എന്തുകൊണ്ട് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയില്ല?യുപി സർക്കാരിനെതിരെ സുപ്രീം കോടതി
ദില്ലി; ലഖിംപൂർ ഖേരി അക്രമക്കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാത്തതിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ സുപ്രീം കോടതി. പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് ജാമ്യം റദ്ദാക്കാതിരുന്നതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി യുപി സർക്കാരിനെതിരെ രംഗത്തെത്തിയത്.
ജാമ്യം റദ്ദാക്കണമെന്ന് ശുപാർശ ചെയ്ത് എസ്ഐടി ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. പ്രത്യേക മേൽനോട്ട സമിതി ജഡ്ജിയും തന്റെ കത്തിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് ജാമ്യം റദ്ദാക്കാതിരുന്നതെന്ന് കോടതി ചോദിച്ചു.

ഇതിന് തനിക്ക് ഇത് സംബന്ധിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നു യുപി സർക്കാരിന്റെ അഭിഭാഷകൻ മഹേഷ് ജത്മലാനി പ്രതികരിച്ചത്. താനോ സ്റ്റാന്റിംഗ് കൗൺസിലോ ഇത്തരം ഒരു റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് പറഞ്ഞ അഭിഭാഷകൻ ഉടൻ ത്നനെ യുപി ചീഫ് സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് എസ്ഐടിയുടേ ജഡ്ജിയുടോ കത്ത് ചീ് സെക്രട്ടറിക്ക് ലഭിച്ചിട്ടില്ലെന്ന് കോടതിയെ അറിയിച്ചു.
അതേസമയം ആശിഷ് മിശ്രയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയിൽ വാദിച്ചു. ആശിഷ് മിശ്രയുടെ പിതാവായ കേന്ദ്ര മന്ത്രി അജയ് മിശ്ര സമൂഹത്തിൽ വളരെ സ്വാധീനമുള്ള വ്യക്തിയാണെന്നും ദവെ കോടതിയിൽ ചൂണ്ടിക്കാട്ടി.
ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ അപ്പീൽ സമർപ്പിക്കണമോ എന്ന കാര്യം അധികൃതരുടെ പരിഗണനയിലാണെന്നാണ് യുപി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കേസിലെ സാക്ഷിക്കെതിരെ ചിലർ സംഘം ചേർന്ന് ആക്രമണം നടത്തിയെന്ന ആരോപണത്തേയും സർക്കാർ തള്ളിയിരുന്നു. കേസിലെ സാക്ഷിക്കെതിരെയുള്ള അക്രമം ഹോളി ആഘോഷത്തിനിടെയുള്ള തർക്കവുമായി ബന്ധപ്പെട്ടാണെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്.
ഫെബ്രുവരി 15 നായിരുന്നു കേസിൽ ആജയ് മിശ്ര ജയിൽ മോചിതനായത്.കീഴ്‌ക്കോടതികള്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. മൂന്ന് ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യത്തിലാണ് ആശിഷ് മിശ്രക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ 129 ദിവസമായിരുന്നു ആശിഷ് ജയിലിൽ കിടന്നത്.
കുറ്റകൃത്യത്തിന്റെ ഹീനമായ സ്വഭാവം പരിഗണിക്കാതെയാണ് പ്രതിക്ക് ജാമ്യം നൽകിയതെന്നാണ് കർഷകരുടെ കുടുംബങ്ങൾ ഹൈക്കോടതിയെ അറിയിച്ചത്. കുറ്റപത്രത്തിൽ പ്രതിക്കെതിരായ ശക്തമായ തെളിവുകൾ, പ്രതിയുടെ സമൂഹത്തിലെ പദവി, പ്രതി വീണ്ടും കുറ്റം ചെയ്യാനുള്ള സാധ്യത, സാക്ഷികളെ കൈയേറ്റം ചെയ്യാനും സ്വാധീനിക്കാനുമുള്ള സാധ്യത, ഇതൊന്നും പരിഗണിക്കപ്പെട്ടില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications