മണിപ്പൂരിലെ മിന്നും പ്രകടനം; ബിജെപി വിജയത്തെ തുണച്ചത് ഇതാണ്
ദില്ലി; മണിപ്പൂരിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എക്സിറ്റ് പോൾ ഫലങ്ങളെല്ലാം പ്രവചിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ എക്സിറ്റ് പോളുകൾ ശരിവെക്കുന്ന തരത്തിലായിരുന്നു ഫലങ്ങളെങ്കിലും പിന്നീട് സംസ്ഥാനത്ത് ബി ജെ പി വ്യക്തമായ ആധിപത്യം നേടുകയായിരുന്നു. 32 ഓളം സീറ്റുകളിലാണ് ബി ജെ പി സംസ്ഥാനത്ത് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 15 വർഷത്തോളം തുടർച്ചയായി ഭരിച്ച സംസ്ഥാനത്ത് ബി ജെ പിയുടെ മിന്നും പ്രകടനത്തിന് വഴിവെച്ച ഘടകങ്ങൾ എന്താകാം? പരിശോധിക്കാം

ദുർബലമായ പ്രതിപക്ഷം: 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. അന്ന് 27 എം എൽ എമാരായിരുന്നു പാർട്ടിക്ക് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോൺഗ്രസ് എം എൽ എമാരുടെ എണ്ണം 13 ലേക്ക് എത്തി. പല നേതാക്കളും കോൺഗ്രസ് വിട്ട് ബി ജെ പി ഉൾപ്പെടെയുള്ള പാർട്ടികളിലേക്ക് ചേക്കേറി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദാസ് കോന്തൗജം സിംഗ്, ഉപാധ്യക്ഷൻ ചാൽതോൻലീൻ ആമു തുടങ്ങിയവരെല്ലാം ബി ജെ പി ക്യാമ്പിലെത്തിയിരരുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയായിരുന്ന ഒക്രോം ഇബോബി സിംഗ് പോലും തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല. കള്ളപണം വെളുപ്പിക്കൽ ആരോപിച്ച് ഇബോബിക്കും കുടുംബാംഗങ്ങൾക്കും മേൽ വട്ടമിട്ട് പറക്കുകയായിരുന്നു ഇഡി. ഈ സാഹചര്യത്തിലായിരുന്നു ഇബോബി സജീവ പ്രവർത്തനത്തിന് ഇറങ്ങാതിരുന്നത്.

ശക്തമായ പ്രചരണ വിഷയം ഇല്ല; ഇന്നർ പെർമിറ്റ് ലൈൻ, ആദിവാസ വിരുദ്ധ ബില്ലുകൾ കൊണ്ടുവരാനുള്ള സർക്കാർ നീക്കം, മലയോര ജില്ലകളിൽ പുതിയ ഏഴ് ജില്ലകളിൽ രൂപീകരിക്കാനുള്ള സർക്കാർ നീക്കം, തുടങ്ങിയ വിഷയങ്ങളായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിൽ ആയുധമാക്കിയത്. എന്നാൽ ഇക്കുറി അത്തരത്തിലൊരു വിഷയവും ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് സാധിച്ചില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ മണിപ്പൂരിൽ അഫ്സ്പ പിൻവലിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം. കോൺഗ്രസ് ഭരിച്ചപ്പോൾ ഇംഫാൽ ഉൾപ്പെടെ ഏഴ് മണ്ഡലങ്ങളിൽ അഫ്സ്പ റദ്ദാക്കിയിരുന്നുവെന്നും പ്രചാരണത്തിൽ കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലും മറികടന്ന് കൊണ്ടായിരുന്നു ബി ജെ പിയുടെ തേരോട്ടം.

ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല: ബന്ദുകളും ഉപരോധങ്ങളും ജുഡീഷ്യൽ കൊലപാതകങ്ങളും കുത്തനെ വർധിച്ച ഒക്രം ഇബോബി സിങ്ങിന്റെ കീഴിലുള്ള പ്രക്ഷുബ്ധമായ കോൺഗ്രസ് ഭരണത്തിന് വിപരീതമായി കഴിഞ്ഞ അഞ്ച് വർഷമായി മണിപ്പൂർ സമാധാനപരമായിരുന്നു.അക്രമാസക്തമായ പ്രതിഷേധങ്ങളോ കല്ലേറുകളോ കണ്ണീർ വാതക പ്രയോഗങ്ങളോ കർഫ്യൂകളോ ഉണ്ടായിട്ടില്ല.ഇത് ഉയർത്തിയായിരുന്നു ബി ജെ പി പ്രചരണം നടത്തിയത്. അഞ്ച് വർഷം മുമ്പ് വരെ ബന്ദും ഉപരോധവും മയക്കുമരുന്നും തീവ്രവാദവും നിലനിന്നിരുന്ന സംസ്ഥാനമായിരുന്നു മണിപ്പൂർ. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം എല്ലാത്തിനേയും നിയന്ത്രിച്ച് വികസനത്തിന്റെ പുതിയ പ്രതീക്ഷകൾക്ക് ബി ജെ പി സർക്കാർ തുടക്കമിട്ടെന്നായിരുന്നു മണിപ്പൂരിൽ പ്രചരണത്തിനിടെ അമിത് ഷാ പറഞ്ഞത്.
സംസ്ഥാനത്തെ ജനങ്ങൾക്ക് അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി പോലും സമരം ചെയ്യേണ്ടി വന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബി ജെ പി ബന്ദ് അവസാനിപ്പിച്ചു. തീവ്രവാദത്തെ നിയന്ത്രിക്കുകയും വികസനത്തിന്റെ പുതിയ പ്രതീക്ഷകൾക്ക് തുടക്കമിടുകയും ചെയ്തുവന്നും അമിത് ഷാ പറഞ്ഞിരുന്നു.

കേന്ദ്രത്തിൽ ബി ജെ പി; വടക്കുകിഴക്കൻ മേഖലയിലെ മറ്റ് ചെറിയ സംസ്ഥാനങ്ങളെപ്പോലെ മണിപ്പൂരും കേന്ദ്രത്തിൽ അധികാരത്തിലുള്ള പാർട്ടിക്ക് വോട്ട് ചെയ്യാനുള്ള പ്രവണതയാണ് പ്രകടിപ്പിച്ചത്. ബി ജെ പിയെ പിന്തുണച്ചാൽ കേന്ദ്രഫണ്ടുകളും വികസനവും എളുപ്പം സാധ്യമാകുമെന്നും ജനങ്ങൾ വിശ്വസിച്ചു.












Click it and Unblock the Notifications