തീവ്രവാദികളെല്ലാം ഒരേ സമുദായക്കാര്‍: ബിജെപി നേതാവ്
ബൊക്കാറോ: നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്തവരെ പാകിസ്താനിലേക്ക് അയക്കണമെന്ന് പ്രസംഗിച്ച് വിവാദത്തിലായ ബി ജെ പി നേതാവ് ഗിരിരാജ് സിംഗ് വീണ്ടും രംഗത്ത്. തീവ്രവാദികളെല്ലാം ഒരേ സമുദായത്തില്‍ നിന്നും ഉള്ളവരാണ് എന്ന് പറഞ്ഞാണ് ഗിരിരാജ് വീണ്ടും മാധ്യമ ശ്രദ്ധയിലെത്തിയത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ഇയാളുടെ പേരില്‍ കേസ് നിലവിലുണ്ട്.
ഒരു സമുദായത്തിലെ എല്ലാവരും തീവ്രവാദികളാണ് എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ തീവ്രവാദ കേസില്‍ പിടിക്കപ്പെടുന്ന എല്ലാവരും ഒരേ സമുദായത്തില്‍ നിന്നും ആകുന്നത് എന്ത് കൊണ്ടാണ്. മതേതര പാര്‍ട്ടികള്‍ക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്- ഗിരിരാജ് സിംഗ് ചോദിച്ചു. മുസ്ലിം സമുദായത്തെ ഉദ്ദേശിച്ചാണ് സിംഗിന്റെ പ്രസ്താവന എന്നാണ് ആരോപണം.

കാശ്മീരികള്‍ക്ക് രാജ്യത്ത് എവിടെയും ഭൂമി വാങ്ങിക്കാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് കാശ്മീരില്‍ ഭൂമി വാങ്ങിക്കാന്‍ പറ്റില്ല. ആര്‍ട്ടിക്കിള്‍ 370 മാറ്റം വരുത്തേണ്ട സമയമായി. ആര്‍ട്ടിക്കിള്‍ 370 വേണോ എന്ന് ഇന്ത്യന്‍ ജനത തീരുമാനിക്കണം - സിംഗ് പറഞ്ഞു. നേരത്തെ മോദിക്ക് വോട്ടുചെയ്യാത്തവര്‍ പാകിസ്താനിലേക്ക് പോകണം എന്ന് പ്രസംഗിച്ച സിംഗിനെതിരെ ബൊക്കാറോ പോലീസ് കേസെടുത്തിരുന്നു.
ജാര്‍ഖണ്ഡിലെ ദിയോഘറിലായിരുന്നു സിംഗ് ഈ പ്രസംഗം നടത്തിയത്. ഏപ്രില്‍ 19 ന് നടത്തിയ ഈ പ്രസംഗത്തെ തുടര്‍ന്ന് ദിയോഘര്‍, ബൊക്കാറോ, പട്‌ന എന്നിവിടങ്ങളില്‍ സിംഗിനെതിരെ പോലീസ് കേസെടുത്തു. പോലീസില്‍ കീഴടങ്ങിയ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ബീഹാറിലെ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ അംഗമായിരുന്നു ഗിരിരാജ് സിംഗ്.












Click it and Unblock the Notifications