക്കും. അവരെ നിയമപരമായി ശിക്ഷിക്കേണ്ട കാര്യമില്ല. സമാധാനവും സ്‌നേഹവും പ്രചരിപ്പിച്ച ആളാണ് പ്രവാചകന്‍ എന്നും ഉത്തര്‍ പ്രദേശിലെ മുന്‍ മന്ത്രി കൂടിയായ ഖുറേഷി പറഞ്ഞു.
ഖുറേഷിയുടെ പ്രസ്താവന നിയമപരമായ പൊല്ലാപ്പുകള്‍ ക്ഷണിച്ചുവരുത്തും എന്നാണ് കരുതപ്പെടുന്നത്. പ്രസ്താവന സൂക്ഷ്മമായി പരിശോധിച്ച ശേഷം വേണ്ട നടപടിയെടുക്കുമെന്ന് ഉത്തര്‍ പ്രദേശ് എ ഡി ജി പി മുകുള്‍ ഗോയല്‍ പറഞ്ഞു. പാരീസിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രാജ്യത്തെ പ്രമുഖരായ നാല് കാര്‍ട്ടൂണിസ്റ്റുകളും പെടും.












Click it and Unblock the Notifications