യാദവ ബെല്‍റ്റ് തിരിച്ചുപിടിക്കാന്‍ അഖിലേഷ്; കര്‍ഹാല്‍ തിരഞ്ഞെടുത്തതിന് കാരണം ഇതാണ്
ലഖ്‌നൗ: ഒട്ടേറെ ലക്ഷ്യങ്ങളോടെയാണ് അഖിലേഷ് യാദവ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. യാദവരുടെ കോട്ടയായി അറിയപ്പെടുന്ന കര്‍ഹാല്‍ മണ്ഡലത്തിലാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് മല്‍സരിക്കുക. അഖിലേഷിന്റെ വീട്ടില്‍ നിന്ന് 15 മിനുട്ട് യാത്ര ചെയ്യേണ്ട ദൂരമേയുള്ളൂ കര്‍ഹാലിലേക്ക്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ യാദവ ഭൂരിപക്ഷ മേഖലകളിലേക്ക് ഇടിച്ചുകയറിയ ബിജെപിയെ ഇത്തവണ പിടിച്ചുകെട്ടുക എന്ന ലക്ഷ്യം കൂടിയുണ്ട് അഖിലേഷ് നേരിട്ട് കളത്തിലിറങ്ങുന്നതിന് പിന്നില്‍.
മുലായം സിങ് യാദവ് മൂന്ന് പതിറ്റാണ്ടോളം ലോക്‌സഭയിലേക്ക് തിരഞ്ഞെടുപ്പെട്ട മണ്ഡലമാണ് മെയിന്‍പുരി. ഈ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭാ മണ്ഡലമാണ് കര്‍ഹാല്‍. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് ഈ മണ്ഡലം എസ്പിയെ കൈവിട്ടിട്ടുള്ളത്. 2002ല്‍ മാത്രം ഇവിടെ ബിജെപി ജയിച്ചു. 2017ല്‍ ബിജെപി തരംഗം ആഞ്ഞടിച്ച വേളയിലും 38000 വോട്ടിന്റെ ഭൂരിപക്ഷം എസ്പിക്ക് നല്‍കിയ മണ്ഡലം കൂടിയാണ് കര്‍ഹാല്‍. അഖിലേഷിന് ഉറച്ച സീറ്റാണിത് എന്ന കാര്യത്തില്‍ ബിജെപി നേതാക്കള്‍ക്ക് പോലും തര്‍ക്കമില്ല. എന്നാല്‍ എസ്പിയുടെ നോട്ടം മറ്റൊന്നാണ്.

മേഖലയില്‍ നഷ്ടപ്പെടുന്ന പ്രതാപം തിരിച്ചുപിടിക്കുക എന്നതാണത് എസ്പി ലക്ഷ്യമിടുന്നത്. ഫിറോസാബാദ് മുതല്‍ കന്നൗജ് വരെയുള്ള എസ്പിയുടെ ശക്തി കേന്ദ്രങ്ങളില്‍ പലയിടത്തും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ അഖിലേഷ് കര്‍ഹാലില്‍ മല്‍സരിച്ചതില്‍ അതിന്റെ തരംഗം സമീപ മണ്ഡലങ്ങളിലെല്ലാം പ്രതിഫലിക്കുമെന്ന് എസ്പി കരുതുന്നു. ഫിറോസാബാദ്, ബദായൂന്‍, ഇറ്റാവ, കന്നൗജ് തുടങ്ങി യാദവ കോട്ടകളെല്ലാം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പിക്ക് നഷ്ടമായിരുന്നു. ബിഎസ്പിയുമായി സഖ്യം ചേര്‍ന്ന് മല്‍സരിച്ചിട്ടും എസ്പിക്ക് അന്ന് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.
ഫിറോസാബാദ് ജില്ലയില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട്. 2017ല്‍ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ മുഴുവന്‍ സീറ്റും നേടണമെന്ന് എസ്പി കണക്കുകൂട്ടുന്നു. മെയിന്‍പുരി ജില്ലയിലും ബിജെപി അന്ന് ഇളക്കം തട്ടിച്ചു. ഇത്തവണ യാദവ കോട്ട സുരക്ഷിതമാക്കിയാല്‍ കൂടുതല്‍ സീറ്റ് സ്വന്തമാക്കാമെന്ന് എസ്പി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് അഖിലേഷ് നേരിട്ട് മല്‍സരിക്കുന്നത്.
അതേസമയം, അഖിലേഷിന് പണി കൊടുക്കാന്‍ ബിജെപിയും അസ്ത്രങ്ങള്‍ ഒരുക്കുകയാണ്. ഫിറോസാബാദില്‍ അഖിലേഷിന്റെ അമ്മാവന്‍ ഹരി ഓം യാദിവിനെ കളത്തിലിറക്കാനാണ് ബിജെപിയുടെ തീരുമാനം. കൂടാതെ കന്നൗജില്‍ മുന്‍ ഐപിഎസ് ഓഫീസറും ദൡത് മുഖവുമായ അസിം അരുണിനെയാണ് ബിജെപി മല്‍സരിപ്പിക്കുന്നത്. അതിനിടെ, മജ്‌ലിസ് പാര്‍ട്ടി നേതാവ് ഉവൈസി പുതിയ സഖ്യം പ്രഖ്യാപിച്ചു. അഖിലേഷിനൊപ്പം ചേര്‍ക്കില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് പുതിയ സഖ്യം അദ്ദേഹം രൂപീകരിച്ചത്.












Click it and Unblock the Notifications